സൊമാറ്റൊയുടെ ഫുഡ് ഡെലിവറി വളര്‍ച്ചാ നിഗമനത്തില്‍ ഇടിവ്; ഭാവി പ്രതീക്ഷ ക്വിക്ക് കൊമേര്‍സില്‍
- ഇനി ശ്രദ്ധ സ്ഥിരമായി ഓര്‍ഡറുകള്‍ നല്‍കുന്ന ഉപഭോക്താക്കളില്‍
- ക്വിക്ക് കൊമേര്‍സിലെ നിക്ഷേപം ഉയര്‍ത്തി സ്വിഗ്ഗിയും സൊമാറ്റോയും
ഫുഡ്‌ടെക് മേഖലയിലെ വമ്പനായ സൊമാറ്റോ തങ്ങളുടെ മുഖ്യ ബിസിനസായ ഭക്ഷണ വിതരണ മേഖലയില്‍ പരിമിത വളര്‍ച്ചയില്‍ തുടരുമെന്ന് ബ്രോക്കറേജുകളുടെ വിലയിരുത്തല്‍. തുടര്‍ച്ചയായ മൂന്നാം പാദത്തിലും ഈ വിഭാഗത്തിലെ വളര്‍ച്ച മാന്ദ്യം പ്രകടമാക്കും. സോമാറ്റോയുടെ ഫുഡ് ബിസിനസിന്റെ വളര്‍ച്ച സംബന്ധിച്ച മുന്‍ നിഗമനം ജെഎം ഫിനാന്‍ഷ്യല്‍ വെട്ടിക്കുറച്ചിട്ടുണ്ട്. 2022-23 മുതല്‍ 2026-27 വരെയുള്ള കാലയളവില്‍ 25 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു നേരത്തേയുള്ള നിഗമനം. എന്നാല്‍ 21 ശതമാനം വളര്‍ച്ച മാത്രമാണ് ഇപ്പോള്‍ പ്രതീക്ഷിക്കാനാകുക എന്ന് ജെഎം ഫിനാന്‍ഷ്യല്‍ വിലയിരുത്തുന്നു. അതേസമയം കമ്പനിയുടെ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിന്‍ക്ഇറ്റ് മികച്ച വളര്‍ച്ചാ സാധ്യത നിലനിര്‍ത്തുന്നതായും വിലയിരുത്തപ്പെടുന്നു.
കൊറോണ മഹാമാരിയില്‍ നിന്നുള്ള പുറത്തുകടക്കലിനൊപ്പം ഉല്‍സവ സീസണുകളില്‍ പുറത്തുപോയി ആഹാരം കഴിക്കുന്നതിന് കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതും ഫുഡ് ഡെലിവറി ബിസിനസിനെ കഴിഞ്ഞ പാദങ്ങളില്‍ ബാധിച്ചിരുന്നു. പണപ്പെരുപ്പ സമ്മര്‍ദവും ഓര്‍ഡറുകളെ ബാധിക്കുന്നുണ്ട്. ജനുവരിയില്‍ സൊമാറ്റോ തങ്ങളുടെ ഗോള്‍ഡ് റോയല്‍റ്റി പ്രോഗ്രാം പുനരവതരിപ്പിച്ചിരുന്നു. നഷ്ടത്തിലായിരുന്ന 225 നഗരങ്ങളിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. സ്ഥിരമായും കൂടുതലായും ഓര്‍ഡറുകള്‍ നല്‍കുന്ന ഉപഭോക്താക്കളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് സൊമാറ്റോ ഇപ്പോള്‍ ശ്രമിക്കുന്നത്. വല്ലപ്പോഴും മാത്രം ഓര്‍ഡറുകള്‍ നടത്തുകയും ദീര്‍ഘകാല മൂല്യം നല്‍കാതിരിക്കുകയും ചെയ്യുന്ന ഉപഭോക്താക്കളുടെ എണ്ണം ഉയര്‍ത്തുന്നതിന് കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാകില്ല.
ഗോള്‍ഡ് ലോയല്‍റ്റി പ്രോഗ്രാമിന്റെ പുനരവതരണം തങ്ങള്‍ക്ക് നഷ്ടമായ വിപണി വിഹിതത്തിലൊരു ഭാഗം സ്വിഗ്ഗിയില്‍ നിന്നു തിരിച്ചുപിടിക്കാന്‍ സൊമാറ്റോയെ സഹായിച്ചിട്ടുണ്ടെന്നാണ് എച്ച്എസ്ബിസി ഗ്ലോബല്‍ റിസര്‍ച്ചിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. മാര്‍ച്ച് പാദത്തില്‍ റെസ്റ്റോറന്റ് പങ്കാളികളില്‍ നിന്നുള്ള പരസ്യ വരുമാനത്തില്‍ വര്‍ധന പ്രകടമാക്കുന്നതിനൊപ്പം മെച്ചപ്പെട്ട ടേക്ക് റേറ്റുകള്‍, ഡെലിവറി പാര്‍ട്ണര്‍ വിനിയോഗം എന്നിവ സാധ്യമാക്കുന്നതിനും സൊമാറ്റോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഫുഡ് ഡെലിവറിമേഖലയിലെ വളര്‍ച്ച പാകതയിലേക്കെത്തുകയാണെന്നും മുന്‍കാല വളര്‍ച്ചയെ അപേക്ഷിച്ച് കുറഞ്ഞ വളര്‍ച്ചയാകും ഇനിവരുന്ന കാലയളവില്‍ പ്രകടമാകുകയെന്നും അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. ഇതിന്റെ ഫലമായി സൊമാറ്റോയും സ്വിഗ്ഗിയും തങ്ങളുടെ നിക്ഷേപ വളര്‍ച്ചയില്‍ ക്വിക്ക് കൊമേര്‍സ് മേഖലയിലേക്കാണ് നീക്കിവെക്കുന്നത്. മികച്ച വളര്‍ച്ചാ സാധ്യതയാണ് കമ്പനികള്‍ ഈ വിഭാഗത്തില്‍ കാണുന്നത്. വരുന്ന പാദങ്ങളില്‍ സൊമാറ്റോയുടെ ബ്ലിന്‍ക്ഇറ്റും സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ടും തമ്മിലുള്ള മല്‍സരം കടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.