ആഭരണകയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇന്ത്യ-തായ്ലന്‍ഡ് കരാര്‍
- ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി തായ്ലന്റിന്റെ മൊത്തം ഇറക്കുമതി ലക്ഷ്യത്തിന്റെ 15% വരും
- ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് തായ്‌ലന്‍ഡ്
;
രത്നങ്ങളുടേയും ആഭരണങ്ങളുടേയും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യയും തായ്ലന്‍ഡും ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് പ്രതീക്ഷ.
ഇന്ത്യയില്‍ നിന്ന് തായ്‌ലന്‍ഡിലേക്കുള്ള രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി തായ്ലന്റിന്റെ മൊത്തം ഇറക്കുമതി ലക്ഷ്യത്തിന്റെ 15% വരും. ഇന്ത്യയില്‍ നിന്ന് രത്നങ്ങളും ആഭരണങ്ങളും ഇറക്കുമതി ചെയ്യുന്ന ആദ്യ 10 രാജ്യങ്ങളില്‍ ഒന്നാണ് തായ്‌ലന്‍ഡ്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്ത് മാസങ്ങളില്‍ ഇന്ത്യയുടെ രത്നങ്ങളുടെയും ആഭരണങ്ങളുടെയും മൊത്ത കയറ്റുമതി 23,188.12 മില്യണ്‍ യുഎസ് ഡോളറാണ്. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 12.11% ഇടിവ് കാണിക്കുന്നു.
ജെംസ് ആന്‍ഡ് ജ്വല്ലറി റിസര്‍ച്ച് ആന്‍ഡ് ലബോറട്ടറീസ് സെന്റര്‍ (ഐഐജിജെ-ആര്‍എല്‍സി) തായ്‌ലന്‍ഡിലെ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള പൊതു സ്ഥാപനമായ ജെം ആന്‍ഡ് ജ്വല്ലറി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തായ്‌ലന്‍ഡുമായി (ജിഐടി) ധാരണാപത്രം ഒപ്പുവച്ചു. ജ്വല്ലേഴ്‌സ് അസോസിയേഷന്‍ ജയ്പൂരും ചന്തബുരി ജെം ആന്‍ഡ് ജ്വല്ലറി ട്രേഡേഴ്‌സ് അസോസിയേഷനും തമ്മില്‍ രണ്ടാമത്തെ ധാരണാപത്രം ഒപ്പുവച്ചു. മൂന്നാമത്തേത് സീതാപുര ജെംസ് ആന്‍ഡ് ജ്വല്ലറി ഇന്‍ഡസ്ട്രി അസോസിയേഷനും (എസ്ജിജിഐഎ), തായ് സില്‍വര്‍ എക്‌സ്‌പോര്‍ട്ടര്‍ അസോസിയേഷനും (ടിഎസ്ഇഎ) തമ്മിലുള്ളതാണ്.
രത്ന നിലവാരം ഏകോപിപ്പിക്കുന്നതിനും, സംയുക്ത ഗവേഷണം, വിജ്ഞാന വിനിമയം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ധാരണാപത്രം വഴി സാധിക്കും.