ആഗോള വ്യാപാര ഇടപാടുകളില്‍ രൂപ മുന്‍നിരയിലേക്ക്, 18 രാജ്യങ്ങളില്‍ വോസ്‌ട്രോ അക്കൗണ്ടുകള്‍ ആരംഭിച്ചു
- ഇന്ത്യന്‍ രൂപ ഉപയോഗിച്ച് റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതാണ് വോസ്‌ട്രോ അക്കൗണ്ടുകള്‍.
ഡെല്‍ഹി: മാര്‍ച്ച് രണ്ടാം വാരം വരെയുള്ള കണക്ക് പ്രകാരം ഇന്ത്യന്‍ ബാങ്കുകളുമായി സഹകരിച്ച് 18 രാജ്യങ്ങള്‍ പ്രത്യേക വോസ്‌ട്രോ അക്കൗണ്ടുകള്‍ ആരംഭിച്ചുവെന്ന് കേന്ദ്രം. എച്ച്ഡിഎഫ്‌സി ബാങ്ക്, യൂക്കോ ബാങ്ക് എന്നിവയിലുള്‍പ്പടെ ഏകദേശം 30 പ്രത്യേക വോസ്‌ട്രോ അക്കൗണ്ടുകള്‍ ആരംഭിച്ചുവെന്നും ഫോറിന്‍ ട്രേഡ് ഡയറക്ടര്‍ ജനറല്‍ സന്തോഷ് കുമാര്‍ സാരംഗി അറിയിച്ചു. ഇത്തരം അക്കൗണ്ടുകള്‍ വഴിയുള്ള ഇടപാടുകളും ചെറിയതോതില്‍ ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ രൂപ ഉപയോഗിച്ച് റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതാണ് വോസ്‌ട്രോ അക്കൗണ്ടുകള്‍. കയറ്റുമതി-ഇറക്കുമതി ഇടപാടിന് പണം ഇടപാടുകാരുടെ വോസ്‌ട്രോ അക്കൗണ്ടിലേക്ക് രൂപയായി നിക്ഷേപിക്കും.
2022 ജൂലൈയിലാണ് വോസ്‌ട്രോ അക്കൗണ്ടുകള്‍ എന്ന സംവിധാനം ആര്‍ബിഐ ആരംഭിക്കുന്നത്. രൂപയുടെ അന്താരാഷ്ട്ര വ്യാപാരം സാധ്യാക്കി വിദേശ വ്യാപാരം മെച്ചപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. ഇതോടെ യുഎസ് ഡോളര്‍ അന്താരാഷ്ട്ര ഇടപാട് കറന്‍സിയായി ഉപയോഗിക്കുന്നതിന് ബദല്‍ സംവിധാനമാകുമെന്ന് ചുരുക്കം.