പ്രതീക്ഷയേകി പ്രതിരോധ ഉല്‍പ്പാദനരംഗം; ആദ്യമായി 12 ബില്യണ്‍ ഡോളര്‍ പരിധി കടന്നു

  • കഴിഞ്ഞ ദശകത്തില്‍ ഇന്ത്യ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാര്‍
  • സൈനിക സാമഗ്രികളുടെ പകുതിയോളം റഷ്യന്‍ നിര്‍മ്മിതം
  • ഇന്ത്യ വിറ്റഴിച്ചത് 160 ബില്യണ്‍ രൂപയുടെ പ്രതിരോധ സാമഗ്രികള്‍

Update: 2023-05-19 10:33 GMT

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ പ്രതിരോധ ഉല്‍പ്പാദനം 12ശതമാനത്തിലധികം ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. റഷ്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ആയുധ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ രാജ്യം പരമാവധി ശ്രമിച്ചുവരികയാണ്.

ഈ രംഗത്തെ ഉല്‍പ്പാദനം ആദ്യമായി 1 ട്രില്യണ്‍ രൂപ (12 ബില്യണ്‍ ഡോളര്‍) എന്ന പരിധികടന്നതായും സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ ദശകത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാരായിരുന്നു ഇന്ത്യ. രാജ്യത്തിന്റെ സൈനിക സാമഗ്രികളുടെ പകുതിയോളം റഷ്യന്‍ നിര്‍മ്മിതമാണ്. അവയുടെ സ്‌പെയര്‍ പാര്‍ട്‌സുകളും മറ്റ് സര്‍വീസുകളും നവീകരണവും എല്ലാം റഷ്യയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.

ഇത് പ്രായോഗികമായി പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യമാണ്. ഉക്രെയ്‌നിലെ യുദ്ധം പ്രതിരോധ ഉല്‍പ്പന്ന,സേവന,വിതരണ രംഗത്ത് വിലങ്ങുതടി ആയിട്ടുണ്ട്. സ്‌പെയര്‍ പാര്‍ട്‌സുകള്‍ എത്തുന്നതില്‍ കാലതാമസവും മറ്റ് കരാറുകള്‍ നടപ്പാക്കുന്നതില്‍ വീഴ്ചയും സംഭവിക്കുന്നു.

റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ വിതരണം അവര്‍ വൈകിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒന്നുമാത്രമാണ് ഇതുവരെ ഇന്ത്യയിലേക്കെത്തിയത്. ടാങ്കുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവ സംബന്ധിച്ചും താമസം നേരിടുന്നു.

അതേസമയം ഈ അവസരം ഉപയോഗപ്പെടുത്താന്‍ പാശ്ചാത്യ ശക്തികള്‍ ശ്രമിച്ചു വരികയാണ്. ഇന്ത്യയിലെ ആയുധ വിപണി വളരെ വലുതാണ് എന്നതുതന്നെ കാരണം. ഇക്കാര്യത്തില്‍ യുഎസും ഫ്രാന്‍സും ഇസ്രയേലും മുന്‍പന്തിയിലാണ്.

മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ ഇന്ത്യയുടെ പ്രാദേശിക പ്രതിരോധ ഉല്‍പ്പാദനത്തിന്റെ മൂല്യം 1.07 ട്രില്യണ്‍ രൂപയായി കുതിച്ചുയര്‍ന്നു. ചില സ്വകാര്യ പ്രതിരോധ കമ്പനികളില്‍ നിന്നുള്ള ഡാറ്റകൂടി വരുമ്പോള്‍ ഈ കണക്കുകള്‍ ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

പ്രതിരോധ വ്യവസായങ്ങളും അവരുടെ അസോസിയേഷനുകളും സര്‍ക്കാര്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. അവരുമായി മികച്ച ബന്ധം പുലര്‍ത്താനും സര്‍ക്കാരിന് കഴിയുന്നുണ്ട്.

രാജ്യത്ത് പ്രതിരോധ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണിതെന്ന് പ്രതിരോധ മന്ത്രാലയം പറയുന്നു. ഇഷ്യൂ ചെയ്ത പ്രതിരോധ-വ്യവസായ ലൈസന്‍സുകളുടെ എണ്ണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഏകദേശം മൂന്നിരട്ടിയായി വര്‍ദ്ധിച്ചിട്ടുള്ളത് ഈ രംഗത്തെ കമ്പനികളുടെ താല്‍പ്പര്യത്തെ എടുത്തുകാട്ടുന്നു.

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുത്തനെ ഉയര്‍ന്നു. ഈ രംഗത്ത് 24 ശതമാനം വര്‍ധനയാണ് റിപ്പോര്‍ട്ടുചെയ്യപ്പെട്ടത്. 160 ബില്യണ്‍ രൂപയുടെ പ്രതിരോധ സാമഗ്രികളാണ് ആഗോളതലത്തില്‍ ഇന്ത്യ വിറ്റഴിച്ചത്.

ഡോര്‍ണിയര്‍ വിമാനങ്ങള്‍, പീരങ്കികള്‍, റഷ്യയുമായുള്ള സംയുക്ത സംരംഭത്തില്‍ നിര്‍മ്മിക്കുന്ന ബ്രഹ്മോസ് മിസൈലുകള്‍, റഡാറുകള്‍, കവചിത വാഹനങ്ങള്‍, റോക്കറ്റുകള്‍, ലോഞ്ചറുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയാണ് പ്രധാനമായും രാജ്യം കയറ്റുമതി ചെയ്യുന്നത്.

സംഘര്‍ഷത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്ന അതിര്‍ത്തിയാണ് ഇന്ത്യയുടേത്. അതിനാല്‍ ആയുധങ്ങളുടെ കാര്യത്തില്‍ പിഴവ് സംഭവിച്ചാല്‍ അത് മറ്റു രാജ്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധ്യത ഏറെയാണ്.

അതിര്‍ത്തിയിലുള്ള പ്രദേശങ്ങള്‍ സംബന്ധിച്ച് കാലങ്ങളായി തര്‍ക്കം നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ പ്രതിരോധ ഉപകരണങ്ങളുടെ നവീകരണവും സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യതയും രാജ്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

ഈ സാഹചര്യത്തില്‍ ആഭ്യന്തര ഉല്‍പ്പാദനത്തിന് പ്രസക്തി ഏറുകയാണ്. കൂടാതെ അതിനെ വ്യവസായമായി മാറ്റുകയും ചെയ്തതിനാല്‍ വിദേശ വിപണികളില്‍നിന്ന് വരുമാനവും ഉറപ്പാക്കുന്നു.

Tags:    

Similar News