കേന്ദ്ര ബജറ്റ് പച്ചക്കൊടി വീശുമോ? കാതോര്‍ത്ത് ശബരി റെയില്‍പ്പാത

  • കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ റെയില്‍വേക്ക് അനുവദിച്ചത് 1,40,000 കോടി രൂപയായിരുന്നു. മുന്‍ സാമ്പത്തികവര്‍ഷത്തേക്കാള്‍ 20,311 കോടി കൂടുതല്‍

Update: 2023-01-31 07:15 GMT

മധ്യകേരളത്തില്‍ വന്‍ വികസനത്തിന് സാധ്യത തുറക്കുന്ന ശബരി റെയില്‍പ്പാതക്ക് കേന്ദ്ര ബജറ്റ് തുക അനുവദിക്കുമോ? നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബജറ്റിന് കാതോര്‍ക്കുകയാണ് കേരളം. മണ്ഡലകാലത്ത് ശബരിമല സന്ദര്‍ശിക്കുന്ന അയ്യപ്പഭക്തര്‍ക്ക് മെച്ചപ്പെട്ട ഗതാഗത സൗകര്യം ഒരുക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് 1998-99 സാമ്പത്തികവര്‍ഷം തുടങ്ങിയ പദ്ധതിയാണിത്. അങ്കമാലിയെ പത്തനംതിട്ട ജില്ലയിലെ എരുമേലിയുമായി ബന്ധിപ്പിക്കുന്ന പാത ആദ്യ ഘട്ടമാണ്. അവിടെ നിന്ന് പുനലൂര്‍ വരെയാണ് രണ്ടാംഘട്ടം. മൂന്നാം ഘട്ടം നെടുമങ്ങാട് വഴി നേമം വരെയാണ്. ശബരി റെയില്‍പാതയുടെ മൂന്നു ഘട്ടങ്ങളും പൂര്‍ത്തിയായാല്‍ കേരളത്തിന്റെ ഗതാഗത മേഖലയ്ക്ക് അത് മുതല്‍ക്കൂട്ടാകും.

ചെലവിട്ടത് 850 കോടി രൂപ

പാതയുടെ നിര്‍മാണം നീണ്ടുപോയതോടെ എസ്റ്റിമേറ്റ് തുക പെരുകിവന്നു. ഇതിനകം 850 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. 115 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ശബരി പാതയിലെ റെയില്‍വേ ആദ്യ സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയായത് കാലടിയിലാണ്. പദ്ധതി ചെലവിന്റെ 50 ശതമാനം സംസ്ഥാനമാണ് വഹിക്കുന്നത്. കിഫ്ബി മുഖേന 2,000 കോടി രൂപ പദ്ധതിക്കായി നല്‍കുമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

പദ്ധതിക്ക് ജീവന്‍ വെക്കുന്നു

ശബരി റെയില്‍പ്പാതയുടെ ചെലവിന്റെ പകുതിഭാഗം സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന ഉറപ്പു ലഭിച്ചതോടെ പദ്ധതിക്ക് ജീവന്‍ ലഭിക്കുകയാണ്. ഇതിന്റെ ഭാഗമായി എസ്റ്റിമേറ്റ് പുതുക്കാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് കെ-റെയില്‍. കൊല്ലപ്പള്ളി മുതല്‍ എരുമേലി വരെയുള്ള 40 കിലോമീറ്റര്‍ ദൂരം ലിഡാര്‍ സര്‍വേ നടത്തുന്നതിന് കരാര്‍ ക്ഷണിച്ചിട്ടുണ്ട്. 36 ലക്ഷം രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.

550 കോടിയില്‍ നിന്ന് 3000 കോടി രൂപയിലേക്ക്

1997-98ലെ റെയില്‍വേ ബജറ്റില്‍ ശബരി റെയില്‍പ്പാത പ്രഖ്യാപിക്കുമ്പോള്‍ വകയിരുത്തിയത് 550 കോടി രൂപയായിരുന്നു. എന്നാല്‍ 2017ല്‍ ഇത് 2815 കോടിയായി ഉയര്‍ന്നു. പുതുക്കിയ എസ്റ്റിമേറ്റിലാണ് പ്രവൃത്തി പുനരാരംഭിക്കുക. ദക്ഷിണ റെയില്‍വേയുടെ നിര്‍ദേശപ്രകാരമാണ് കെ-റെയില്‍ എസ്റ്റിമേറ്റ് പുതുക്കുന്നത്. ഇതിനകം അങ്കമാലി മുതല്‍ കാലടി വരെയുള്ള ഭൂമിയാണ് ഏറ്റെടുത്തത്. ശേഷിക്കുന്നതില്‍ ചില സ്ഥലങ്ങളില്‍ സാമൂഹികാഘാത പഠനം നടന്നുവരുകയാണ്.

