ഡിസംബർ പാദത്തിൽ സാമ്പത്തിക വളർച്ച 4.6 ശതമാനമാകുമെന്ന് എസ്ബിഐ വിദഗ്ധർ
- മുൻപാദങ്ങളിൽ മികച്ചതായി നിന്നിരുന്ന 30 ഓളം ഘടകങ്ങൾ ഈ പാദത്തിൽ അത്ര മുന്നേറ്റമുണ്ടാക്കിയില്ല എന്നാണ് പഠനത്തിലെ കണ്ടെത്തൽ.
- ധനകാര്യ സേവന കമ്പനികൾ ഒഴിച്ച്, 3,000 ത്തിലധികം കമ്പനികളുടെ ത്രൈമാസ ഫലങ്ങൾ കോർപറേറ്റ് മാർജിൻ സമ്മർദത്തിലാണെന്നാണ് സൂചിപ്പിക്കുന്നത്
ഡിസംബർ പാദത്തിൽ രാജ്യത്തിൻറെ ജിഡിപി വളർച്ച 4 .6 ശതമാനമായിരിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക വിദഗ്ധരുടെ റിപ്പോർട്ട്. മുൻപാദങ്ങളിൽ മികച്ചതായി നിന്നിരുന്ന 30 ഓളം ഘടകങ്ങൾ ഈ പാദത്തിൽ അത്ര മുന്നേറ്റമുണ്ടാക്കിയില്ല എന്നാണ് പഠനത്തിലെ കണ്ടെത്തൽ. എങ്കിലും ഇത് ആർബിഐ കണക്കാക്കിയിട്ടുള്ള 4.4 ശതമാനത്തേക്കാൾ കൂടുതലാണ്.
കോർപറേറ്റുകളുടെ ദുർബലമായ ത്രൈമാസ ഫലങ്ങൾ, മൂന്നാം പാദത്തിലെ പ്രവർത്തന ലാഭത്തിൽ 9 ശതമാനത്തിന്റെ വളർച്ച മാത്രമേ രേഖപ്പെടുത്തുകയുള്ളു എന്നതും ഈ പ്രവചനത്തെ ബലപ്പെടുത്തുന്നു. മുൻ വർഷം സമാന കാലയളവിൽ 18 ശതമാനം ഉണ്ടായിരുന്നു.
അറ്റ വില്പനയിൽ 15 ശതമാനം ഉണ്ടെങ്കിൽ കൂടിയും, ബോട്ടം ലൈൻ 16 ശതമാനത്തിന്റെ കുറവാണു ഉണ്ടായിട്ടുള്ളതെന്ന് എസ്ബിഐയുടെ ചീഫ് ഇക്കണോമിക്ക് അഡ്വൈസർ സൗമ്യ കാന്തി ഘോഷ് പറഞ്ഞു. നടപ്പു സാമ്പത്തിക വർഷത്തിൽ, മുൻപ് കണക്കായിരുന്ന 6.8 ശതമാനത്തിൽ നിന്നും 7 ശതമാനത്തിന്റെ വളർച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫെബ്രുവരി 28 ന് 2020,2021, 2022 സാമ്പത്തിക വർഷങ്ങളിലെ ജിഡിപി കണക്കുകൾ സർക്കാർ ഉയർത്തുമെന്നാണ് വിദഗ്ദർ പ്രതീക്ഷിക്കുന്നത്. കൂടാതെ ഈ വർഷങ്ങളിലെ ത്രൈമാസ കണക്കുകളിലും, നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നും രണ്ടും പാദങ്ങളിലും ഈ വർധനവുണ്ടായേക്കും.
ധനകാര്യ സേവന കമ്പനികൾ ഒഴിച്ച്, 3,000 ത്തിലധികം കമ്പനികളുടെ ത്രൈമാസ ഫലങ്ങൾ കോർപറേറ്റ് മാർജിൻ സമ്മർദത്തിലാണെന്നാണ് സൂചിപ്പിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ലാഭത്തിലെ കുറവും സാരമായി ബാധിച്ചു.
കമ്പനികളുടെ മാർജിൻ കഴിഞ്ഞ വർഷം മൂന്നാം പാദത്തിലുണ്ടായിരുന്ന 15.3 ശതമാനത്തിൽ നിന്ന് 11.9 ശതമാനമായി കുറഞ്ഞു. ഇത് ഈ പാദത്തിലെ നിർമാണ വളർച്ചയിലും പ്രതിഫലിച്ചു.
അടുത്ത സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച 5.9 ശതമാനമാകുമെന്നാണ് ഇന്ത്യ റേറ്റിംഗ്‌സ് പ്രതീക്ഷിക്കുന്നത്.
സർക്കാർ വാഗ്ദാനം ചെയ്തിട്ടുള്ള സുസ്ഥിരമായ മൂലധനം , അധികാരപ്പെടുത്തിയ കോർപ്പറേറ്റുകൾ, അറ്റ നിഷ്ക്രിയ ആസ്തിയിലെ കുറവ്, ഉത്പാദനത്തെ അടിസ്ഥാനമാക്കിയുള്ള വിവിധ പദ്ധതികൾ, ആഗോളതലത്തിൽ ഉത്പന്നങ്ങളുടെ വിലയിലുണ്ടാകുന്ന കുറവ് മുതലായ ഘടകങ്ങൾ വളർച്ചക്ക് അനുകൂലമാണെങ്കിലും 6 ശതമാനത്തിനു മുകളിലേക്ക് ഉയരുന്നതിനു ഇവ സഹായകരമാവില്ലയെന്നും ഇന്ത്യ റേറ്റിംഗ്‌സ് വ്യക്തമാക്കുന്നു.
കയറ്റുമതിയിലുണ്ടാകുന്ന കുറവും ഇതിനു ഒരു കാരണമാണ്. ആഗോള മാന്ദ്യവും, കയറ്റുമതിക്ക് ആനുപാതികമായി ഇറക്കുമതിയിൽ വേണ്ടത്ര നടപടികൾ സ്വീകരിക്കാത്തതും ജിഡിപി വളർച്ചയെ ബാധിക്കുന്നു.
വ്യാവസായിക മേഖല അടുത്ത സാമ്പത്തിക വർഷത്തിൽ 4.1 ശതമാനത്തിൽ നിന്ന് 3.9 ശതമാനമായി കുറയുമെന്നാണ് വിദഗ്ദർ കണക്കാക്കുന്നത്. സേവന മേഖലയിൽ 7.3 വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം സമാന പാദത്തിൽ 9.1 ശതമാനമായിരുന്നു.