സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തിൽ 90% വർധന
- അറ്റാദായം 90 ശതമാനം ഉയർന്ന് 605.4 കോടിയായി
- അറ്റ എൻപിഎ 1.64 ശതമാനമായി മെച്ചപ്പെട്ടു.
മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 22-23 സാമ്പത്തിക വർഷത്തിലെ 318.2 കോടി രൂപയിൽ നിന്ന് 23-24 സാമ്പത്തിക വർഷത്തിലെ സെപ്തംബർ പാദത്തിൽ 90 ശതമാനം ഉയർന്ന് 605.4 കോടിയായി. പ്രധാന വരുമാനത്തിന്റെ വളർച്ചയും കിട്ടാക്കടങ്ങളുടെ ഇടിവും ലാഭം കുതിച്ചുയരാൻ കാരണമായി. ഈ പാദത്തിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മൊത്തം വരുമാനം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ 7,065 കോടിയിൽ നിന്ന് 8,412 കോടിയായി ഉയർന്നതായി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ മൊത്ത പ്രവർത്തനരഹിത ആസ്തി (എൻപിഎ) 4.62 ശതമാനമായി മെച്ചപ്പെട്ടു. ഇത് 22-23 സെപ്റ്റംബറിൽ എൻപിഎ 9.67 ശതമാനമായാണ് സ്ഥാപനം രേഖപ്പെടുത്തിയത്.അറ്റ എൻപിഎ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിലെ 2.95 ശതമാനത്തിൽ നിന്ന് 1.64 ശതമാനമായി മെച്ചപ്പെട്ടു.
സെപ്തംബർ പാദത്തിൽ ബാങ്കിന്റെ പലിശ വരുമാനം മുൻവർഷത്തെ 6,155 കോടി രൂപയിൽ നിന്ന് 7,351 കോടി രൂപയായി ഉയർന്നു. അറ്റ പലിശ വരുമാനം നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 10.23 ശതമാനം വർധിച്ച് 3,028 കോടി രൂപയായി. മുൻ വർഷം ഇത് 2,747 കോടി രൂപയായിരുന്നു.
ബാങ്കിന്റെ മൊത്തം ബിസിനസ് മുൻ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ 5,40,130 രൂപയിൽ നിന്ന് 11.51 ശതമാനം വർധിച്ച് 6,02,284 കോടി രൂപയായി.