അദാനി പോർട്സിന്റെ അറ്റാദായം 2,040 കോടി; 6 രൂപ ലാഭവിഹിതം
- പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 19 ശതമാനം ഉയർന്നു
- സാമ്പത്തിക വർഷത്തിൽ അദാനി പോർട്സിന്റെ വരുമാനം 28 ശതമാനം ഉയർന്ന് 26,711 കോടി രൂപയിലെത്തി
- എബിറ്റ്ഡ മാർജിൻ 58.6 ശതമാനമായി മെച്ചപ്പെട്ടു
രാജ്യത്തെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്ററായ അദാനി പോർട്സ് 2024 മാർച്ചിൽ അവസാനിച്ച പാദത്തിൽ 2,040 കോടി രൂപയുടെ സംയോജിത അറ്റാദായം റിപ്പോർട്ട് ചെയ്തു. മുൻവർഷത്തെ സമാന പാദത്തിലെ 1,158 കോടി രൂപയിൽ നിന്ന് 76.2 ശതമാണ് ഉയർന്നതാണിത്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 19 ശതമാനം ഉയർന്ന് 6,896.5 കോടി രൂപയിലെത്തി. മുൻ വർഷമിത് 5,796.85 കോടി രൂപയായിരുന്നു.
ഈ കാലയളവിലെ കമ്പനിയുടെ എബിറ്റ്ഡ (EBITDA) 24 ശതമാനം വർധിച്ച് 4,045 കോടി രൂപയിലെത്തി, മുൻ വർഷത്തെ ഇതേ പാദത്തിൽ 3,273 കോടി രൂപയായിരുന്നു. എബിറ്റ്ഡ മാർജിൻ മുൻ വർഷത്തെ 56.4 ശതമാനത്തിൽ നിന്ന് 58.6 ശതമാനമായി മെച്ചപ്പെട്ടു.
2024 സാമ്പത്തിക വർഷത്തിൽ അദാനി പോർട്സിന്റെ വരുമാനം 28 ശതമാനം ഉയർന്ന് 26,711 കോടി രൂപയിലെത്തി. വരുമാനത്തിൽ തുറമുഖ ബിസിനസ് 30 ശതമാനവും ലോജിസ്റ്റിക് ബിസിനസ് 19 ശതമാനവും സംഭാവന ചെയ്തു. സാമ്പത്തിക വർഷത്തിൽ 8,104 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി റിപ്പോർട്ട് ച്യ്തത്, മുൻ വർഷത്തേക്കാളും 50 ശതമാന വർധന.
ജനുവരി-മാർച്ച് കാലയളവിൽ അദാനി പോർട്ട്‌സ് എക്കാലത്തെയും ഉയർന്ന വോള്യമായ 109 ദശലക്ഷം മെട്രിക് ടൺ (എംഎംടി) കൈവരിച്ചു. അദാനി പോർട്ട്സിൻ്റെ ആഭ്യന്തര കാർഗോ വോളിയം 21 ശതമാനം വർധിച്ചു, ഈ കാലയളവിൽ ഇന്ത്യയുടെ ചരക്ക് അളവ് ഉയർന്നത് 7.5 ശതമാനമാണ്. കമ്പനി 2024 സാമ്പത്തിക വർഷത്തിൽ 420 എംഎംടി ചരക്ക് കൈകാര്യം ചെയ്തു. ഇത് മാർഗ്ഗനിർദ്ദേശമായ 370-390 എംഎംടിയെ മറികടന്നു.
അദാനി പോർട്ട്സ് ലാഭവിഹിതം
അദാനി പോർട്ട്‌സിൻ്റെ ഡയറക്ടർ ബോർഡ് 2023-24 സാമ്പത്തിക വർഷത്തിൽ രണ്ടു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 6 രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു. ജൂൺ 14 വെള്ളിയാഴ്ച 'റെക്കോർഡ് തീയതി' ആയി നിശ്ചയിച്ചു. ജൂൺ 30-നോ അതിനു ശേഷമോ ലാഭവിഹിതം നൽകും.
ഗുജറാത്തിലെ മുന്ദ്രയിൽ രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കൈകാര്യം ചെയ്യുന്ന തുറമുഖം ഉൾപ്പെടെ ഇന്ത്യയിൽ 13 തുറമുഖങ്ങളും ടെർമിനലുകളും കമ്പനിയുടെ കീഴിലുണ്ട്.
അദാനി പോർട്സ് ഓഹരികൾ എൻഎസ്ഇ യിൽ 1.25 ശതമാനം ഉയർന്ന് 1,341.50 രൂപയിൽ ക്ലോസ് ചെയ്തു.