അശോക് ലെയ്‌ലാൻഡിന്‍റെ ആദ്യപാദ അറ്റാദായത്തില്‍ 8 മടങ്ങ് വളര്‍ച്ച

  • കമ്പനി അന്താരാഷ്ട്ര വിപുലീകരണത്തിനുള്ള ശ്രമങ്ങൾ ശക്തം
  • ഇലക്ട്രിക് വാഹന മേഖലയിലും കമ്പനി സജീവമാകുന്നു
  • വിപണി വിഹിതത്തിലും മുന്നേറാനായി
;

Update: 2023-07-21 08:12 GMT
ashok leylands q1 net profit grows 8 times
  • whatsapp icon

ഹിന്ദുജ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അശോക് ലെയ്‌ലാൻഡിന്‍റെ അറ്റാദായം നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ എട്ട് മടങ്ങ് വാര്‍ഷിക വളര്‍ച്ചയോടെ  576 കോടി രൂപയിലെത്തി. വാണിജ്യ വാഹനങ്ങളുടെ മേഖലയില്‍ ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി 2022 -23ന്‍റെ ആദ്യപാദത്തില്‍  68 കോടി രൂപയുടെ അറ്റാദായം മാത്രമാണ് നേടിയിരുന്നത്. വരുമാനം ഇക്കാലയളവില്‍ 7,223 കോടി രൂപയിൽ നിന്ന് 8,189 കോടി രൂപയായി ഉയര്‍ന്നു. 

ഏപ്രില്‍- ജൂണ്‍ കാലയളവില്‍ കമ്പനിയുടെ ആഭ്യന്തര മീഡിയം, ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങളുടെ (എംഎച്ച്‌സിവി) വില്‍പ്പന അളവ് 7 ശതമാനം വളർന്നു. വിപണി വിഹിതം 30 ശതമാനത്തിൽ നിന്ന് 31.2 ശതമാനമായി വളർത്താനും അവലോകന പാദത്തില്‍ സാധിച്ചതായി അശോക് ലെയ്‌ലാൻഡ് പ്രസ്താവനയില്‍ പറഞ്ഞു. ആഭ്യന്തര ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങളുടെ വില്‍പ്പന അളവ് 3 ശതമാനം വര്‍ധനയോടെ 14,821 യൂണിറ്റുകളിലേക്ക് എത്തി. ഒരു വർഷം മുമ്പ് സമാന കാലയളവില്‍ ഇത് 14,384 യൂണിറ്റുകളായിരുന്നു. 

"24 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ വ്യവസായത്തില്‍ ഉടനീളം വളര്‍ച്ച പ്രകടമായി, ചെലവ് നിയന്ത്രിക്കുന്നതിലൂടെയും വിപണിയില്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയും മികച്ച ഫലങ്ങൾ രേഖപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ വിപണി വിഹിതം വർദ്ധിപ്പിക്കുന്നത് ഈ പാദത്തിലും ഞങ്ങൾ തുടർന്നു," അശോക് ലെയ്‌ലാൻഡ് എക്‌സിക്യൂട്ടീവ് ചെയർമാൻ ധീരജ് ഹിന്ദുജ പറഞ്ഞു. കമ്പനി അതേസമയം അന്താരാഷ്ട്ര വിപുലീകരണത്തിനുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ്, " ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ഞങ്ങളുടെ ഉപസ്ഥാപനമായ സ്വിച്ച് മൊബിലിറ്റിയിലൂടെ കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിനുള്ള മുന്നേറ്റത്തിലും ഞങ്ങള്‍ സജീവമാകുകയാണ്" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജൂണ്‍ പാദത്തിൽ എബിറ്റ്ഡ 10 ശതമാനം വളർച്ച നേടി 821 കോടി രൂപയിലെത്തി, മുൻ വർഷം ഇതേ കാലയളവില്‍ 320 കോടി രൂപയായിരുന്നു എബിറ്റ്ഡ. വരുമാനത്തിന്‍റെ  വിപുലീകരണത്തിലൂടെയും കാര്യക്ഷമമായ ചെലവ് മാനേജ്മെന്‍റിലൂടെയും തുടര്‍ന്നും ലാഭം ഗണ്യമായി വര്‍ധിപ്പിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 

Tags:    

Similar News