എസ്ബിഐ അറ്റാദായം 8% ഉയർന്ന് 14,330 കോടി രൂപ

  • മൊത്തവരുമാനം 26.4 ശതമാനം വർധിച്ചു
  • അറ്റ പലിശ വരുമാനം 12.3 ശതമാനം ഉയർന്നു
  • നിഷ്ക്രിയ ആസ്തി അനുപാതം 2.55 ശതമാനമായി ബാങ്ക് രേഖപ്പെടുത്തി

Update: 2023-11-04 10:53 GMT

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ 2023 ലെ രണ്ടാം പാദത്തിൽ അറ്റാദായം 8 ശതമാനം ഉയർന്ന് 14,330 കോടി രൂപയായി. കഴിഞ്ഞ വര്ഷം ഇതേ കാലയളവിൽ ഇത് 13,264.5 കോടി രൂപ ആയിരുന്നു.  ഈ പാദത്തിലെ മൊത്തവരുമാനം 26.4 ശതമാനം വർധിച്ച് 1.12 ലക്ഷം കോടി രൂപയായി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റ പലിശ വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 12.3 ശതമാനം ഉയർന്ന് 39,500 കോടി രൂപയിലെത്തി. മറ്റ് വരുമാന സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം  21.6 ശതമാനം വർധിച്ച് 10,790 കോടി രൂപയായി. ഈ പാദത്തിൽ ബാങ്കിന്റെ പ്രവർത്തന ലാഭം 8.07 ശതമാനം ഇടിഞ്ഞ് 19,417 കോടി രൂപയായി. എസ്ബിഐയുടെ ആസ്തിയിൽ നിന്നുള്ള വരുമാനം (ആർഒഎ) 1.01 ശതമാനമായി ബാങ്ക് രേഖപ്പെടുത്തി. കിട്ടാക്കടം കഴിഞ്ഞ വർഷത്തെ  2,011 കോടി രൂപയിൽ നിന്ന് 1,815 കോടി രൂപയായി കുറഞ്ഞു.

സെപ്തംബർ അവസാനത്തെ കണക്കനുസരിച്ച് മൊത്ത നിഷ്ക്രിയ ആസ്തി അനുപാതം 2.55 ശതമാനമായി ബാങ്ക് രേഖപ്പെടുത്തി. മുൻ വർഷം ഇത് 3.52 ശതമാനമായിരുന്നു. കഴിഞ്ഞ പാദത്തിൽ 2.76 ശതമാനമായിരുന്നു. രണ്ടാം പാദം അവസാനം വരെയുള്ള കണക്കനുസരിച്ച് അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 0.64 ശതമാനമായി ബാങ്ക് രേഖപ്പെടുത്തി. ഒരു വർഷം മുമ്പ് ഇത് 0.80 ശതമാനമായിരുന്നു. മുൻ പാദത്തിൽ 0.71 ശതമാനവും.

കാർഷിക, കോർപ്പറേറ്റ് വായ്പകൾ യഥാക്രമം 15 ശതമാനവും 7 ശതമാനവുംവളർച്ച രേഖപ്പെടുത്തി. മൊത്തത്തിലുള്ള ബാങ്ക് നിക്ഷേപങ്ങൾമുൻ വർഷത്തെ അപേക്ഷിച്ച് 12 ശതമാനം വർദ്ധിച്ചു. അതിൽ കാസ നിക്ഷേപങ്ങൾ 5 ശതമാനം വർധിച്ചു.

നവംബർ 3-ന് എസ്ബിഐയുടെ ഓഹരികൾ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒരു ശതമാനം  ഉയർന്ന് 578.15 രൂപയിലാണ് ക്ലോസ് ചെയ്തത്.

Tags:    

Similar News