ജിയോ ഫിൻ അറ്റാദായത്തിൽ 6% വളർച്ച
- കമ്പനിയുടെ അറ്റാദായം 310 കോടി രൂപയായി
- മൊത്തം വായ്പ 173 കോടി രൂപയായി ഉയർന്നു
- ഈ മാസാദ്യം മുതൽ ഇതുവരെ ഓഹരികൾ നൽകിയത് 4.62 ശതമാനം നേട്ടമാണ്
2023-24 സാമ്പത്തിക വർഷത്തിലെ ജനുവരി-മാർച്ച് പാദ ഫലം പുറത്തു വിട്ട് ജിയോ ഫിനാൻഷ്യൽ സർവീസസ്. ഈ കാലയളവിലെ കമ്പനിയുടെ അറ്റാദായം 310 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. നാലാം പാദത്തിലെ കമ്പനിയുടെ റവന്യു 418 കോടി രൂപയിലെത്തി. ഈ കാലയളവിലെ അറ്റ പലിശ വരുമാനം (എൻഐഐ) 280 കോടി രൂപയിലും മൊത്തം വരുമാനം 418 കോടി രൂപയിലുമെത്തി.
2023 ഓഗസ്റ്റിൽ ലിസ്റ്റ് ചെയ്ത കമ്പനിയുടെ കഴിഞ്ഞ പാദത്തിലെ അറ്റാദായം 293 കോടി രൂപയും അറ്റ പലിശ വരുമാനം 269 കോടി രൂപയുമാണ്. കമ്പനിയുടെ മൊത്തം പലിശ വരുമാനം 414 കോടി രൂപയും വരുമാനം 413 കോടി രൂപയുമാണ്.
കമ്പനിയുടെ മൊത്തം വായ്പ 173 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 41 കോടി രൂപയായിരുന്നു. നിലവിൽ കമ്പനി ഫിനാൻസിങ് ബിസിനസിലാണ് ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത്. ഭവനവായ്പ, വസ്തുവിന്മേലുള്ള വായ്പകൾ, മ്യൂച്വൽ ഫണ്ടുകൾക്കെതിരായ വായ്പകൾ എന്നിവ കമ്പനി നൽകുന്ന സേവനങ്ങളാണ്.
ബിഎസ്ഇയിൽ ജിയോ ഫിനാൻഷ്യൽ ഓഹരികൾ 2.17 ശതമാനം ഇടിഞ്ഞ് 370 രൂപയിലാണ് വെള്ളിയാഴ്ച്ച ക്ലോസ് ചെയ്തത്. വ്യാഴാഴ്ച (ഏപ്രിൽ 18) 4.6 ശതമാനം ഉയർന്ന ഓഹരികൾ റെക്കോർഡ് ക്ലോസിംഗിലെത്തി (378.4 രൂപ). കഴിഞ്ഞ മാസം 14.11 ശതമാനം ഉയർന്ന ഓഹരികൾ ഈ മാസാദ്യം മുതൽ ഇതുവരെ നൽകിയത് 4.62 ശതമാനം നേട്ടമാണ്.
യുഎസ് ആസ്ഥാനമായ ബ്ലാക്ക് റോക്കുമായി ഇന്ത്യയിൽ വെൽത്ത് മാനേജ്‌മെൻ്റിനും ബ്രോക്കിംഗിനുമായുള്ള സംയുക്ത സംരംഭത്തിൽ പ്രവേശിച്ചതായി ഏപ്രിൽ 15 ന് ജിയോ ഫിനാൻഷ്യൽ സർവീസസ് അറിയിച്ചു.
2023 ജൂലൈയിൽ ജിയോ ഫിനാൻഷ്യൽ സർവീസസും ബ്ലാക്ക്‌റോക്കും ഇന്ത്യയിലെ അസറ്റ് മാനേജ്‌മെൻ്റ് ബിസിനസിലേക്ക് പ്രവേശിക്കുന്നതിന് 150 മില്യൺ ഡോളർ വീതം നിക്ഷേപിച്ച് സംയുക്ത സംരംഭം രൂപീകരിക്കാനുള്ള കരാറും പ്രഖ്യാപിച്ചിട്ടുണ്ട്.