ഡിസംബര്‍ പാദത്തില്‍ ഉയര്‍ന്ന അറ്റാദായവുമായി എച്ച്സിഎല്‍ ടെക്ക്
- ഏകീകൃത അറ്റാദായം 6.2 ശതമാനം വര്‍ധിച്ച് 4,350 കോടി രൂപ
- കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 1.11 ശതമാനം വര്‍ധിച്ച് 2,24,756 ആയി
- ഏറ്റവും കുറഞ്ഞ കൊഴിഞ്ഞുപോക്ക് റിപ്പോര്‍ട്ട് ചെയ്തത് ഡിസംബര്‍ പാദത്തിലാണ്
ന്യൂഡല്‍ഹി: 2023 ഡിസംബറില്‍ അവസാനിച്ച മൂന്ന് മാസങ്ങളില്‍, എച്ച്സിഎല്‍ ടെക്നോളജീസിന്റെ ഏകീകൃത അറ്റാദായം 6.2 ശതമാനം വര്‍ധിച്ച് 4,350 കോടി രൂപയായി രേഖപ്പെടുത്തി. സേവനങ്ങളുടെയും സോഫ്റ്റ്വെയര്‍ ബിസിനസുകളുടെയും വളര്‍ച്ചയുടെ പിന്‍ബലത്തിലാണ് ഈ നേട്ടം.
ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം 4,096 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.
ഈ പാദത്തില്‍ എച്ച്സിഎല്‍ ടെക്കിന്റെ ഏകീകൃത വരുമാനം 6.5 ശതമാനം വര്‍ധിച്ച് 28,446 കോടി രൂപയായി. 19.8 ശതമാനം പ്രവര്‍ത്തന മാര്‍ജിന്‍ രേഖപ്പെടുത്തി. പാദാടിസ്ഥാനത്തില്‍ 126 ബേസിസ് പോയിന്റ് വളര്‍ച്ചയാണ് പ്രകടമായത്.
അവലോകന പാദത്തില്‍ എച്ച്സിഎല്‍ ടെക്കിന്റെ സേവന വരുമാനം റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ഒരു ലക്ഷം കോടി രൂപ കവിഞ്ഞു.
എച്ച്‌സിഎല്‍ ടെക്കിന്റെ സേവന വരുമാനം റണ്‍ റേറ്റ് അടിസ്ഥാനത്തില്‍ 12 ബില്യണ്‍ ഡോളര്‍ (1 ലക്ഷം കോടി രൂപ) എന്ന സുപ്രധാന നാഴികക്കല്ല് കടന്നതായി കമ്പനി ടെക് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രതീക് അഗര്‍വാള്‍ പറഞ്ഞു. എക്കാലത്തെയും ഉയര്‍ന്ന പലിശയും നികുതിയും അടയ്ക്കുന്നതിന് മുൻപുള്ള വരവ് 5615 കോടി രൂപയും കൂടാതെ 4,350 കോടി രൂപ അറ്റാദായവും നല്‍കിയതായി പ്രതീക് അഗര്‍വാള്‍ പറഞ്ഞു.
കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 1.11 ശതമാനം വര്‍ധിച്ച് 2,24,756 ആയി. 3,818 പുതിയ ജീവനക്കാര്‍ കൂടി ഡിസംബര്‍ പാദത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പാദത്തിലെ ജീവനക്കാര്‍ 2,22,270 ആയിരുന്നു.
എച്ച്സിഎല്‍ ടെക് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ കൊഴിഞ്ഞുപോക്ക് റിപ്പോര്‍ട്ട് ചെയ്തതും ഡിസംബര്‍ പാദത്തിലാണ്. 12.8 ശതമാനമാണത്.
നടപ്പ് സാമ്പത്തിക വര്‍ഷം വാര്‍ഷികാടിസ്ഥാനത്തില്‍ 5 മുതല്‍ 5.5 ശതമാനം വരെ വരുമാന വളര്‍ച്ചയാണ് കമ്പനി പ്രവചിക്കുന്നത്.
മാക്രോ ഇക്കണോമിക് പരിതസ്ഥിതിയില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും എന്നാല്‍ എഞ്ചിനീയറിംഗ് ഔട്ട്സോഴ്സിംഗ്, ഉല്‍പ്പന്ന വികസന കരാറുകള്‍ എന്നിവയില്‍ ചെലവഴിക്കുന്നതില്‍ കമ്പനി അനുകൂലമാണെന്നും എച്ച്‌സിഎല്‍ ടെക് സിഇഒയും മാനേജിങ് ഡയറക്ടറുമായ സി വിജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.