നിഷ്‌ക്രിയ ആസ്തി കുറയുന്നു, ബാങ്കിംഗ് മൂലധനം മെച്ചപ്പെട്ടു; ആര്‍ബിഐ റിപ്പോര്‍ട്ട്
വിപണിയിലെ നിരക്ക് വര്‍ധന മിതമായ രീതിയിലാണ് ഇപ്പോഴുള്ളതെന്നും നിക്ഷേപ താല്‍പര്യം വീണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മുംബൈ: പണപ്പെരുപ്പം നേരിയ തോതില്‍ ശമിക്കുന്നതുള്‍പ്പടെ സമ്പദ് വ്യവസ്ഥയ്ക്ക് ശുഭകരമായ ഘടകങ്ങള്‍ എടുത്തുകാട്ടി ആര്‍ബിഐ. നവംബറിലെ സ്റ്റേറ്റ് ഓഫ് ദി ഇക്കണോമി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിപണിയിലെ നിരക്ക് വര്‍ധന മിതമായ രീതിയിലാണ് ഇപ്പോഴുള്ളതെന്നും നിക്ഷേപ താല്‍പര്യം വീണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ സമ്പദ് വ്യവസ്ഥയിലെ സാമ്പത്തിക വീക്ഷണം പൂര്‍വസ്ഥിതി പ്രാപിക്കുന്നതിനാല്‍ പണപ്പെരുപ്പം കുറയുന്നുണ്ട്. നഗരങ്ങളിലെ ഡിമാന്‍ഡ് ഉയരുകയും, ഗ്രാമങ്ങളിലെ ഡിമാന്‍ഡ് കുറയുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അടുത്തിടെ ഐഎംഎഫ് ഇറക്കിയ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ട് ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് രണ്ട് കാര്യങ്ങളാണെന്ന് വ്യക്തമാക്കിയിരുന്നു. ഒന്ന് ക്രമം തെറ്റിയ രീതിയില്‍ കര്‍ശന ധനകാര്യ നിലപാടുകള്‍ സ്വീകരിക്കുന്നത്, രണ്ട് വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകളില്‍ കടം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍. കരുതല്‍ ധനശേഖരത്തിലെ കുറവ്, കറന്‍സി മൂല്യത്തിലുണ്ടാകുന്ന ഇടിവ്, മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് എന്നിവയെല്ലാം വികസ്വര രാജ്യങ്ങളെ സംബന്ധിച്ച് പ്രശ്നമാണ്.
എന്നാല്‍, ബാങ്കിംഗ് മേഖലയിലെ മൂലധനം മെച്ചപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മൂലധനാനുപാതം നഷ്ടസാധ്യതയുള്ള ആസ്തിയുടെ (റിസ്‌ക് വെയിറ്റഡ് അസറ്റ്‌സ്) 16 ശതമാനത്തിന് മുകളിലാണ്. നിഷ്‌ക്രിയ ആസ്തി അടക്കമുള്ള അടിയന്തര ആവശ്യങ്ങള്‍ക്കായി നീക്കി വെച്ചിരിക്കുന്ന തുക (പ്രൊവിഷന്‍ കവറേജ്) 70 ശതമാനത്തിനു മുകളിലാണ്. മൊത്ത നിഷ്‌ക്രിയ ആസ്തി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി മൊത്തം ആസ്തിയുടെ ഒരു ശതമാനമായി താഴ്ന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
ബാങ്കുകളിലെ പണത്തിന്റെ ലഭ്യത ഉയരുകയും ലാഭക്ഷമത വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ നിക്ഷേപ വളര്‍ച്ചയും ഉണ്ടായിട്ടുണ്ട്. ഇത് വായ്പ വളര്‍ച്ചയുമായുള്ള അന്തരം നികത്താന്‍ സഹായകമായി. പണപ്പെരുപ്പമാണ് പ്രധാന പ്രശ്നം. കാരണം കോര്‍പറേറ്റ് മേഖലയില്‍ നിന്നുള്ള വരുമാനത്തിന് തടസം സൃഷ്ടിക്കുന്നത് പണപ്പെരുപ്പമാണ്. ഈ മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ 2023 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയായപ്പോള്‍ വന്‍ ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പണപ്പെരുപ്പം ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ് പക്ഷേ, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിലാണ്. ഭക്ഷ്യ-ഊര്‍ജ്ജ വിലകളിലെ വര്‍ധനവും, കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളുമാണ് പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്നും ആര്‍ബിഐ റിപ്പോര്‍ട്ടിലുണ്ട്.