ആര്‍ബിഐ പണപ്പെരുപ്പ നിഗമനം കുറച്ചു, 5.2%

  • അന്താരാഷ്ട്ര വിപണികളിലെ അനിശ്ചിതത്വങ്ങള്‍ വെല്ലുവിളി
  • നടപ്പു പാദത്തില്‍ പ്രതീക്ഷിക്കുന്നത് ശരാശരി 5.1% പണപ്പെരുപ്പം

Update: 2023-04-06 09:15 GMT

നടപ്പുസാമ്പത്തിക വര്‍ഷത്തെ ചെറുകിട പണപ്പെരുപ്പം സംബന്ധിച്ച നിഗമനം റിസര്‍വ് ബാങ്ക് 5.2 ശതമാനമാക്കി കുറച്ചു. എന്നാല്‍ പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങള്‍, അന്താരാഷ്ട്ര സാമ്പത്തിക വിപണികളിലെ അനിശ്ചിതത്വങ്ങള്‍ തുടങ്ങിയവ ഭാവി വെല്ലുവിളികളായി മുന്നിലുണ്ടെന്നും കേന്ദ്ര ബാങ്ക് ചൂണ്ടിക്കാണിക്കുന്നു.

ഫെബ്രുവരിയില്‍ നടന്ന ധനനയ അവലോകന യോഗത്തില്‍ 5.3 ശതമാനം പണപ്പെരുപ്പമാണ് പ്രവചിച്ചിരുന്നത്. പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളെ മുന്‍നിര്‍ത്തി, റിപ്പൊ നിരക്ക് വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷകള്‍ക്കു വിരുദ്ധമായി 6.5 ശതമാനമെന്ന നിലവിലെ നിരക്ക് തുടരുന്നതിനുള്ള പ്രഖ്യാപനമാണ് ഇന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നടത്തിയത്.

മൊത്തത്തിലുള്ള വീക്ഷണം പെട്ടെന്ന് ഉരുത്തിരിയുന്ന തരത്തിലാണ് ഉള്ളതെന്നും ക്രൂഡ് ഓയില്‍ വിലയില്‍ ഇപ്പോഴുണ്ടായ വര്‍ധന എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങള്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചതുമൂലം ഉണ്ടായതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മാര്‍ച്ച് 31ന് അവസാനിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി വാര്‍ഷിക ചെറുകിട പണപ്പെരുപ്പം 6.5 ശതമാനമായിരിക്കും എന്നായിരുന്നു ആര്‍ബിഐ-യുടെ നിഗമനം.

നിലവിലെ ജൂണ്‍ പാദത്തില്‍ ശരാശരി 5.1 ശതമാനം പണപ്പെരുപ്പമാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ പാദത്തിലും ഡിസംബര്‍ പാദത്തിലും ഇത് 5.4 ആയിരിക്കുമെന്നും അതിനു ശേഷം 2024 മാര്‍ച്ച് പാദത്തില്‍ 5.2 ശതമാനത്തിലേക്ക് താഴുമെന്നും വിലയിരുത്തുന്നു.

Tags:    

Similar News