ഹിന്‍ഡാല്‍കോ ഇന്‍റസ്ട്രീസിന്‍റെ അറ്റാദായത്തില്‍ 37% ഇടിവ്
- കമ്പനിയുടെ കടബാധ്യതയില്‍ ഇടിവ്
- കോപ്പര്‍ ബിസിനസില്‍ കരുത്തുറ്റ പ്രകടനം
- ഒരു ഓഹരിക്ക് 3 രൂപ ലാഭവിഹിതം
;

ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ, ആദിത്യ ബിർള ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ ഏകീകൃത അറ്റാദായം 37% വാർഷിക ഇടിവ് രേഖപ്പെടുത്തി 2,411 കോടി രൂപയായി. മുന്‍ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ ലാഭം 3,851 കോടി രൂപയായിരുന്നു. മുന്‍ പാദവുമായുള്ള താരതമ്യത്തില്‍ മാര്‍ച്ച് പാദത്തില്‍ ഏകീകൃത അറ്റാദായം 77% ഉയർന്നു. ഇന്ത്യൻ ബിസിനസിന്‍റെ കരുത്തുറ്റ പ്രവർത്തനവും ചെലവ് കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുമാണ് മുന്‍ പാദത്തെ അപേക്ഷിച്ച് വളര്‍ച്ചയിലേക്ക് നയിച്ചതെന്ന് കമ്പനി ഓഹരി വിപണിയില്‍ നടത്തിയ ഫയലിംഗ് വ്യക്തമാക്കുന്നു.
കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 2021 -22 നാലാം പാദത്തിലെ 55,764 കോടി രൂപയിൽ നിന്ന് 2022 -23 നാലാം പാദത്തില്‍5 5,857 രൂപയായി. ഡിസംബര്‍ പാദത്തിലെ 53,517 കോടിയിൽ നിന്ന് 5.1% ഉയർച്ചയാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തന വരുമാനത്തില്‍ ഉണ്ടായിട്ടുള്ളത്. നാലാം പാദത്തിൽ, എബിറ്റ്ഡ (നികുതിക്കും മറ്റ് വെട്ടിക്കുറയ്ക്കലുകള്‍ക്കും മുന്‍പുള്ള വരുമാനം) 23% കുറഞ്ഞ്, 5,818 കോടി രൂപയിലെത്തി.
ഉയർന്ന ഇൻപുട്ട് ചെലവുകളും അനുകൂലമല്ലാത്ത ബൃഹദ് സാമ്പത്തിക സാഹചര്യങ്ങളും സൃഷ്ടിച്ച ആഘാതം, ഭാഗികമായി മറികടക്കുന്നതിന് കോപ്പർ ബിസിനസ്സിന്റെ മികച്ച പ്രവർത്തനത്തിലൂടെ സാധിച്ചൂവെന്ന് കമ്പനി വ്യക്തമാക്കുന്നു. മുന്‍പാദവുമായുള്ല താരതമ്യത്തില്‍ എബിറ്റ്ഡ 48% വർദ്ധിച്ചു.
സ്റ്റാന്‍റ് എലോണ്‍ അടിസ്ഥാനത്തില്‍ നാലാം പാദത്തിലെ അറ്റാദായം മുന്‍ വര്‍ഷം സമാന കാലയളവിലെ 1,601 കോടി രൂപയിൽ നിന്ന് 832 കോടി രൂപയായി, 48% ഇടിവ്. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 18,969 കോടിയിൽ നിന്ന് 5.4 ശതമാനം ഉയർന്ന് 19,995 കോടി രൂപയായി. സ്റ്റാന്‍റ് എലോണ്‍ അടിസ്ഥാനത്തിലുള്ള എബിറ്റ്ഡ 45.6% വാര്‍ഷിക ഇടിവോടെ 1,775 കോടി രൂപയിലെത്തി. കമ്പനിയുടെ പ്രവര്‍ത്തന മാര്‍ജിന്‍ 830 ബേസിസ് പോയിന്‍റ് ഇടിഞ്ഞ് 8.9 ശതമാനത്തിലെത്തി.
കമ്പനിയുടെ കട ബാധ്യത 2022 ഡിസംബര്‍ അവസാനത്തിലെ 41,716 കോടി രൂപയിൽ നിന്ന് 2023 മാർച്ച് അവസാനത്തിലെത്തുമ്പോള്‍ 33,959 കോടി രൂപയായി. കമ്പനിയുടെ ഡയറക്ടർ ബോർഡ് മാർച്ചിൽ അവസാനിച്ച വർഷത്തേക്ക് 1 രൂപ വീതമുള്ള ഓരോ ഇക്വിറ്റി ഷെയറിനും 3 രൂപ ലാഭവിഹിതം നല്‍കുന്നതിനും ശുപാർശ ചെയ്തിട്ടുണ്ട്.