അസമില്‍ 80,000 കോടിയുടെ റോഡ് പദ്ധതികളുമായി ഗഡ്കരി
- ഗുവാഹത്തി റിംഗ് റോഡ്, ബ്രഹ്‌മപുത്ര നദിക്ക് താഴെയുള്ള തുരങ്കം എന്നിവ പുതിയ പദ്ധതികള്‍
- സ്റ്റാര്‍ സിമന്റ് ലിമിറ്റഡ് അസമില്‍ 3,200 കോടി നിക്ഷേപിക്കും
- 1500 കോടി നിക്ഷേപിക്കാന്‍ മാത്തീസണ്‍ ഹൈഡ്രജന്‍ ലിമിറ്റഡ്
അസമില്‍ 80,000 കോടി രൂപയുടെ റോഡ് പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്ന് റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അഡ്വാന്റേജ് അസം 2.0 ബിസിനസ് ഉച്ചകോടിയിലെ റോഡ്, റെയില്‍വേ, നദീതട അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഒരു സെഷനില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2029 വരെയുള്ള 15 വര്‍ഷത്തിനുള്ളില്‍ തന്റെ മന്ത്രാലയത്തിന് കീഴില്‍ 3 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ സംസ്ഥാനത്ത് പൂര്‍ത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗുവാഹത്തി റിംഗ് റോഡ്, ബ്രഹ്‌മപുത്ര നദിക്ക് താഴെയുള്ള തുരങ്കം, കാസിരംഗ നാഷണല്‍ പാര്‍ക്കിലെ എലിവേറ്റഡ് കോറിഡോര്‍ എന്നിവയാണ് പുതിയ പദ്ധതികള്‍ എന്നും ഗഡ്കരി പറഞ്ഞു.
60,000 കോടി രൂപയുടെ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടന്നുവരികയാണെന്നും പൂര്‍ത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനുപുറമേ സ്റ്റാര്‍ സിമന്റ് ലിമിറ്റഡ് അസമില്‍ 3,200 കോടി രൂപയുടെ സിമന്റ് ക്ലിങ്കര്‍ ആന്‍ഡ് ഗ്രൈന്‍ഡിംഗ് പ്ലാന്റ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു.
അഡ്വാന്റേജ് അസം ബിസിനസ് ഉച്ചകോടിയുടെ സമാപന ദിനത്തില്‍ സംസ്ഥാന സര്‍ക്കാരും കമ്പനിയും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവെച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
ഇതിനുപുറമെ, 1500 കോടി രൂപയുടെ ഹൈഡ്രജന്‍, സ്റ്റീം ഉല്‍പ്പാദന പ്ലാന്റ് സ്ഥാപിക്കാന്‍ തയ്യാറുള്ള മാത്തീസണ്‍ ഹൈഡ്രജന്‍ ലിമിറ്റഡും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കരാറില്‍ ഒപ്പുവച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഗ്ലോബല്‍ ഹെല്‍ത്ത് ലിമിറ്റഡുമായി 500 കോടി രൂപയുടെ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഐടിഇ എഡ്യൂക്കേഷന്‍ സര്‍വീസുമായി രണ്ട് സാമ്പത്തികേതര കരാറുകളിലും ഒപ്പുവച്ചു.