ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്ഥാപനമായ ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ സംയോജിത അറ്റാദായത്തില്‍ 41.5 ശതമാനം ഇടിവ്. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ലാണ് അറ്റാദായം 2,603.43 കോടി രൂപയായി കുറഞ്ഞത്. തൊട്ട് മുന്‍ വര്‍ഷത്തെ സമാന പാദത്തില്‍ 4,454.59 കോടി രൂപ അറ്റാദായം നേടിയിരുന്നതായി കമ്പനി അറിയിച്ചു.
അതേസമയം പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 11.61 ശതമാനം ഉയര്‍ന്ന് 31,965.48 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 28,637.86 കോടിയായിരുന്നു. പ്രധാന അനുബന്ധ സ്ഥാപനങ്ങളായ അള്‍ട്രാടെക് സിമന്റ്, ആദിത്യ ബിര്‍ള ക്യാപിറ്റല്‍ എന്നിവയുടെ പ്രകടനമാണ് വരുമാന വളര്‍ച്ചയ്ക്ക് കാരണമായതെന്ന് കമ്പനി അറിയിച്ചു. മൂന്നാം പാദത്തില്‍ ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ മൊത്തം ചെലവ് 28,749.44 കോടി രൂപയായിരുന്നു. മൊത്ത വരുമാനം 1.93 ശതമാനം വര്‍ധിച്ച് 32,221.97 കോടി രൂപയായിരുന്നു.
വിസ്‌കോസ് പള്‍പ്പ്, വിസ്‌കോസ് സ്റ്റേപ്പിള്‍ ഫൈബര്‍ (വിഎസ്എഫ്), ഫിലമെന്റ് നൂല്‍ സെഗ്മെന്റ് എന്നിവയില്‍ നിന്നുള്ള ഗ്രാസിമിന്റെ വരുമാനം 3,714.58 കോടി രൂപയായിരുന്നു. ഉപകമ്പനിയും മുന്‍നിര സിമന്റ് നിര്‍മ്മാതാക്കളുമായ അള്‍ട്രാടെക് സിമന്റില്‍ നിന്നുള്ള വരുമാനം 2023 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ 15,521.04 കോടി രൂപയില്‍ നിന്ന് 16,739.97 കോടി രൂപയായി ഈ പാദത്തില്‍ ഉയര്‍ന്നു. എന്നാല്‍ കെമിക്കല്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 1,996.16 കോടി രൂപയാണ്. 2023 സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദ വരുമാനം 2,582.42 കോടി രൂപയായിരുന്നു. ആഗോള വിപണി സാഹചര്യങ്ങള്‍ക്ക് അനുസൃതമായി കാസ്റ്റിക് സോഡയുടെ വില കുത്തനെ ഇടിഞ്ഞതാണ് വരുമാന ഇടിവിന് കാരണം.