എസ്ബിഐയുടെ അറ്റാദായത്തില്‍ 84 ശതമാനം വര്‍ധന
- മൊത്തവരുമാനം മൂന്നാം പാദത്തില്‍ 1,28,467 കോടി രൂപയായി
- പലിശവരുമാനത്തിലും വര്‍ധനവ്
- എന്നാല്‍ മുന്‍പാദത്തെ അപേക്ഷിച്ച് ലാഭത്തില്‍ കുറവ്
രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്ബിഐ ഡിസംബര്‍ പാദത്തില്‍ അറ്റാദായം 84 ശതമാനം വര്‍ധിച്ച് 16,891 കോടി രൂപയിലെത്തി. എസ്ബിഐ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയ അറ്റാദായം 9,164 കോടി രൂപ ആയിരുന്നു.
ബാങ്കിന്റെ മൊത്തവരുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 1,28,467 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,18,193 കോടി രൂപയായിരുന്നുവെന്ന് എസ്ബിഐ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
ഈ പാദത്തില്‍ ബാങ്കിന്റെ പലിശ വരുമാനം മുന്‍ വര്‍ഷത്തെ 1,06,734 കോടി രൂപയില്‍ നിന്ന് 1,17,427 കോടി രൂപയായി വളര്‍ന്നു.
അസറ്റ് ക്വാളിറ്റിയുടെ കാര്യത്തില്‍, മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) കഴിഞ്ഞ വര്‍ഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തെ 2.42 ശതമാനത്തില്‍ നിന്ന് ഇത്തവണ 2.07 ശതമാനമായി വര്‍ധിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവിന്റെ അവസാനത്തില്‍ 0.64 ശതമാനത്തില്‍ നിന്ന് 0.53 ശതമാനമായി കുറഞ്ഞു.
ഏകീകൃത അടിസ്ഥാനത്തില്‍, എസ്ബിഐ ഗ്രൂപ്പിന്റെ അറ്റാദായം 2024 സാമ്പത്തിക വര്‍ഷത്തില്‍ 11,064 കോടി രൂപയേക്കാള്‍ ഉയര്‍ന്ന് 18,853 കോടി രൂപയായി. ഏകീകൃത മൊത്ത വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 1,53,072 കോടി രൂപയില്‍ നിന്ന് ഇത്തവണ 1,67,854 കോടി രൂപയായി ഉയര്‍ന്നു.
അതേസമയം ക്വാര്‍ട്ടര്‍-ഓണ്‍-ക്വാര്‍ട്ടര്‍ അടിസ്ഥാനത്തില്‍, പൊതുമേഖലാ ബാങ്കിന്റെ മൂന്നാം പാദ ലാഭം 7.8 ശതമാനം ഇടിഞ്ഞു. സെപ്റ്റംബര്‍ പാദത്തില്‍ 18,330 കോടിയായിരുന്നു ലാഭം.
ബാങ്കിന്റെ അറ്റ പലിശ വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 39,816 കോടി രൂപയില്‍ നിന്ന് 4% വര്‍ധിച്ച് 41,446 കോടി രൂപയായി. ബാങ്കിന്റെ ജീവനക്കാരുടെ ചെലവ് 17 ശതമാനം കുറഞ്ഞ് 16,074 കോടി രൂപയായി. എസ്ബിഐയുടെ ആഭ്യന്തര വായ്പയില്‍ 14.06 ശതമാനം വളര്‍ച്ചയുണ്ടായി.
എസ്ബിഐയുടെ പ്രവര്‍ത്തനലാഭം പാദത്തിന് മുമ്പുള്ളതിനെ അപേക്ഷിച്ച് 20 ശതമാനം കുറവാണ്. പാദഫലപ്രഖ്യാപനത്തിന് ശേഷം എസ്ബിഐ ഓഹരി വില ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി.