സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 1.75 ലക്ഷം കോടി രൂപ കടന്നു
- ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ കയറ്റുമതി ലക്ഷ്യം 11 മാസങ്ങളില്‍ മറികടന്നു
- മൊത്തം കയറ്റുമതിയുടെ 70 ശതമാനവും ഐഫോണ്‍
- സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍ യുഎസും യൂറോപ്പും
;
2024-25 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 11 മാസങ്ങളില്‍ രാജ്യത്തുനിന്നുള്ള മൊബൈല്‍ഫോണ്‍ കയറ്റുമതി 1.75 ലക്ഷം കോടി രൂപ (21 ബില്യണ്‍ ഡോളര്‍) കവിഞ്ഞതായി റിപ്പോര്‍ട്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി 20 ബില്യണിലെത്തുമെന്നായിരുന്നു ഇലക്ട്രോണിക്‌സ് മന്ത്രാലയം കണക്കാക്കിയിരുന്നത്. ഒരുമാസം ശേഷിക്കെ കയറ്റുമതി മന്ത്രാലയത്തിന്റെ കണക്കുകുട്ടല്‍ മറികടന്നു.
ഇന്ത്യ സെല്ലുലാര്‍ & ഇലക്ട്രോണിക്‌സ് അസോസിയേഷന്റെ കണക്കനുസരിച്ച്, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 11 മാസങ്ങളിലെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയേക്കാള്‍ 54 ശതമാനം കൂടുതലാണ് ഇത്. ഇതില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് ആപ്പിള്‍ ആണ്. ആപ്പിള്‍ വിതരണക്കാര്‍ സര്‍ക്കാരിന് നല്‍കുന്ന സ്വതന്ത്ര കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു.
മൊത്തം കയറ്റുമതിയുടെ 70 ശതമാനവും ഐഫോണ്‍ ആയിരുന്നു. ഇതിന്റെ മൂല്യം 1.25 ട്രില്യണ്‍ രൂപയാണ്.
സാമ്പത്തിക വര്‍ഷം 2025ന്റെ മൂന്നാംപാദത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. പ്രതിമാസം രണ്ട് ബില്യണ്‍ ഡോളര്‍ കടന്നു. മൊത്തം കയറ്റുമതി ഒറ്റപാദത്തില്‍ 6.8 ബില്യണ്‍ ഡോളറിലെത്തി.
നാലാം പാദത്തിലെ ആദ്യരണ്ട് മാസത്തില്‍ കയറ്റുമതിയില്‍ 5.6 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇതോടെ കയറ്റുമതി 21 ബില്യണായി ഉയര്‍ന്നു.
ഇതില്‍ ശ്രദ്ധേയമായ കാര്യം 2024 ഒക്ടോബര്‍ മുതല്‍ കയറ്റുമതിയില്‍ സ്ഥിരമായി രണ്ട് ബില്യണ്‍ ഡോളറിലധികം നേടുന്നു എന്നതാണ്.
കണക്കുകള്‍ പ്രകാരം മൊത്തം കയറ്റുമതിയുടെ 70 ശതമാനവും ആപ്പിള്‍ വിതരണക്കാരായ ഫോക്‌സ്‌കോണ്‍, ടാറ്റ ഇലക്ട്രോണിക്‌സ്, പെഗാട്രോണ്‍ എന്നിവരുടേതായിരുന്നു. ബാക്കി സാംസംഗും ഇന്ത്യന്‍ ബ്രാന്‍ഡുകളും നേടി.
ഇന്ത്യയില്‍നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍ യുഎസും യൂറോപ്പുമാണ്. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിന്റെ വിജയത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട മറ്റ്‌മേഖലകളില്‍ ഒരു പ്രോത്സാഹന പദ്ധതി സര്‍ക്കാര്‍ പരിഗണിക്കുകയാണ്.
ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയുടെ 55ശതമാനത്തോളം യുഎസിലേക്കാണ് പോകുന്നത്. ഇതില്‍ ഐഫോണുകളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
വ്യാപാരം വര്‍ധിപ്പിക്കുന്നതിനായി ഒരു ഉഭയകക്ഷി കരാര്‍ അന്തിമമാക്കുന്നതിന് ഇന്ത്യയും യുഎസും പ്രവര്‍ത്തിക്കുകയാണ്. സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയും ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളുടെ ഭാഗമാണ്.