വളര്‍ച്ചാ പ്രതീക്ഷ വെട്ടിക്കുറച്ച് ഇന്‍ഫോസിസ്; ആദ്യ പാദത്തില്‍ 11% വളര്‍ച്ച മാത്രം
- മുന്‍പാദത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ ഉണ്ടായത് ഇടിവ്
- പ്രവര്‍ത്തന മാര്‍ജിന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശം നിലനിര്‍ത്തി
- അനലിസ്റ്റുകളുടെ പ്രതീക്ഷകള്‍ക്കൊപ്പമെത്താത്ത റിസള്‍ട്ട്
;

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 5,945 കോടി രൂപയുടെ ഏകീകൃത അറ്റാദായം നേടാനായതായി പ്രമുഖ ഐടി കമ്പനി ഇൻഫോസിസ്. വാര്‍ഷികാടിസ്ഥാനത്തില്‍ ഏകദേശം 11 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എങ്കിലും കമ്പനിയുടെയും അനലിസ്റ്റുകളുടെയും നിഗമനങ്ങള്‍ക്ക് താഴെ നില്‍ക്കുന്ന പ്രകടമാണ് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനി നടത്തിയിട്ടുള്ളത്. ഏകീകൃത വരുമാനം അവലോകന പാദത്തില്‍ 10 ശതമാനം വർധിച്ച് 37,933 കോടി രൂപയായി.
ആഗോള അന്തരീക്ഷത്തിലെ അനിശ്ചിതത്വം കണക്കിലെടുത്ത്, തങ്ങളുടെ വരുമാന വളര്‍ച്ചാ എസ്റ്റിമേറ്റ് വെട്ടിക്കുറയ്ക്കുകയാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സ്ഥിരമായ കറൻസി മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ 1-3.5 ശതമാനം മാത്രം വളര്‍ച്ച മാത്രമാണ് സമീപ കാലത്ത് പ്രകടമാകുന്നത്. മുമ്പ് 4.-7 ശതമാനമായിരുന്നു ഇത്. പക്ഷേ, 2023 -24ലെ പ്രവര്‍ത്തന മാര്‍ജിന്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശം 20 -22 ശതമാനത്തില്‍ തന്നെ കമ്പനി നിലനിര്‍ത്തിയിട്ടുണ്ട്.
മുന്‍പാദവുമായുള്ള താരതമ്യത്തില്‍ ഇന്‍ഫോസിസിന്‍റെ വരുമാനത്തില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. കറന്‍സി സ്ഥിര മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ 1 ശതമാനം വര്‍ധന മാത്രമാണ് ഉണ്ടായത്. എന്നാല്‍ ജനുവരി-മാര്‍ച്ച് കാലയളവിനെ അപേക്ഷിച്ച് അറ്റാദായം 3 ശതമാനം കുറയുകയും ഏകീകൃത വിൽപ്പന 1.3% വളരുകയും ചെയ്തു. ഏകീകൃത പ്രവർത്തന മാർജിൻ മുന്‍ പാദത്തെ അപേക്ഷിച്ച് 20 ബേസിസ് പോയിന്റ് കുറഞ്ഞ് 20.8% ആയി.
ജൂൺ പാദത്തിൽ, ഇൻഫോസിസിന് 2.3 ബില്യൺ ഡോളറിന്റെ വലിയ ഡീലുകൾ നേടാനായിട്ടുണ്ട്. മാർച്ച് പാദത്തിൽ നേടിയ 2.1 ബില്യൺ ഡോളറിന്റെ ഡീലുകളെ അപേക്ഷിച്ച് നേരിയ വര്‍ധനയാണിത്.