ദക്ഷിണ കൊറിയയിലെ ഇ-കൊമേഴ്സ് വമ്പന്‍ ഇന്ത്യയിലേക്ക്

  • കൂപാങിന്‍റെ വരവ് ഫ്ളിപ്‍കാർട്ടിനും ആമസോണിനും വെല്ലുവിളി
  • ചർച്ചകള്‍ക്കായി സര്‍ക്കാരിന് അപേക്ഷ നല്‍കി
  • ജൂണില്‍ ചർച്ചകള്‍ തുടങ്ങിയേക്കും

Update: 2023-05-28 10:14 GMT

ദക്ഷിണ കൊറിയയിലെ വന്‍കിട ഇ-കൊമേഴ്‌സ് കമ്പനിയായ കൂപാങ് ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാൻ തയാറെടുക്കുന്നു. ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വിപണികളിലൊന്നായ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്ക് കമ്പനി ശ്രമമാരംഭിച്ചിട്ടുണ്ട്. സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള കൂപാങിന്‍റെ കടന്നുവരവ് ഫ്ളിപ്‍കാര്‍ട്ടിന്‍റെയും ആമസോണിന്‍റെയും വിപണി വിഹിതത്തിന് വെല്ലുവിളി ഉയര്‍ത്തി ഇന്ത്യന്‍ ഇ-കൊമേഴ്സ് വിപണിയുദ്ധത്തിന് ചൂടുപിടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂപാങിന്‍റെ ഇന്ത്യന്‍ വിപണിയോടുള്ള താല്‍പ്പര്യം വ്യക്തമാക്കിക്കൊണ്ട് ദക്ഷിണ കൊറിയന്‍ സര്‍ക്കാരില്‍ നിന്നുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തില്‍ കമ്പനി പ്രതിനിധികളുമായി ജൂണില്‍ ചര്‍ച്ചകള്‍ ആരംഭിച്ചേക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ‍ൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. 'ദക്ഷിണ കൊറിയയുടെ ആമസോണ്‍' എന്നറിയപ്പെടുന്ന കൂപാങ് വളരേ വേഗത്തില്‍ വളർച്ച പ്രകടമാക്കുന്ന ഒരു സ്റ്റാര്‍ട്ട്അപ്പാണ്.

ചൂടുപിടിക്കുന്ന ഇന്ത്യന്‍ വിപണി

ഇന്ത്യ ഒരു ലാഭകരമായ ഇ-കൊമേഴ്‌സ് വിപണിയായി അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. ഇനിയും ഏറെ വളർച്ചാസാധ്യത ഈ മേഖലയ്ക്ക് ഇന്ത്യയിലുണ്ടെന്നാണ് കണക്കാക്കുന്നത്. എഫ്ഐഎസ് 2023 ഗ്ലോബൽ പേയ്‌മെന്റ് റിപ്പോർട്ട് പ്രകാരം 2022-ൽ 83 ബില്യൺ ഡോളർ മൂല്യമാണ് ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണിക്കുള്ളത്. ഇത് 2026-ൽ 150 ബില്യൺ ഡോളറായി വളരുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

കഴിഞ്ഞ ദശകത്തിൽ ആമസോണും വാള്‍മാര്‍ട്ട് പിന്തുണയ്ക്കുന്ന ഫ്ളിപ്‍കാര്‍ട്ടും ഇന്ത്യൻ വിപണിയിൽ കാര്യമായ മുന്നേറ്റം സൃഷ്ടിച്ചിട്ടുണ്ട്. സർക്കാർ പിന്തുണയുള്ള ഒഎൻ‌ഡി‌സിയിൽ നിന്നും മറ്റ് ആഭ്യന്തര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ റിലയൻസിന്റെ ജിയോമാർട്ട്, ടാറ്റ ഡിജിറ്റൽ എന്നിവയിൽ നിന്നും ഇവർ മത്സരം നേരിടുന്നുണ്ട്. ഇവിടേക്ക് കൂപാങ് കടന്നുവരുന്നത് വിപണിയിലെ സമവാക്യങ്ങളെ മൊത്തത്തില്‍ മാറ്റിമറിച്ചേക്കും.

ജപ്പാനെ കൈയൊഴിഞ്ഞ് ഇന്ത്യയിലേക്ക്

ജപ്പാനിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഒരു വർഷത്തിന് ശേഷമാണ് കൂപാങ് ഇന്ത്യന്‍ വിപണിയിലേക്ക് തിരിയുന്നത്. 21 മാസങ്ങൾ മാത്രമാണ് കമ്പനി ജപ്പാനില്‍ പ്രവർത്തിച്ചിട്ടുള്ളത്. ജപ്പാനിൽ ശക്തമായ കൺവീനിയൻസ് സ്റ്റോർ ബിസിനസ്സ് സംസ്‌കാരം ഉള്ളതിനാലും ലോകത്തിലെ ഏറ്റവും ഉയർന്ന മുതിർന്ന ജനസംഖ്യയുള്ള രാജ്യമായതിനാലും അവരിൽ പലരും ഓൺലൈനിൽ പലചരക്ക് സാധനങ്ങളും ഉല്‍പ്പന്നങ്ങളും വാങ്ങുന്നത് പതിവില്ലാത്തതിനാലുമാണ് കമ്പനി ഈ തീരുമാനമെടുത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ ഇന്ത്യയിലെ സാഹചര്യം തീർത്തും വ്യത്യസ്തമാണെന്ന് കമ്പനി കണക്കുകൂട്ടുന്നു. ഇന്‍റർനെറ്റ് സാന്ദ്രത വർധിക്കുന്നതും യുവാക്കള്‍ക്കിടയിലെ ഓണ്‍ലൈന്‍ ഷോപ്പിംഗ് വര്‍ധിക്കുന്നതും പ്രതീക്ഷ നല്‍കുന്നു. 34.6 കോടി ഇന്ത്യക്കാര്‍ നിലവില്‍ ഓണ്‍ലൈന്‍ പണമിടപാട് നടത്തുന്നവരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ ഇടപാടുകളിലേറെയും ഇ-കൊമേഴ്സുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. 

Tags:    

Similar News