വരുമാന നേട്ടം കൈവരിച്ച് ഹരിതകര്‍മ സേന

  • മാലിന്യ നിര്‍മാര്‍ജ്ജനത്തിന്റെ കര്‍മ്മ സേന

Update: 2023-07-05 07:15 GMT

തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം സംസ്ഥാനത്ത് ഹരിതകര്‍മസേനയുടെ വരുമാനത്തില്‍ വര്‍ധന. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയേഴ്സ് ഹാളില്‍ നടന്ന തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന മാലിന്യ മുക്ത കേരളം കര്‍മ പരിപാടിയുടെ ആദ്യ ഘട്ടത്തില്‍ മികച്ച നേട്ടമാണ് കേരളം കൈവരിക്കുന്നത്. മാലിന്യ സംസ്‌കരണത്തിലെ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതോടൊപ്പം വസ്തുതാപരമായ വിലയിരുത്തലുകള്‍ നടത്തുകയും വേണം. ഈ മേഖലയില്‍ തിരുവനന്തപുരം നഗരസഭ മികച്ച മാതൃകകള്‍ സൃഷ്ടിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. യൂസര്‍ ഫീ, മാലിന്യ ശേഖരണം, വീടുകളുടെ എണ്ണം എന്നിവയില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്.

പ്ലാസ്റ്റിക് മാലിന്യം വിറ്റ് ഹരിതകര്‍മ സേന ഏഴ് കോടി രൂപയോളം നേട്ടമുണ്ടാക്കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിലേയും കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഈ നേട്ടം.

റോഡ് നിര്‍മാണത്തിനുള്ള പെല്ലറ്റ് പോലുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി പ്ലാസ്റ്റിക് മാലിന്യം മാറ്റിയതിലൂടെ 2021-22 സാമ്പത്തികവര്‍ഷം ആറുകോടി രൂപയും ഈ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളിലായി 1.21 കോടി രൂപയുമാണ് ഹരിതകര്‍മ സേന നേടിയത്. മാലിന്യം ക്ലീന്‍ കേരള കമ്പനി നല്‍കിയത് വഴിയാണ് ഈ നേട്ടം. 8643 മെട്രിക് ടണ്‍ പ്ലാസ്റ്റിക്കില്‍ നിന്നാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം ആറുകോടി രൂപ ലഭിച്ചത്. സംസ്ഥനത്തെ എണ്ണൂറോളം തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യനീക്ക ചുമതല ക്ലീന്‍ കേരള കമ്പനിക്കാണ്.

തുമ്പൂര്‍മുഴി മോഡലുകള്‍, ഉറവിട മാലിന്യ സംസ്‌കരണം, ഹരിത കര്‍മസേന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഊര്‍ജിതമാക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേതൃത്വം നല്‍കണമെന്ന് മന്ത്രി പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രന്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

മാലിന്യ നിര്‍മാര്‍ജ്ജനത്തിന്റെ കര്‍മ്മ സേന

കുടുംബശ്രീ മിഷന് കീഴിലാണ് ഹരിതകര്‍മ സേന പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പത്ത് മുതല്‍ 40 വരെ അംഗങ്ങളുള്ള സംരംഭമാണ് ഹരിതകര്‍മ്മ സേന. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു എംസിഎഫില്‍ എത്തിക്കുകയാണ് സേനയുടെ പ്രധാന പ്രവര്‍ത്തനം. തദ്ദേശ സ്വയംഭരണ സ്ഥാപനം നിശ്ചയിക്കുന്ന യൂസര്‍ഫീ അനുസരിച്ചു വൃത്തിയാക്കിയയായിരിക്കുണം മാലിന്യങ്ങള്‍ എന്ന നിബന്ധനയുണ്ട്. ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ് . സംവിധാനങ്ങളുടെ പര്യാപ്തതയാണ് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം വിജയത്തിനാവശ്യം.

വീടുകളില്‍ നിന്നും അജൈവ മാലിന്യം കൃത്യമായ ഇടവേളകളില്‍ സ്വീകരിച്ച് അവ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ എത്തിക്കുന്നു. ഇവിടെ നിന്നും മാലിന്യം തരംതിരിച്ച് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിയിലേക്ക് മാറ്റുന്നു. തുടര്‍ന്ന് തരംതിരിച്ച മാലിന്യം പുനരുപയോഗം ചെയ്യാനുള്ള സംയോജനങ്ങള്‍ സാധ്യമാക്കുന്നു.

അതേസമയം മലിന്യം ശേഖരിക്കുന്ന ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ ഫീ നിര്‍ബന്ധമായും നല്‍കണമെന്ന് മന്ത്രി എം ബി രാജേഷ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. യൂസര്‍ ഫീ നല്‍കാത്ത പക്ഷം ഇവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കുടിശ്ശികയായി പിരിച്ചെടുക്കാവുന്നതാണ്.

എന്നാല്‍ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് പോലുള്ള അഴുകാത്ത മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ടെങ്കിലും ഇത് കൃത്യമായി നടക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എല്ലാ മാസവും ഹരിത കര്‍മ സേനാംഗങ്ങള്‍ എത്തുന്നില്ലെന്ന സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി പരാതി ശക്തമായിട്ടുണ്ട്.

Tags:    

Similar News