ഇന്ത്യയുടെ ഗോലി സോഡയ്ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പ്രിയമേറി
- യുഎസ്, യുകെ, യൂറോപ്പ്, ഗള്‍ഫ് എന്നിവയുള്‍പ്പെടെയുള്ള വിപണികളില്‍നിന്ന് മികച്ച പ്രതികരണം
- ഗള്‍ഫ് മേഖലയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് ഗോലി പോപ്പ് സോഡയുടെ സ്ഥിരമായ വിതരണം
;

ഇന്ത്യയുടെ പരമ്പരാഗത പാനീയമായ ഗോലി സോഡയ്ക്ക് യുഎസ്, യുകെ, യൂറോപ്പ്, ഗള്‍ഫ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര വിപണികളില്‍ ശക്തമായ ഉപഭോക്തൃ പ്രതികരണം ലഭിക്കുന്നതായി റിപ്പോര്‍ട്ട്. തന്ത്രപരമായ വിപുലീകരണവും നൂതനമായ പുനര്‍നിര്‍മ്മാണവും ഇതിന് കാരണമായി.
ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലകളിലൊന്നായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് ഗോലി പോപ്പ് സോഡ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട സോഡയുടെ സ്ഥിരമായ വിതരണം ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ടെന്ന് വാണിജ്യമന്ത്രാലയം പറയുന്നു.
ഫെയര്‍ എക്സ്പോര്‍ട്ട്സുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിലാണ് സോഡയുടെ വിതരണം.
'ഒരുകാലത്ത് വീടുകളില്‍ പ്രധാന വിഭവമായിരുന്ന ഈ ഐക്കണിക് പാനീയം, അതിന്റെ നൂതനമായ പുനര്‍നിര്‍മ്മാണത്തിലൂടെയും തന്ത്രപരമായ അന്താരാഷ്ട്ര വികാസത്തിലൂടെയും ആഗോള വേദിയില്‍ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തുകയാണ്,' എന്ന് പ്രസ്താവന പറഞ്ഞു.
യുഎസ്എ, യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിജയകരമായ പരീക്ഷണ കയറ്റുമതിയിലൂടെ ആഗോള വിപണികളില്‍ ഈ ഉല്‍പ്പന്നം ഇതിനകം ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ബഹുരാഷ്ട്ര പാനീയ കമ്പനികളുടെ ആധിപത്യം മൂലം ഏതാണ്ട് അപ്രത്യക്ഷമായ ഈ പാനീയത്തിന്റെ പുനരുജ്ജീവനം, ആഗോള വിപണികളില്‍ ആധികാരികവും തദ്ദേശീയവുമായ ഭക്ഷ്യ പാനീയ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് റിപ്പോര്‍ട്ട് പറഞ്ഞു.
'ഗോലി പോപ്പ് സോഡയെ വേറിട്ടു നിര്‍ത്തുന്നത് അതിന്റെ നൂതനമായ പാക്കേജിംഗാണ്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് നൊസ്റ്റാള്‍ജിയ നിറഞ്ഞ പാനീയമാണ് ഇത്. ഒരു അതുല്യമായ പോപ്പ് ഓപ്പണറും ഇതില്‍ ഉള്‍പ്പെടുന്നു. ഈ റീബ്രാന്‍ഡിംഗ് അന്താരാഷ്ട്ര വിപണികളെ ആകര്‍ഷിച്ചു, പാനീയത്തെ ആവേശകരവും ട്രെന്‍ഡിയുമായ ഒരു ഉല്‍പ്പന്നമായി സ്ഥാപിച്ചു,' എന്ന് റിപ്പോര്‍ട്ട് പറഞ്ഞു.
ആഗോള വിപണിയില്‍ ഈ ഉല്‍പ്പന്നത്തിനുള്ള ആവശ്യകത, തദ്ദേശീയമായ ഇന്ത്യന്‍ ഫ്‌ളേവറുകള്‍ക്ക് അന്താരാഷ്ട്ര ഭീമന്മാരുമായി മത്സരിക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്നുവെന്നും ഇത് കയറ്റുമതിക്ക് പുതിയ വഴികള്‍ തുറക്കുന്നുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.