24.97 കോടി രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്ത് ടാറ്റ സ്റ്റാര്‍ബക്‌സ്
- ഇന്ത്യയില്‍, ടാറ്റ സ്റ്റാര്‍ബക്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് സ്റ്റാര്‍ബക്‌സ് കഫേകള്‍ നടത്തുന്നത്.
- പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1,086.89 കോടി രൂപ
- 2023 സാമ്പത്തിക വര്‍ഷത്തില്‍ പരസ്യ പ്രമോഷണല്‍ ചെലവുകള്‍ 34.05 കോടി രൂപ
ന്യൂഡല്‍ഹി: 2023 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ സ്റ്റാര്‍ബക്സിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് 24.97 കോടി രൂപയുടെ അറ്റനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ടോഫ്ലര്‍ വഴി ലഭിച്ച സാമ്പത്തിക വിവരങ്ങള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്.
അതേ കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1,086.89 കോടി രൂപയായിരുന്നു. 70 ശതമാനം വര്‍ധിച്ച് ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളില്‍ കൂടുതല്‍ കഫേകള്‍ കൂട്ടിച്ചേര്‍ക്കുകയും നെറ്റ്വര്‍ക്ക് വിപുലീകരിക്കുകയും ചെയ്തു.
ഇന്ത്യയില്‍, ടാറ്റ സ്റ്റാര്‍ബക്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് സ്റ്റാര്‍ബക്‌സ് കഫേകള്‍ നടത്തുന്നത്.
ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട് ലിമിറ്റഡും യുഎസിലെ സ്റ്റാര്‍ബക്‌സ് കോര്‍പ്പറേഷന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള എമറാള്‍ഡ് സിറ്റി സിവിയും തമ്മിലുള്ള 50:50 സംയുക്ത സംരംഭമാണിത്. ടാറ്റ സ്റ്റാര്‍ബക്സിന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 94.84 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 636.11 കോടി രൂപയുമായിരുന്നു.
2023 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ സ്റ്റാര്‍ബക്സിന്റെ പരസ്യ പ്രമോഷണല്‍ ചെലവുകള്‍ 84.45 ശതമാനം വര്‍ധിച്ച് 34.05 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ഇത് 18.46 കോടി രൂപയായിരുന്നു.
കൂടാതെ, 2023 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 76.83 കോടി രൂപ റോയല്‍റ്റിയും അടച്ചിട്ടുണ്ട്.
മുന്‍ സാമ്പത്തിക വര്‍ഷം ടാറ്റ സ്റ്റാര്‍ബക്‌സ് സ്റ്റോര്‍ ബേസ് വിപുലീകരിച്ചു. 2023 മാര്‍ച്ച് 31-ന് 71 പുതിയ സ്റ്റോറുകള്‍ കൂടി ഉള്‍പ്പെടുത്തി 333 സ്റ്റാര്‍ബക്‌സ് സ്റ്റോറുകള്‍ പ്രവര്‍ത്തിച്ചു വരികയാണ്.