ഇന്ത്യയ്ക്ക് ശുഭപ്രതീക്ഷയുമായി ഐഎംഎഫ് പ്രവചനം; ആഗോള വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കും
- ആഗോളതലത്തില്‍ പണപ്പെരുപ്പം ശക്തമായി തുടരുന്നതിനാല്‍ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ജാഗ്രത പാലിക്കണമെന്നും ഐഎംഎഫ്.
മുംബൈ: ആഗോളതലത്തില്‍ മാന്ദ്യഭീഷണി നിലനില്‍ക്കുന്ന അവസരത്തില്‍ ഇന്ത്യയ്ക്ക് ആശ്വാസകരമായ പ്രവചനവുമായി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). അടുത്ത വര്‍ഷം ആഗോളതലത്തിലുള്ള വളര്‍ച്ചയുടെ 50 ശതമാനത്തിലധിവും സംഭാവന ചെയ്യുന്നത് ചൈനയും ഇന്ത്യയുമാകുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. 25 ശതമാനമാകും മറ്റ് രാജ്യങ്ങളുടെ സംഭാവനയെന്നും ഐഎംഎഫ് ഇറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏഷ്യയാകും ആഗോളവളര്‍ച്ചയുടെ പ്രധാന ചാലക ശക്തിയായി നിലകൊള്ളുക എന്നും റിപ്പോര്‍ട്ടിലുണ്ട്. അന്താരാഷ്ട്ര വിതരണ ശൃംഖലയില്‍ നിലനിന്നിരുന്ന തടസങ്ങള്‍ ഭൂരിഭാഗവും കുറഞ്ഞത് ഇരു രാജ്യങ്ങള്‍ക്കും നേട്ടമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കോവിഡ് വ്യാപനത്തിന് മുന്‍പ് നിലനിന്നിരുന്ന വളര്‍ച്ചയിലേക്ക് തായ്ലാന്‍ഡ്, വിയറ്റ്നാം, മലേഷ്യ, കംബോഡിയ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ എത്തിയെന്നും ഐഎംഎഫിലെ വിദഗ്ധര്‍ വിലയിരുത്തുന്നു. 2024 ആകുന്നതോടെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന പണപ്പെരുപ്പം ശമിക്കുമെന്നാണ് കരുതുന്നത്.
എന്നാല്‍ ആഗോളതലത്തില്‍ പണപ്പെരുപ്പം ശക്തമായി തുടരുന്നതിനാല്‍ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ജാഗ്രത പാലിക്കണമെന്നും അടച്ചിടലില്‍നിന്ന് ചൈന വിമുക്തമാകുന്നതോടെ ഉയര്‍ന്ന ഡിമാന്‍ഡ് കാരണം പണപ്പെരുപ്പം വീണ്ടും ഉയര്‍ന്നേക്കാമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ പണപ്പെരുപ്പം 2022 ലെ 6.8 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയുമെന്ന് ഇക്കഴിഞ്ഞ ജനുവരി ഒന്നിന് അന്താരാഷ്ട്ര നാണയ നിധി റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ആഗോള തലത്തില്‍ പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ പണപ്പെരുപ്പം 2023 ല്‍ 5 ശതമാനമായി കുറയുമെന്നും 2024 ആവുമ്പോഴേക്ക് ഇത് 4 ശതമാനത്തിലെത്തുമെന്നും ഐഎംഎഫിന്റെ റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഡിവിഷന്‍ ചീഫ് ഡാനിയല്‍ ലീ മാധ്യമങ്ങളോട് പറഞ്ഞു.
ലോകത്തെ 84 ശതമാനം രാജ്യങ്ങളിലും 2023ല്‍ ഉപഭോക്തൃ വില സൂചിക (സിപിഐ) 2022 ല്‍ ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് ആഗോള സമ്പദ് വ്യവസ്ഥയെ അടിസ്ഥാനമാക്കി ഐഎംഎഫ് തയാറാക്കിയ 'വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക്' റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഗോള പണപ്പെരുപ്പം, ഈ വര്‍ഷം 2022 ല്‍ ഉണ്ടായിരുന്ന 8.8 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമായി കുറയും. 2024 ഇല്‍ 4.3 ശതമാനത്തിലെത്തുമെന്നും കണക്കാക്കുന്നു. പാന്‍ഡെമിക്കിന് മുന്‍പുള്ള 2017 -19 കാലഘട്ടത്തില്‍ 3.5 ശതമാനമായിരുന്നു.
ആഗോള ഡിമാന്‍ഡ് കുറയുന്നതിനാല്‍ അന്താരാഷ്ട്രതലത്തില്‍ ഇന്ധനത്തിന്റെയും, ഇന്ധനേതര ഉത്പന്നങ്ങളുടെയും വില കുറയാനുള്ള സാധ്യത കണക്കിലെടുത്താണ് പണപ്പെരുപ്പം കുറയുമെന്ന അനുമാനത്തെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതോടൊപ്പം പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ബാങ്കുകള്‍ സ്വീകരിച്ചിട്ടുള്ള കര്‍ശന പണനയ നടപടികളിലും അയവ് വരുത്തും. വാര്‍ഷികാടിസ്ഥാനത്തില്‍, 2022 ലെ നാലാം പാദത്തിലുള്ള 6.9 ശതമാനത്തില്‍ നിന്ന് 4.5 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.