പണപ്പെരുപ്പം കുറഞ്ഞാല്‍, വായ്പ വളര്‍ച്ച കൂടും; ഇക്കണോമിക്ക് സര്‍വേ
- 2022 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ എംഎസ്എംഇ മേഖലയിലെ വായ്പ വളര്‍ച്ച 31 ശതമാനമായിരുന്നു.
ഡെല്‍ഹി: എംഎസ്എംഇ മേഖലയിലെ വായ്പ വളര്‍ച്ച 2023-24 വര്‍ഷത്തില്‍ ഉയരുമെന്ന് സാമ്പത്തിക സര്‍വേ. പണപ്പെരുപ്പത്തിലുണ്ടാകുന്ന കുറവും, വായ്പ ചെലവ് കുറഞ്ഞിരിക്കുന്നതുമാണ് ഇതിനു കാരണം. 2022 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ എംഎസ്എംഇ മേഖലയിലെ വായ്പ വളര്‍ച്ച 31 ശതമാനമായിരുന്നു. 2022 ജനുവരി-മാര്‍ച്ച് പാദം മുതല്‍ വായ്പയുടെ വാര്‍ഷികാടിസ്ഥാനത്തിലുള്ള വളര്‍ച്ച ഇരട്ട അക്കത്തിലേക്ക് നീങ്ങുകയും, മിക്ക മേഖലകളിലെയും ഡിമാന്‍ഡ് ഉയരുകയും ചെയ്തുവെന്നും സര്‍വേ പറയുന്നു.
പൊതുമേഖല ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. അതിനൊപ്പം കൃത്യമായ ഇടവേളകളില്‍ ലാഭം ബുക്ക് ചെയ്യുകയും ചെയ്തു. നിഷ്‌ക്രിയ ആസ്തികളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യ (ഐബിബിഐ) വേഗത്തിലാക്കുകയും ചെയ്യുന്നുണ്ട്. പൊതുമേഖലാ ബാങ്കുകളില്‍ മികച്ച മൂലധനം ഉറപ്പാക്കാന്‍ ആവശ്യമായ പിന്തുണ ബജറ്റിലും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ കാപിറ്റല്‍ റിസ്‌ക് വെയ്റ്റഡ് അഡ്ജസ്റ്റഡ് റേഷ്യോ (സിആര്‍എആര്‍) മികച്ച രീതിയിലാണെന്ന് ഉറപ്പാക്കിക്കൊണ്ടാണ് ഈ പിന്തുണ.
കോര്‍പ്പറേറ്റ്, ബാങ്കിംഗ് മേഖലകളുടെ ബാലന്‍സ് ഷീറ്റുകള്‍ ശക്തിപ്പെടുന്നതോടെ ഇന്ത്യയില്‍ ശക്തമായ വായ്പാ വിതരണവും, മൂലധന നിക്ഷേപവുമാണ് പ്രതീക്ഷിക്കുന്നത്. ഇത് സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുമെന്നും സര്‍വേ വ്യക്തമാക്കുന്നു.