ഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി
- പണനയവും സാമ്പത്തിക നയവും സമ്പദ് വളര്‍ച്ചയെ പിന്തുണയ്ക്കുന്നു
- ബജറ്റ് രാജ്യത്തെ ഉപഭോഗം വര്‍ധിപ്പിക്കും
- മാക്രോ ഇക്കണോമിക് സ്ഥിരത നിലനിര്‍ത്തുക സര്‍ക്കാര്‍ ലക്ഷ്യം
ഇന്ത്യ പിന്തുടരുന്നത് സമ്പദ് വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുന്ന നയങ്ങള്‍. ബജറ്റ് പ്രഖ്യാപനങ്ങള്‍ ഈ വീക്ഷണവുമായി ഒത്തുപോവുന്നുവെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി.
നിലവില്‍ ഇന്ത്യയുടെ പണനയവും സാമ്പത്തിക നയവും സമ്പദ് വളര്‍ച്ചയെ പിന്തുണയ്ക്കുന്നവയാണ്. സമ്പദ് സ്ഥിതിയുടെ വീണ്ടെടുപ്പിന് സഹായിക്കുന്ന പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിലുണ്ടായതും. ആദായനികുതി വെട്ടികുറച്ചു. ഒപ്പം സര്‍ക്കാരിന്റെ മൂലധന ചെലവഴിക്കല്‍ ഉയര്‍ത്തി.
ജനങ്ങളുടെ കൈകളില്‍ പണം എത്തുന്നതിനും രാജ്യത്തെ ഉപഭോഗം ഉയര്‍ത്തുന്നതും ലക്ഷ്യമിട്ടാണ് ഈ പ്രഖ്യാപനങ്ങള്‍. നഗര-ഗ്രാമീണ ആവശ്യം ഉയരുമ്പോള്‍ അത് വ്യവസായ മേഖലയ്ക്ക് ഉത്തേജനമാവും. ആഭ്യന്തര ആവശ്യം ഉയര്‍ത്തുന്നതിനൊപ്പം മാക്രോ ഇക്കണോമിക് സ്ഥിരത നിലനിര്‍ത്തുകയും സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും മോര്‍ഗാന്‍ സ്റ്റാന്‍ലി പറയുന്നു.
പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സാമ്പത്തിക അച്ചടക്കത്തിലേക്ക് രാജ്യം പോവുന്നത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 4.4 ശതമാനമായി ധനകമ്മി ഏകീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനം ഇതാണ് ചൂണ്ടികാണിക്കുന്നത്. ധനകമ്മി ലക്ഷ്യം 4.5 ശതമാനമായിരിക്കും എന്നായിരുന്നു മോര്‍ഗാന്‍ സ്റ്റാന്‍ലിയുടെ പ്രവചനം.
ബജറ്റില്‍ സര്‍ക്കാര്‍ മൂലധന ചെലവിന് മുന്‍ഗണന നല്‍കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളും ദീര്‍ഘകാല സാമ്പത്തിക വികസനവും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കാണ് ഈ പണം വിനിയോഗിക്കുന്നത്. ഇതും സമ്പദ് വ്യവസ്ഥയുടെ തിരിച്ച് വരവിന് വഴിയൊരുക്കലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിച്ചു.