കടം 21% ഉയര്‍ന്നു, അദാനി ഗ്രൂപ്പിന്‍റെ നില്‍പ്പ് ആഗോള ബാങ്കുകളുടെ പടിക്കല്‍

  • വായ്പയില്‍ ആഗോള ബാങ്കുകളുടെ വിഹിതം 29%
  • അദാനി ഗ്രൂപ്പിന്‍റെ ഓഹരികള്‍ക്കുണ്ടായ തിരിച്ചടി പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല
  • കമ്പനിയുടെ വായ്പാ തിരിച്ചടവ് ശേഷി മെച്ചപ്പെട്ടതായും ഡാറ്റ
;

Update: 2023-04-18 11:00 GMT

മാര്‍ച്ചില്‍ അവസാനിച്ച ഒരു വര്‍ഷക്കാലത്തിനിടെ അദാനി ഗ്രൂപ്പിന്റെ കടബാധ്യത 21% വർദ്ധിച്ചുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. വായ്പയിലെ ആഗോള ബാങ്കുകളുടെ വിഹിതത്തില്‍ മൂന്നിലൊന്നിന്‍റെ വര്‍ധനയുണ്ടായിട്ടുണ്ട്.

കമ്പനിയുമായി ബന്ധപ്പെട്ട സ്രോതസ്സുകളില്‍ നിന്നും കമ്പനി നടത്തിയിട്ടുള്ള വിവിധ അവതരണങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച്, മാർച്ച് അവസാനത്തെ കണക്കു പ്രകാരം കമ്പനിയുടെ മൊത്തം വായ്പകളില്‍ 29 % അന്താരാഷ്ട്ര ബാങ്കുകളിൽ നിന്നാണ്. ഏഴ് വർഷം മുമ്പ് ഗ്രൂപ്പിന്റെ വായ്പാദാതാക്കളുടെ പട്ടികയില്‍ ഇല്ലാതിരുന്ന വിഭാഗമാണിത്. എങ്കിലും കമ്പനിയുടെ വായ്പാ തിരിച്ചടവ് ശേഷി മെച്ചപ്പെട്ടതായും ഡാറ്റ കാണിക്കുന്നു.

ഇന്ത്യയില്‍ ഗുജറാത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന കമ്പനിയില്‍ നിന്ന് അന്തര്‍ദേശീയ തലത്തിലുള്ള ബിസിനസ് താല്‍പ്പര്യങ്ങളിലേക്കുള്ള ഗ്രൂപ്പിന്‍റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ കൂടി പ്രതിഫലനമാണ് വായ്പാവിഹിതത്തില്‍ വരുന്ന മാറ്റങ്ങളുടെ പ്രധാന കാരണം. ഓസ്ട്രേലിയയിലും ഇസ്രയേലിലും ഗ്രൂപ്പിന് വലിയ ബിസിനസ് പദ്ധതികളുണ്ട്.

എന്നാല്‍ വിപുലമായ കോര്‍പ്പറേറ്റ് തട്ടിപ്പാണ് അദാനി ഗ്രൂപ്പിന് കീഴില്‍ നടക്കുന്നതെന്ന് യുഎസ് ഷോര്‍ട്ട്സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്ന സാഹചര്യത്തില്‍ കമ്പനിയുടെ അന്തര്‍ദേശീയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സൂക്ഷ്‍മമായ നിരീക്ഷണങ്ങള്‍ക്ക് വിധേയമാകുകയാണ്. ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടും നിക്ഷേപകരുടെ വിശ്വാസം തിരികെ നേടുന്നതിനുമായി വ്യാപക ശ്രമങ്ങളാണ് അദാനി ഗ്രൂപ്പ് എക്സിക്യൂട്ടിവുകള്‍ നടത്തുന്നത്.

എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന്‍റെ ഫലമായി അദാനി ഗ്രൂപ്പിന്‍റെ ഓഹരികള്‍ക്കും ഡോളര്‍ ബോണ്ടുകള്‍ക്കുമുണ്ടായ തിരിച്ചടി ഇനിയും പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ധനസമാഹരണത്തിനായി കമ്പനിക്ക് കൂടുതല്‍ ചെലവിടല്‍ നടത്തേണ്ടി വന്നേക്കാം. എന്നാല്‍ വായ്പാ അനുപാതം ഉയരുന്നത് ഇതിന് പ്രതികൂലമാണ്. നിക്ഷേപ സമാഹരണത്തിനായുള്ള അദാനി ഗ്രൂപ്പിന്‍റെ ശേഷിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വിവിധ റേറ്റിംഗ് ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബ്ലൂംബെര്‍ഗ് വിലയിരുത്തിയ ഡാറ്റ അനുസരിച്ച് കമ്പനിയുടെ അറ്റവായ്പയും റണ്‍റേറ്റ് എബിറ്റ്ഡയും തമ്മിലുള്ള അനുപാതം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3.2 ആണ്. 2013 സെപ്റ്റംബറിലുണ്ടായിരുന്ന 7.6ല്‍ നിന്ന് ഏറെ മെച്ചപ്പെട്ട ഈ നില കമ്പനിയുടെ വായ്പാ തിരിച്ചടവ് ശേഷിയെ സംബന്ധിച്ച് അനുകൂലമായ ഒരു കാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഴ് പ്രധാന ലിസ്‌റ്റഡ് അദാനി കമ്പനികളുടെ മൊത്ത കടം മാർച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ 20.7% ഉയർന്ന് 2.3 ട്രില്യൺ രൂപയായി. ഇതില്‍ ബോണ്ടുകളുടെ വിഹിതം 39%  2016 മാര്‍ച്ചില്‍ ഇത് വെറും 14% മാത്രമായിരുന്നു. 

" ആഴത്തിലുള്ള അമിതാധികാരം " എന്ന് അദാനി ഗ്രൂപ്പിന്‍റെ കണക്കുകളെ കുറിച്ച് റിസര്‍ച്ച് സ്ഥാപനം ക്രെഡിറ്റ് സൈറ്റ്സ് കഴിഞ്ഞ വർഷം സൂചിപ്പിച്ചതിനു ശേഷമാണ് കമ്പനിയെ കുറിച്ചുള്ള ആശങ്കകള്‍ തലക്കെട്ടുകളില്‍ നിറഞ്ഞു തുടങ്ങിയത്.

Tags:    

Similar News