മൂന്നാം പാദം കളറാക്കി കന്‍സായി നെറോലാക്ക് പെയിന്റ്‌സ്

  • അറ്റാദായം 39.6 ശതമാനം ഉയര്‍ന്ന് 152 കോടി രൂപയായി.
  • മൊത്തം മാര്‍ജിനുകള്‍ മെച്ചപ്പെട്ടു
  • മൊത്തം ചെലവ് 2.72 ശതമാനം ഉയര്‍ന്ന് 1,730.61 കോടി രൂപ

Update: 2024-02-06 11:28 GMT

കന്‍സായി നെറോലാക് പെയിന്റ്സിന്റെ മൂന്നാം പാദത്തിലെ അറ്റാദായം 39.6 ശതമാനം ഉയര്‍ന്ന് 152 കോടി രൂപയായി. കമ്പനിയുടെ സംയോജിത അറ്റാദായം 39.57 ശതമാനം വര്‍ധിച്ച് 152.09 കോടി രൂപയായി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ കമ്പനി 108.97 കോടി രൂപ അറ്റാദായം നേടിയിരുന്നു.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 1,826.81 കോടി രൂപയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ അഞ്ച് ശതമാനം ഉയര്‍ന്ന് 1,918.71 കോടി രൂപയായി. അതേസമയം നെറോലാക് പെയിന്റ്സിന്റെ മൊത്തം ചെലവ് 2.72 ശതമാനം ഉയര്‍ന്ന് 1,730.61 കോടി രൂപയായി.

'ഈ പാദത്തില്‍ വ്യാവസായിക കോട്ടിങ്ങുകള്‍ക്ക് നല്ല ഡിമാന്‍ഡുണ്ടായി. ഉത്സവ സീസണില്‍ ഇരട്ട അക്ക വോളിയം വളര്‍ച്ച രേഖപ്പെടുത്തിയതിനാല്‍ മികച്ച ഡിമാന്‍ഡായിരുന്നു.' മാനേജിംഗ് ഡയറക്ടര്‍ അനുജ് ജെയിന്‍ പറഞ്ഞു.

അതേസമയം ക്രൂഡ് ഓയില്‍ വിലയില്‍ ചാഞ്ചാട്ട മുണ്ടായിട്ടും അസംസ്‌കൃത വസ്തുക്കളുടെ വില സ്ഥിരമായിരുന്നു. 'കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പാദത്തെ അപേക്ഷിച്ച് മൊത്തം മാര്‍ജിനുകള്‍ മെച്ചപ്പെട്ടു. ഫുട്ട്-ഓണ്‍-സ്ട്രീറ്റ്, ഡിജിറ്റല്‍, ഇന്‍ഫ്‌ലുവന്‍സര്‍ ഔട്ട്‌റീച്ച്, പുതിയ ഉല്‍പ്പന്ന ലോഞ്ചുകള്‍, അംഗീകാരങ്ങള്‍, പ്രോജക്ടുകള്‍ തുടങ്ങിയ മേഖലകളിലെ സംരംഭങ്ങളുമായി ബന്ധപ്പെട്ട് കമ്പനി മുന്നേറുന്നത് തുടരുന്നു.' അദ്ദേഹം പറഞ്ഞു.

പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കെ ഗ്രാമീണ ഡിമാന്‍ഡ് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സമീപകാലത്ത് മൊത്തത്തിലുള്ള വോളിയം ഡിമാന്‍ഡിനെ പിന്തുണയ്ക്കുമെന്നും ജെയിന്‍ പറഞ്ഞു.

അതേസമയം, പ്രശ്നഭരിതമായ  ജിയോ പൊളിറ്റിക്കല്‍ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ ചാഞ്ചാട്ടം അനുഭവപ്പെടാമെന്നാണ് അദ്ദേഹം പറഞ്ഞു.

Tags:    

Similar News