ഇന്ത്യന്‍ കായികമേഖലയില്‍ നിക്ഷേപമിറക്കാന്‍ യുകെ

  • സ്വതന്ത്ര വ്യാപാര കരാര്‍ വഴി പ്രീമിയര്‍ ലീഗില്‍ പങ്കാളിയാകുക ലക്ഷ്യം
  • സേവനമേഖലയിലും മൂലധന നിക്ഷേപത്തിന് താല്‍പര്യം

Update: 2025-02-26 11:01 GMT

ഇന്ത്യന്‍ കായികമേഖലയില്‍ നിക്ഷേപമിറക്കാന്‍ താല്‍പര്യമറിയിച്ച് യുകെ. സ്വതന്ത്ര വ്യാപാര കരാര്‍ വഴി നിക്ഷേപമിറക്കാനാണ് നീക്കം. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ വഴി പ്രീമിയര്‍ ലീഗില്‍ പങ്കാളിയായാവാനാണ് ലക്ഷ്യമിടുന്നതെന്ന് ബ്രിട്ടിഷ് വ്യാപാരമന്ത്രി ജോനാഥന്‍ റെയ്‌നോള്‍ഡ്സ് പറഞ്ഞു.

സേവനമേഖലയിലും മൂലധന നിക്ഷേപത്തിന് താല്‍പ്പര്യമുണ്ട്. ഇന്‍ഷുറന്‍സ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപമെന്ന ഇന്ത്യന്‍ പ്രഖ്യാപനത്തെ പരോക്ഷമായി സൂചിപ്പിച്ച് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആഗോള സാമ്പത്തിക വെല്ലുവിളികള്‍ക്കിടയില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

നിലവില്‍ കായിക മേഖലയിലെ പ്രീമിയര്‍ ലീഗ് പങ്കാളിത്തമാണ് ലക്ഷ്യമിടുന്നത്. യുകെയിലെ അസ്ഥിരമായ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഇക്കണോമിക്സ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കരാറിലൂടെ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം രണ്ടോ മൂന്നോ മടങ്ങ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

നിലവില്‍ ശരാശരി 2,000 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങള്‍ക്കിടയിലുമുള്ളത്. വ്യാപാരം സുഗമമാക്കുന്നതിനായി ഇന്ത്യ കസ്റ്റംസ് തീരുവയിലടക്കം ഇളവു കൊണ്ടുവന്നേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ 8 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. യുഎസിന്റെ താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ചര്‍ച്ച നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. ദീര്‍ഘകാലത്തേക്കുള്ള കരാറായതിനാല്‍ ധൃതിയുണ്ടാകില്ല, പക്ഷേ വേഗം പൂര്‍ത്തിയാക്കുമെന്നു മാത്രമാണ് പറഞ്ഞത്. ഇന്ത്യയുമായുള്ള കരാര്‍ ബ്രിട്ടനെ സംബന്ധിച്ച് പ്രധാന മുന്‍ഗണനയാണെന്നും ജൊനാഥന്‍ റെയ്നോള്‍ഡ്സ് പറഞ്ഞു. 

Tags:    

Similar News