കുടി ജോറാണ്; പക്ഷേ ബാറുകളില്‍ നിന്നുള്ള നികുതി വരുമാനം കുറഞ്ഞു
- . 2023 മുതല്‍ ലൈസന്‍സ് ഫീസ് 32 ലക്ഷമാക്കാന്‍ ഇടതുമുന്നണി തീരുമാനമെടുത്തിരിക്കുകയാണ്
സംസ്ഥാനത്ത് മദ്യപാനം പൊടിപൊടിക്കുമ്പോഴും ബാര്‍ ഹോട്ടലുകളില്‍ നിന്ന് വില്‍പന നികുതിയിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ വില്‍പന നികുതിയിലൂടെ ലഭിച്ച 17,000 കോടിയില്‍ 12,000 കോടിയും പെട്രോള്‍-ഡീസല്‍ വില്‍പനയിലൂടെയാണ്. ശേഷിക്കുന്ന 5000 കോടി രൂപ മാത്രമാണ് മദ്യത്തില്‍ നിന്നുള്ള വരുമാനം.
2021-22ല്‍ 14,500 കോടി രൂപയായിരുന്നു മദ്യത്തിലൂടെയുള്ള സര്‍ക്കാര്‍ വരുമാനം. ഇതാണ് മൂന്നിലൊന്നായി കുറഞ്ഞത്. മദ്യ വില്‍പന നല്ലതോതില്‍ നടന്നപ്പോഴാണിത്. ബാര്‍ ഹോട്ടലുകള്‍ മദ്യ വില്‍പനയുമായി ബന്ധപ്പെട്ട് ഒടുക്കുന്ന വില്‍പന നികുതി ടിഒടി (ടേണ്‍ ഓവര്‍ ടാക്സ്) നിലവില്‍ വില്‍പനയുടെ 10 ശതമാനമാണ്. സംസ്ഥാനത്തെ ബെവ്കോ വെയര്‍ഹൗസുകളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന്മേല്‍ കയറ്റിയിറക്ക്, ട്രാന്‍സ്പോര്‍ട്ടേഷന്‍, ലാഭം എന്നിവ കൂടിച്ചേര്‍ന്ന തുകയാണ് വിറ്റുവരവായി കണക്കാക്കുന്നത്. ഇതിന്മേലാണ് ടിഒടി കണക്കാക്കി സര്‍ക്കാരിലേക്ക് അടക്കുന്നത്.
എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും ബാര്‍ ഹോട്ടലുകളില്‍ നിന്നുള്ള വില്‍പന നികുതി പിരിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയതായാണ് വ്യക്തമാകുന്നത്. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനത്ത് ആകെ 29 ബാര്‍ ഹോട്ടല്‍ ലൈസന്‍സ് മാത്രമാണ് നിലവിലുണ്ടായിരുന്നുള്ളൂ.
സംസ്ഥാനത്ത് വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന 418 ബാര്‍ ഹോട്ടലുകള്‍ പൂട്ടാന്‍ 2014 ല്‍ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബാര്‍ ലൈസന്‍സ് 5സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമാക്കി നിജപ്പെടുത്തി. ഇതുമൂലം സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളുടെ എണ്ണം 2013-14 ല്‍ 748 ആയിരുന്നത് 2016-17 ല്‍ 29 ആയി ചുരുങ്ങി. എന്നാല്‍ 2017 ജൂണോടുകൂടി എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യനയം തിരുത്തുകയും ബാര്‍ ലൈസന്‍സിന് പ്രതിവര്‍ഷം 30 ലക്ഷം രൂപ വീതം സ്വീകരിച്ച് 665 ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്തു. 2023 മുതല്‍ ലൈസന്‍സ് ഫീസ് 32 ലക്ഷമാക്കാന്‍ ഇടതുമുന്നണി തീരുമാനമെടുത്തിരിക്കുകയാണ്.
2016 വരെ കോമ്പൗണ്ടിങ് സമ്പ്രദായത്തില്‍ നികുതി ഒടുക്കാത്ത ബാര്‍ ഹോട്ടലുകളില്‍ എല്ലാ വര്‍ഷങ്ങളിലും ഇന്റലിജന്‍സ് വിഭാഗം പരിശോധന നടത്തി ബാര്‍ ഹോട്ടലുകള്‍ മദ്യം പെഗ്ഗ് അളവില്‍ വില്‍ക്കുമ്പോള്‍ വാങ്ങുന്ന വിലയില്‍ അടങ്ങിയിരിക്കുന്ന ലാഭശതമാനം തന്നെയാണോ പ്രതിമാസ റിട്ടേണുകളില്‍ കാണിച്ചിരിക്കുന്നതെന്ന് പരിശോധിക്കും. വെട്ടിപ്പ് ബോധ്യപ്പെട്ടാല്‍ പിഴ ഈടാക്കുകയും ബന്ധപ്പെട്ട നികുതി നിര്‍ണയ അധികാരിക്ക് ഈ വിവരം കൈമാറുകയും ചെയ്തിരുന്നു. നികുതി നിര്‍ണയിക്കുമ്പോള്‍ ഈ ലാഭശതമാനം ടിഒടി കണക്കാക്കുവാനുള്ള അളവുകോലായും ഉപയോഗിച്ചുപോന്നു.
2017 ന് ശേഷം ഇത്തരം പരിശോധനകള്‍ ഒഴിവാക്കി ബാറുകാര്‍ തയാറാക്കി കൊണ്ടുവരുന്ന കണക്കുകള്‍ അംഗീകരിച്ച് നികുതി നിര്‍ണയിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണുള്ളത്. ഭൂരിഭാഗം ബാര്‍ ഹോട്ടലുകളും നികുതി റിട്ടേണുകള്‍ സമയബന്ധിതമായി ഫയല്‍ ചെയ്യുന്നുമില്ല. എന്നാല്‍ ഇവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നുമില്ല. ഇതിനു വേണ്ട ഒത്താശ ചെയ്യുകയാണ് നികുതി വകുപ്പ് മേധാവികളെന്ന് ആരോപണമുണ്ട്. ഈ ഒത്തുകളി മൂലം സംസ്ഥാനത്തിന് വന്‍ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്.