മൂലധനാദായ നികുതി വ്യവസ്ഥ പരിഷ്‌ക്കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവിലെ നികുതി വ്യവസ്ഥ ലളിതമാക്കാനും, നിക്ഷേപ കാലയളവ്, നികുതി നിരക്ക് എന്നിവയില്‍ ഏകീകരണം നടപ്പിലാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവിലെ മൂലധനേട്ട നികുതി വ്യവസ്ഥ അല്‍പ്പം സങ്കീര്‍ണമാണ്. അതുകൊണ്ട് തന്നെ അത് പരിഷ്‌കരിക്കേണ്ടതും ലളിതമാക്കേണ്ടതുമുണ്ടെന്നാണ് ആദായനികുതി വിഭാഗത്തിലെ ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നത്.
ഓഹരികള്‍, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രിഫറന്‍സ് ഓഹരികള്‍, ഓഹരിയധിഷ്ടിത മ്യൂച്വല്‍ ഫണ്ടുകള്‍, സീറോ കൂപ്പണ്‍ ബോണ്ടുകള്‍, യുടിഐ യൂണിറ്റുകള്‍ എന്നിവയില്‍ 12 മാസക്കാലയളവില്‍ കൂടുതല്‍ നിക്ഷേപം നടത്തുമ്പോഴാണ് ദീര്‍ഘകാല മൂലധനാദായ നികുതി ബാധകമാകുന്നത്.
ഭൂമി, കെട്ടിടം, വീട് തുടങ്ങിയ വസ്തുക്കള്‍ 24 മാസം കയ്യില്‍ വെയ്ക്കുമ്പോഴാണ് ദീര്‍ഘകാല മൂലധനാദായ നികുതി പരിധിയില്‍ വരുന്നത്. ഡെറ്റ് ഫണ്ടുകള്‍, സ്വര്‍ണാഭരണം എന്നിവയ്ക്ക് 36 മാസക്കാലയളവിനുശേഷമാണ് ദീര്‍ഘകാല മൂലധനാദായ നികുതി ബാധകമാകുന്നത്.
റിയല്‍ എസ്റ്റേറ്റ്, ഡെറ്റ് മ്യൂച്വല്‍ഫണ്ട് എന്നിവയിലെ നിക്ഷേപങ്ങള്‍ക്ക് ദീര്‍ഘകാല മൂലധനേട്ടത്തിന് നികുതിയിളവുണ്ട്. ഇവയ്ക്ക് പണപ്പെരുപ്പം കിഴിച്ചുള്ള നേട്ടത്തിന് (ഇന്‍ഡെക്സേഷന്‍) 20 ശതമാനം നികുതി നല്‍കിയാല്‍ മതിയാകും.
നിലവില്‍ ദീര്‍ഘകാല മൂലധനാദായത്തിന് പൊതുവേ 20 ശതമാനമാണ് നികുതി നല്‍കുന്നത്. ഓഹരിയുടെ കാര്യത്തില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കുന്ന മൊത്തം നേട്ടം ഒരു ലക്ഷം രൂപയ്ക്കു മുകളിലാണെങ്കില്‍ 10 ശതമാനമാണ് ദീര്‍ഘകാല മൂലധനാദായ നികുതി. ഓഹരികള്‍ മറ്റ് അനുബന്ധ ആസ്തികള്‍ എന്നിവയുടെ ഹ്രസ്വകാല മൂലധനാദായ നികുതി 15 ശതമാനമാണ്.