എക്കാലത്തേയും ഉയര്‍ന്ന മുന്നേറ്റവുമായി പുറവങ്കര
- 1947 കോടി രൂപ വില്‍പ്പന മൂല്യം സ്വന്തമാക്കി പുറവങ്കര
- പുതിയ ഭൂമി ഏറ്റെടുക്കലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനി.
- വിശ്വാസ്യതയാണ് നേട്ടത്തിന് കാരണമെന്ന് കമ്പനി
ഇന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരായ പുറവങ്കരയ്ക്ക് നാലാം പാദം നേട്ടത്തിന്റേത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വില്‍പ്പന 5914 കോടി കടന്നതായി കമ്പനി അറിയിച്ചു. 3107 കോടി രൂപയാണ് തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ നേടിയത്. ഒരു വര്‍ഷം കൊണ്ട് ഏതാണ്ട് 90 ശതമാനം വര്‍ധന. ഉപഭോക്ത്യ കരാറുകളില്‍ നിന്നും മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 2258 കോടി രൂപ നേടിയതില്‍ നിന്നും 60 ശതമാനം വര്‍ധിച്ച് 3609 കോടി രൂപയായി.
നാലാം പാദത്തില്‍ കമ്പനിയുടെ വില്‍പ്പന മൂല്യം 1947 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1007 കോടി രൂപയായിരുന്നു വില്‍പ്പന മൂല്യം. ഒരു വര്‍ഷം കൊണ്ട് ഏതാണ്ട് 93 ശതമാനം വര്‍ധന കൈവരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. ഉപഭോക്തൃ കേന്ദ്രീകൃത ധാര്‍മ്മികതയും ഗുണനിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് 5,900 കോടി രൂപയുടെ വില്‍പ്പന മറികടന്ന് പുറവങ്കര ലിമിറ്റഡ് ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചതായി പുറവങ്കര ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ആശിഷ് പുറവങ്കര പറഞ്ഞു.
'പുറവങ്കര എന്ന ബ്രാന്‍ഡിലുള്ള ഉപഭോക്താക്കള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന വിശ്വാസത്തിന്റെ സാക്ഷ്യം കൂടിയാണിത്. കാര്യമായ നിര്‍മ്മാണ പുരോഗതി ഉറപ്പാക്കിക്കൊണ്ട് പ്രവര്‍ത്തനങ്ങളോടും ഉത്പന്ന വിതരണത്തോടുമുള്ള ഞങ്ങളുടെ സമര്‍പ്പണ ബോധത്തെ ഇത് പ്രതിഫലിപ്പിക്കുന്നു,' അദ്ദേഹം പറഞ്ഞു.