ഇന്ത്യയുടെ പാമോയില്‍ ഇറക്കുമതി ഇടിയുന്നു

  • ഉപഭോക്താക്കള്‍ സോയ, സൂര്യകാന്തി എണ്ണകളിലേക്ക് തിരിയുന്നു
  • ഇന്ത്യയിലുണ്ടായ ഇടിവ് പാമോയില്‍ വില കുറയ്ക്കും
  • വിലയിലെ മത്സരക്ഷമത കുറഞ്ഞത് പാമോയിലിന് തിരിച്ചടിയായി

Update: 2023-05-27 16:44 GMT

മെയ്മാസത്തിലെ ഇന്ത്യയുടെ പാമോയില്‍ ഇറക്കുമതി 27 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന് ഡീലര്‍മാരും കാര്‍ഗോ സര്‍വേയര്‍മാരും പറയുന്നു. ഇന്ത്യയിലെ ഉപഭോക്താക്കള്‍ കൂടുതലും പാമോയില്‍ ഒഴിവാക്കി പകരം സോയ, സൂര്യകാന്തി എണ്ണകളിലേക്ക് നീങ്ങിയതിനാലാണ് ഇത് സംഭവിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡീലര്‍മാരും ഇതിനായി ഉപഭോക്താക്കളെ പ്രേരിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയുടെ പാമോയില്‍ ഇറക്കുമതിയിലെ ഈ ഇടിവ് പാമോയില്‍ വില കുറയ്ക്കും.

രണ്ട് വലിയ ആഗോള ഉത്പാദകരായ മലേഷ്യയും ഇന്തോനേഷ്യയും മറ്റ് ഭക്ഷ്യ എണ്ണകളില്‍ നിന്ന് വിപണി വിഹിതം വീണ്ടെടുക്കുന്നതിനായി പുതിയ നടപടികള്‍ പ്രഖ്യാപിച്ചേക്കും.

ഡീലര്‍മാരുടെയും ചരക്കുകളുടെയും ശരാശരി കണക്കുകള്‍ പ്രകാരം മെയ് ആദ്യ ഇരുപത് ദിവസങ്ങളില്‍ ഏകദേശം 261,000 ടണ്‍ പാമോയില്‍ വിവിധ ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ബാക്കിയുള്ള 11 ദിവസങ്ങളില്‍ 150,000 ടണ്‍ കൂടി ഡിസ്ചാര്‍ജ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ട്രേഡ് ബോഡി സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ)യുടെ കണക്കനുസരിച്ച് 2022-23 വിപണന വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ ഇന്ത്യയുടെ ശരാശരി പ്രതിമാസ പാമോയില്‍ ഇറക്കുമതി 818,203 ടണ്‍ ആയിരുന്നു.

'സൂര്യകാന്തി എണ്ണയുടെ വില മത്സരക്ഷമത കാരണം രാജ്യത്തിന്റെ പല ഭാഗങ്ങളിലും പാമോയിലിന് പകരം സൂര്യകാന്തി എണ്ണ വന്നു,' ജിജിഎന്‍ റിസര്‍ച്ചിന്റെ മാനേജിംഗ് പാര്‍ട്ണര്‍ രാജേഷ് പട്ടേല്‍ പറഞ്ഞു.

ഏപ്രിലില്‍, ആദ്യമായി വലിയ അളവിലുള്ള പാമോയില്‍ വാങ്ങലുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. മെയ് ഇറക്കുമതി 700,000 ടണ്ണായി കുറയുമെന്ന് ഈ വ്യവസായ മേഖല പ്രതീക്ഷിച്ചിരുന്നു. കുറഞ്ഞ വിലയും വേഗത്തിലുള്ള ഷിപ്പിംഗ് സമയവും കാരണം ജനം പരമ്പരാഗതമായി പാമോയിലിനെ ആശ്രയിക്കുക ആയിരുന്നു.

എന്നാല്‍ പാമോയില്‍ ക്രമേണ പ്രീമിയം ആയി ഉയര്‍ന്നു. അതേ സമയം സോഫ്റ്റ് ഓയിലിന്റെ വില കുറയുകയും ചെയ്തു.

ഇന്തോനേഷ്യയില്‍ നിന്നും മലേഷ്യയില്‍ നിന്നുമുള്ള ഉല്‍പ്പാദനം അമിതമായ മഴ കാരണം ഈ വര്‍ഷം കുറഞ്ഞതും പ്രതിസന്ധി തീര്‍ത്തു.

ഇന്ത്യയുടെ സസ്യ എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും പരമ്പരാഗതമായി പാമോയില്‍ കൈയ്യടക്കിയിരുന്നു. എന്നാല്‍ മെയ്മാസത്തില്‍ അതിന്റെ വിഹിതം ഏകദേശം 40ശതമാനം ആയി കുറഞ്ഞുവെന്ന് ന്യൂഡെല്‍ഹി ആസ്ഥാനമായുള്ള ആഗോള വ്യാപാര സ്ഥാപനത്തിലെ ഡീലര്‍മാര്‍ പറഞ്ഞു.

ഡീലര്‍മാരുടെ ശരാശരി കണക്ക് പ്രകാരം മെയ് മാസത്തിലെ സൂര്യകാന്തി ഓയില്‍ ഇറക്കുമതി ഒരു മാസം മുമ്പുള്ളതില്‍ നിന്ന് 28ശതമാനം വര്‍ധിക്കും. സോയോയില്‍ ഇറക്കുമതി 16ശതമാനം മുതല്‍ മുകളിലേക്ക് ഉയരും.

ഇന്ത്യ പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് പാമോയില്‍ വാങ്ങുന്നത്. അര്‍ജന്റീന, ബ്രസീല്‍, റഷ്യ, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്ന് സോയ ഓയിലും സൂര്യകാന്തി എണ്ണയും ഇറക്കുമതി ചെയ്യുന്നു. വാങ്ങുന്നവരെ ആകര്‍ഷിക്കുന്നതിനായി പാമോയില്‍ വില വരും മാസങ്ങളില്‍ സോഫ്റ്റ് ഓയിലുകളേക്കാള്‍ കുറയുമെന്നാണ് കരുതുന്നത്.



Tags:    

Similar News