പേടിഎമ്മിന് രണ്ടാം പാദത്തില്‍ 32 ശതമാനം വരുമാനവളര്‍ച്ച
2519 കോടി രൂപയുടെ സംയോജിത വരുമാനം നേടി
പ്രമുഖ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമും ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയുമായ പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് 2023 സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ 32 ശതമാനത്തിന്റെ വരുമാന വളര്‍ച്ച കൈവരിച്ചു. 2519 കോടി രൂപയുടെ സംയോജിത വരുമാനം നേടി.
മുന്‍ വര്‍ഷം ഇക്കാലയളവില്‍ 1914 കോടി രൂപയായിരുന്നു വരുമാനം.
വായ്പാ വിതരണത്തിലെ വളര്‍ച്ച, മെര്‍ച്ചന്റ് സബ്‌സ്‌ക്രിപ്ഷനിലൂടെയുള്ള വരുമാനം എന്നിവയാണു കമ്പനിയുടെ വരുമാനത്തില്‍ വളര്‍ച്ച നേടാന്‍ സഹായകരമായത്.
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ (2023-24) രണ്ടാം പാദത്തില്‍ നഷ്ടം 292 കോടി രൂപയിലേക്ക് കുറച്ചു കൊണ്ടു വരാന്‍ കമ്പനിക്കു സാധിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ നഷ്ടം 571 കോടി രൂപയായിരുന്നു.
ഒക്ടോബര്‍ 20 വെള്ളിയാഴ്ച പേടിഎം ഓഹരി വില എന്‍എസ്ഇയില്‍ 1.2 ശതമാനം ഉയര്‍ന്ന് 980.05 രൂപയിലാണു വ്യാപാരം അവസാനിപ്പിച്ചത്.
സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം 2023-24 സാമ്പത്തിക വര്‍ഷം 64 ശതമാനം വര്‍ധിച്ച് 571 കോടി രൂപയായി.
കമ്പനിയുടെ പ്ലാറ്റ്‌ഫോമില്‍നിന്നും വായ്പയെടുത്തവരുടെ എണ്ണം 51 ലക്ഷത്തോളം വര്‍ധിച്ച് മൊത്തം 1.18 കോടിയായി. പേടിഎം വഴി വിതരണം ചെയ്ത വായ്പകളുടെ എണ്ണം 1.32 കോടിയായി വര്‍ധിച്ചു. 44 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 16,211 കോടി രൂപയാണു വായ്പയായി വിതരണം ചെയ്തത്. ഇക്കാര്യത്തില്‍ 122 ശതമാനത്തിന്റെ വര്‍ധനയുമുണ്ടായി.