ലിഡാര്‍ സര്‍വേ (ബോക്സ്)

ആധുനിക 3ഡി ആകാശ സര്‍വേയാണ് ലിഡാര്‍ സര്‍വേ. ലേസര്‍ സ്‌കാനിംഗിലൂടെയാണ് സര്‍വേ നടത്തുന്നത്. ഡ്രോണില്‍ ഘടിപ്പിച്ച ലിഡാര്‍(ലൈറ്റ് ഡിറ്റെക്ഷന്‍ ആന്‍ഡ് റേഞ്ചിംഗ്) എന്ന ഉപകരണത്തില്‍ നിന്നുള്ള രശ്മികള്‍ ഭൂമിയിലേക്ക് പതിക്കുമ്പോള്‍ ആ സ്ഥലവും അവിടുത്തെ ചലിക്കുന്നതും അല്ലാത്തതുമായ വസ്തുക്കളുടെയും ചിത്രം ഉപകരണത്തില്‍ സേവ് ആകുന്നു. ഈ ഡാറ്റ പ്രൊസസ് ചെയ്ത് സ്ഥലത്തിന്റെ ഉയരം, റോഡുകള്‍, കെട്ടിടങ്ങള്‍ തുടങ്ങി എല്ലാം അടങ്ങിയ ഭൂപടങ്ങള്‍ തയാറാക്കുന്നു.

ഗതാഗതക്കുരുക്ക് ഇല്ലാതാകും

നിര്‍ദിഷ്ട പാത കടന്നുപോകുന്നത് കാര്‍ഷിക സമ്പന്നമായ പ്രദേശങ്ങളിലൂടെയാണ്. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ യാത്രാ തിരക്ക് കുറയ്ക്കുന്നതിനും പ്രദേശത്തെ ചരക്കുനീക്കം വേഗത്തിലാക്കുന്നതിനും ഉപകരിക്കുന്ന വിധം രൂപകല്‍പന ചെയ്തതാണ് പാത. ഇത് പൂര്‍ത്തിയാകുന്നതോടെ നാലു ജില്ലകളിലെ ഗതാഗതക്കുരുക്കിനാണ് അറുതിവരുക. മേഖലയില്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ വടക്കേ ഇന്ത്യയിലുള്‍പ്പെടെ എത്തിക്കാനാവുമെന്നത് കര്‍ഷകര്‍ക്ക് അനുഗ്രഹമാകും.

പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയില്‍ ശബരിയെ ഉള്‍പ്പെടുത്താനുള്ള ശ്രമം ഇതുവരെ ഫലംകണ്ടിട്ടില്ല. ആറുവര്‍ഷം മുമ്പ് പ്രോ ആക്റ്റീവ് ഗവേണന്‍സ് ആന്‍ഡ് ടൈംലി ഇംപ്ലിമെന്റഷനില്‍ (പ്രഗതി) ശബരി പാത പദ്ധതിയെ ഉള്‍പ്പെടുത്തിയതാണ്. വാജ്പേയ് മന്ത്രിസഭയുടെ കാലത്താണ് പാതയ്ക്ക് അനുമതിയായത്. കോണ്‍ഗ്രസ് എംപിമാര്‍ ഈ വിഷയം പലതവണ പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു.

പ്രതീക്ഷ കൈവിടാതെ കേരളം

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ റെയില്‍വേക്ക് അനുവദിച്ചത് 1,40,000 കോടി രൂപയായിരുന്നു. മുന്‍ സാമ്പത്തികവര്‍ഷത്തേക്കാള്‍ 20,311 കോടി കൂടുതല്‍. 400 പുതിയ അതിവേഗ വന്ദേഭാരത് ട്രെയിനുകള്‍ മൂന്നുവര്‍ഷത്തിനകം ഇന്ത്യ നിര്‍മിക്കുമെന്നു പ്രഖ്യാപിച്ച ബജറ്റില്‍ പക്ഷേ കേരളത്തിന് ആശ്വാസമേകുന്ന യാതൊന്നുമുണ്ടായിരുന്നില്ല. ഇത്തവണ പ്രതീക്ഷ പുലരുമോയെന്ന ആകാംക്ഷയിലാണ് വ്യാപാരസമൂഹവും വ്യവസായികളും. വികസനത്തിന്റെ ചൂളംവിളിക്ക് കാതോര്‍ത്ത് ജനങ്ങളും.

Tags:    

Similar News