അറ്റാദായത്തില്‍ അഞ്ചിരട്ടി വര്‍ധനയോടെ ജെഎസ്ഡബ്ല്യു സ്റ്റീല്‍
- വരുമാനം മുന്‍ വര്‍ഷം മൂന്നാം പാദത്തിലെ 39,322 കോടി രൂപയില്‍ നിന്നും 42,134 കോടി രൂപയായി.
- കമ്പനിയുടെ ഒഹിയോയിലുള്ള ശേഷി വിനിയോഗവും മെച്ചപ്പെട്ടിട്ടുണ്ട്.
- ആഭ്യന്തര വില്‍പ്പന മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെക്കാള്‍ രണ്ട് ശതമാനം ഉയര്‍ന്നു
ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായത്തില്‍ അഞ്ചിരട്ടി വര്‍ധനയോടെ ജെഎസ്ഡബ്ല്യു സ്റ്റീല്‍. ആഭ്യന്തര ഡിമാന്‍ഡിലെ വര്‍ധനയുടെ പിന്‍ബലത്തിലാണ് അറ്റാദായം 2,450 കോടി രൂപയിലെത്തിയത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ അറ്റാദായം 474 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം മുന്‍ വര്‍ഷം മൂന്നാം പാദത്തിലെ 39,322 കോടി രൂപയില്‍ നിന്നും 42,134 കോടി രൂപയായി. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ ശേഷി വിനിയോഗം 89 ശതമാനമായിരുന്നു. അത് മൂന്നാം പാദമായപ്പോള്‍ 94 ശതമാനമായി ഉയര്‍ന്നു. ഇതാണ് ശക്തമായ പ്രകടനത്തിനു കാരണമെന്ന് കമ്പനി വ്യക്തമാക്കുന്നു.
രണ്ടാം പാദത്തില്‍ കമ്പനിയുടെ ഇന്ത്യയിലെ യൂണിറ്റുകള്‍ അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ടിരിക്കുകയായിരുന്നു. മികച്ച ഡിമാന്‍ഡിന്റെ അടിസ്ഥാനത്തില്‍ഡ കമ്പനിയുടെ അമേരിക്കയിലെ ഒഹിയോയിലുള്ള ശേഷി വിനിയോഗവും മെച്ചപ്പെട്ടിട്ടുണ്ട്. കമ്പനിയുടെ സ്റ്റീല്‍ വില്‍പ്പന ഡിസംബര്‍ പാദത്തില്‍ 6 ദശലക്ഷം ടണ്ണാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ ഏഴ് ശതമാനം വര്‍ധനയാണ് സ്റ്റീല്‍ വില്‍പ്പനയില്‍ ഉണ്ടായിട്ടുള്ളത്.
ആഭ്യന്തര വില്‍പ്പന മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെക്കാള്‍ രണ്ട് ശതമാനം ഉയര്‍ന്ന് 5.27 ദശലക്ഷം ടണ്ണായി. പ്രതി വര്‍ഷം അഞ്ച് ദശലക്ഷം ടണ്‍ ഉത്പാദന ശേഷിയുള്ള വിജയനഗറിലെ കമ്പനിയുടെ പുതിയ പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡിന്റെ (ബിപിഎസ്എല്‍) രണ്ടാം ഘട്ടത്തിന്റെ (ഉത്പാദനം പ്രതിവര്‍ഷം 3.5 ദശലക്ഷം ടണ്ണില്‍ നിന്നും 5 ദശലക്ഷം ടണ്ണായി ഉയര്‍ത്താന്‍) നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
വൈവിധ്യമാര്‍ന്ന ബിസിനസുകളുള്ള ഗ്രൂപ്പിന്റെ പ്രധാന ബിസിനസാണ് ജെഎസ്ഡബ്ല്യു സ്റ്റീല്‍. ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ മൂല്യം 23 ബില്യണ്‍ ഡോളറാണ്. ഊര്‍ജ്ജം, അടിസ്ഥാന സൗകര്യം, സിമന്റ്, പെയിന്റ്, സ്‌പോര്‍ട്‌സ്, വെഞ്ച്വര്‍ കാപിറ്റല്‍ എന്നിവയെല്ലാം ഗ്രൂപ്പിന് താല്‍പര്യമുള്ള മേഖലകളാണ്. വൈവിധ്യമാര്‍ന്ന 23 ബില്യണ്‍ യുഎസ് ഡോളര്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ മുന്‍നിര ബിസിനസാണ് ജെഎസ്ഡബ്ല്യു സ്റ്റീല്‍. ഊര്‍ജ്ജം, ഇന്‍ഫ്രാസ്ട്രക്ചര്‍, സിമന്റ്, പെയിന്റ്‌സ്, സ്‌പോര്‍ട്‌സ്, വെഞ്ച്വര്‍ ക്യാപിറ്റല്‍ എന്നിവയിലും ഗ്രൂപ്പിന് താല്‍പ്പര്യമുണ്ട്.