നാലാം പാദത്തിൽ ഐആർസിടിസി യുടെ ലാഭം വർധിച്ചു; വരുമാനം 19% ഉയർന്നു
- ഓഹരിയൊന്നിന് 4 രൂപയുടെ ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു
- എബിറ്റ്ഡ 11.6 ശതമാനം ഉയർന്നു
- കമ്പനിയുടെ 62.4 ശതമാനം ഓഹരികൾ കേന്ദ്ര സർക്കാരിന്റെ കൈവശമാണുള്ളത്
നാലാം പാദത്തിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) സംയോജിത അറ്റാദായം രണ്ട് ശതമാനം വർധിച്ചു 284 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 279 കോടി രൂപയായിരുന്നു.
ഇന്ത്യൻ റെയിൽവേയുടെ ഇ-ടിക്കറ്റിംഗ്, കാറ്ററിംഗ് വിഭാഗം മാർച്ച് പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 19 ശതമാനം വർധിച്ച് 1155 കോടി രൂപയായി രേഖപ്പെടുത്തി. മുൻ വർഷത്തിൽ ഇത് 965 കോടി രൂപയായിരുന്നു. ഓഹരിയൊന്നിന് 4 രൂപയുടെ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. 2023 നവംബറിൽ ഓഹരിയൊന്നിന് 2.50 രൂപയുടെ ഇടക്കാല ലാഭവിഹിതവും കമ്പനി നൽകിയിരുന്നു. ഈ കാലയളവിലെ കമ്പനിയുടെ എബിറ്റ്ഡ (EBITDA) കഴിഞ്ഞ വർഷത്തെ 324.6 കോടി രൂപയിൽ നിന്നും 11.6 ശതമാനം ഉയർന്ന് 362.4 കോടി രൂപയായി. എബിറ്റ്ഡ മാർജിൻ മുൻവർഷത്തെ 33.6 ശതമാനത്തിൽ നിന്നും 31.4 ശതമാനത്തിലെത്തി.
മൊത്ത വരുമാനത്തിലേക്കുള്ള ഇൻ്റർനെറ്റ് ടിക്കറ്റിംഗിൻ്റെ സംഭാവന കഴിഞ്ഞ വർഷത്തെ 37.1 ശതമാനത്തിൽ നിന്ന് 31 ശതമാനം ഇടിഞ്ഞ് 32.8 ശതമാനത്തിലെത്തി. വരുമാന സംഭവനയിൽ രണ്ടാം സ്ഥാനത്തുള്ള ഐആർസിടിസിയുടെ കാറ്ററിംഗ് ബിസിനസാണ്, ഈ കാലയളവിൽ ഇത് 34.1 ശതമാനം വർധിച്ച് 530.8 കോടി രൂപയിലെത്തി. പൊതു മേഖല സ്ഥാപനത്തിന്റെ പാക്കേജ്ഡ് കുടിവെള്ളമായ റെയിൽ നീർ യൂണിറ്റിൻ്റെ വരുമാന 13.1 ശതമാനം ഉയർന്ന് 83 കോടി രൂപയായി. ടൂറിസം വിഭാഗത്തിലെ വരുമാനം 11.6 ശതമാനം വർധിച്ച്154.6 കോടി രൂപയിലെത്തി.
ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഓൺലൈൻ റെയിൽവേ ടിക്കറ്റുകൾ, റെയിൽവേയ്ക്ക് കാറ്ററിംഗ് സേവനങ്ങൾ, പാക്കേജുചെയ്ത കുടിവെള്ളം എന്നിവ നൽകാൻ ഇന്ത്യൻ സർക്കാർ അധികാരപ്പെടുത്തിയ ഏക പൊതു മേഖല സ്ഥാപനമാണ് ഐആർസിടിസി. 2024 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് കമ്പനിയുടെ 62.4 ശതമാനം ഓഹരികൾ കേന്ദ്ര സർക്കാരിന്റെ കൈവശമാണുള്ളത്. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ കമ്പനിയിൽ യഥാക്രമം 7.1 ശതമാനവും 10.5 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. റീട്ടെയിൽ ഓഹരിയുടമകൾക്ക് 20 ശതമാനം ഓഹരി പങ്കാളിത്തമാണ് കമ്പനിയിലുള്ളത്.
ഓഹരികളുടെ പ്രകടനം
നിൽവിൽ ഐആർസിടിസി ഓഹരികൾ എൻഎസ്ഇ യിൽ 3.91 ശതമാനം താഴ്ന്ന് 1,040.70 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഏകദേശം 50.28 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇതുവരെ വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 86,616 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം 60.71 ശതമാനം നേട്ടം നൽകിയ ഓഹരികൾ നടപ്പ് വർഷാദ്യം മുതൽ ഇതുവരെ ഉയർന്നത് 16.57 ശതമാനമാണ്.
പോയ വർഷങ്ങളിൽ റെയിൽ ഓഹരികൾ മൾട്ടി ബാഗറുകളായപ്പോൾ ഐആർസിടിസിക്ക് മാത്രം കുതിക്കാനായില്ല. കഴിഞ്ഞ ഒരു വർഷത്തിൽ ഇന്ത്യൻ റെയിൽവേ ഫിനാൻസ് ഓഹരികൾ ഉയർന്നത് 459.22 ശതമാനമാണ്. ജുപിറ്റർ വാഗൺസ് ഓഹരികൾ കുതിച്ചത് 315.77 ശതമാനം. ഇതേ കാലയളവിൽ ടിറ്റാഗർ റെയിൽ ഓഹരികൾ 262 ശതമാനവും ടെക്സ്മാകോ ഓഹരികൾ 255 ശതമാനവും നേട്ടം നൽകി. റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഇർകോൺ, റെയിൽ വികാസ് നിഗം, ബി.ഇ.എം.എൽ ഓഹരികൾ 200 ശതമാനത്തിലധികമാണ് പോയ വർഷം ഉയർന്നത്.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല