പിഎൻബി അറ്റാദായം 253% ഉയർന്ന് 2,223 കോടി രൂപയായി
- അറ്റ പലിശ വരുമാനം 12.13 ശതമാനം ഉയർന്നു
- പ്രവർത്തനച്ചെലവ് 6,636 കോടി രൂപയായി കുറഞ്ഞു
- എൻഎൻപിഎ അനുപാതം 0.96 ശതമാനത്തിലെത്തി
പഞ്ചാബ് നാഷണൽ ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചു. ബാങ്കിന്റെ അറ്റാദായം 253 ശതമാനം വർധിച്ച് 2,223 കോടി രൂപയായി രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 629 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോർട്ട് ചെയ്തത്. രണ്ടാം പാദത്തിൽ ബാങ്ക് രേഖപ്പെടുത്തിയത് 1,756 കോടി രൂപ അറ്റാദായമായിരുന്നു, മൂന്നാം പാദത്തിൽ 26.60 ശതമാനം വർധനവുണ്ടായി.
ഡിസംബർ പാദത്തിൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം മുൻ വർഷത്തേക്കാളും 12.13 ശതമാനം ഉയർന്ന് 10,293 കോടി രൂപയായി. മുൻ പാദത്തിൽ ഇത് 9,923 കോടി രൂപയായിരുന്നു. ബാങ്കിന്റെ പ്രവർത്തനച്ചെലവ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 6,801 കോടി രൂപയിൽ നിന്ന് മൂന്നാം പാദത്തിൽ 6,636 കോടി രൂപയായി കുറഞ്ഞു.
ഇതേ പാദത്തിലെ ബാങ്കിന്റെ പ്രീ-പ്രൊവിഷൻ പ്രവർത്തന ലാഭം (PPoP) 6,331 കോടി രൂപയായിരുന്നു, മുൻ വർഷത്തേക്കാളും 10.75 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. രണ്ടാം പാദത്തിൽ, ബാങ്ക് 6,216 കോടി രൂപയുടെ പിപിഒപി റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നാം പാദത്തിൽ ബാങ്കിന്റെ പ്രൊവിഷനുകൾ 41.8 ശതമാനം താഴ്ന്നു 2739 കോടി രൂപയായി. മുൻ വർഷമിത് 4713 കോടി രൂപയായിരുന്നു. പ്രൊവിഷനുകളിലെ ഈ കുറവും പ്രവർത്തന ലാഭത്തിലെ ശക്തമായ പുരോഗതിയും ഡിസംബർ പാദത്തിൽ ബാങ്കിന്റെ മികച്ച പ്രകടനത്തിന് കാരണമായി.
ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം മുൻ സാമ്പത്തിക വർഷത്തിലെ 9.76 ശതമാനത്തിൽ നിന്നും 6.24 ശതമാനമായി മെച്ചപ്പെട്ടു, അറ്റ നിഷ്ക്രിയ ആസ്തി (എൻഎൻപിഎ) അനുപാതം 0.96 ശതമാനത്തിലെത്തി. മുൻ വർഷമിത് 3.30 ശതമാനമായിരുന്നു.
മൂന്നാം പാദത്തിൽ ബാങ്കിന്റെ ആഗോള നിക്ഷേപം മുൻ വർഷത്തിൽ നിന്നും 9.35 ശതമാനം ഉയർന്ന് 13,23,486 കോടി രൂപയുടെ വളർച്ച രേഖപ്പെടുത്തി. ആഗോള അഡ്വാന്സ്സ് 12.90 ശതമാനത്തിന്റെ വർദ്ധനയോടെ ഇതേ കാലയളവിൽ 9,67,256 കോടി രൂപയിലെത്തി.
കോർ റീട്ടെയിൽ അഡ്വാൻസുകളിൽ 17.6 ശതമാനം വർദ്ധനവോടെ 1,53,384 കോടി രൂപയിലെത്തി. ബാങ്കിന്റെ എംഎസ്എംഇ അഡ്വാൻസുകളും ഗണ്യമായ വളർച്ച പ്രകടമാക്കി. മുൻ സാമ്പത്തിക വർഷത്തിൽ നിന്നും 15.4 ശതമാനം വർധിച്ച് 1,43,983 കോടി രൂപയായി.
എൻഎസ്ഇ യിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഓഹരികൾ 3.52 ശതമാനം ഉയർന്ന് 105.80 രൂപയിൽ ക്ലോസ് ചെയ്തു.