ചെറുകിട പണപ്പെരുപ്പം 15 മാസത്തെ താഴ്ന്ന നിലയിലെന്ന് സര്‍വെ റിപ്പോര്‍ട്ട്

  • രണ്ട് മാസത്തിനു ശേഷം റിസര്‍വ് ബാങ്ക് നിശ്ചയിച്ച പരിധിയില്‍
  • ഭക്ഷ്യ പണപ്പെരുപ്പത്തില്‍ തുടര്‍ച്ചയായ ഇടിവ്

Update: 2023-04-11 07:30 GMT

രാജ്യത്തെ ചെറുകിട വില്‍പ്പന വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മാര്‍ച്ചില്‍ 15 മാസത്തെ താഴ്ന്ന നിലയിലേക്കെത്തുമെന്ന് മണികണ്‍ട്രോള്‍ 15 സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ നടത്തിയ സര്‍വെയുടെ റിപ്പോര്‍ട്ട്. 5.7 ശതമാനമായിരിക്കും പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തുകയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മിന്റ് നടത്തിയ 20 സാമ്പത്തിക വിദഗ്ധരുടെ സര്‍വേയും ഇതേ നിരക്കാണ് പ്രവചിച്ചിട്ടുള്ളത്. നാളെയാണ് മാര്‍ച്ചിലെ റീട്ടെയില്‍ പണപ്പെരുപ്പം സംബന്ധിച്ച ഔദ്യോഗിക ഡാറ്റ പുറത്തുവരുന്നത്.

പണപ്പെരുപ്പ നിരക്ക് 2 ശതമാനത്തിനും 6 ശതമാനത്തിനും ഇടയില്‍ നിലനിര്‍ത്തുന്നതിനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യം നിശ്ചയിച്ചിട്ടുള്ളത്. രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് ചെറുകിട പണപ്പെരുപ്പം മാര്‍ച്ചില്‍ ഈ പരിധിക്കുള്ളിലേക്ക് എത്തുന്നത്. ഫെബ്രുവരിയില്‍ 6.44 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്. നിരവധി ഉല്‍പ്പന്ന വിഭാഗങ്ങളില്‍ വില നിലവാരം കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നു. ഗോതമ്പ്, ആട്ട എന്നിവയുടെ വിലയില്‍ കാര്യമായ കുറവുണ്ടായപ്പോള്‍ പാചക എണ്ണ, പച്ചക്കറി, മുട്ട എന്നിവയുടെ വിലയിലും ഇടിവ് പ്രകടമായി.

ഭക്ഷ്യോല്‍പ്പന്നങ്ങളുടെ പണപ്പെരുപ്പമാണ് റിട്ടെയില്‍ പണപ്പെരുപ്പത്തില്‍ 40 ശതമാനത്തോളം പങ്കുവഹിക്കുന്നത്. ഭക്ഷ്യ പണപ്പെരുപ്പം ജനുവരിയിലെ 6 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 5.95 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ നിഗമനം ഇക്കഴിഞ്ഞ ധനനയ അവലോകന യോഗത്തില്‍ ആര്‍ബിഐ വെട്ടിക്കുറച്ചിരുന്നു. 5.3 ശതമാനത്തില്‍ നിന്ന് 5.2 ശതമാനത്തിലേക്കാണ് നിഗമനം മാറ്റിയത്. റാബി വിളകളുടെ ഉല്‍പ്പാദനം റെക്കോഡ് തലത്തിലെത്തുമെന്ന പ്രതീക്ഷയാണ് ഇതിന് പ്രധാനമായും അവലംബമായത്. എന്നാല്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന വ്യതിയാനവും വെല്ലുവിളികളായി മുന്നിലുണ്ടെന്നും കേന്ദ്രബാങ്ക് ചൂണ്ടിക്കാണിക്കുന്നു.

Tags:    

Similar News