വിപണി തുറക്കും മുമ്പ് അറിയേണ്ടത് ( ജൂണ്‍ 28)
നിഫ്റ്റി 24000-ന് മുകളില്‍; ഇനിയെന്ത്?
മൂന്നു ദിവസമായി ബുള്ളുകളുടെ നിയന്ത്രണത്തിലുള്ള വിപണിയില്‍ ഇപ്പോഴും കരടികള്‍ ദുര്‍ബലമായ അവസ്ഥയിലാണ്.
വിപണി ഓവര്‍സോള്‍ഡ് നിലയിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ പോസീറ്റീവ് മൊമന്റം എത്ര കണ്ടു മുന്നോട്ടു പോകുമെന്നു ജാഗ്രതയോടെ നിരീക്ഷിക്കുകയും തീരുമാനമെടുക്കുയും ചെയ്യുക.
വിപണി ഇന്നലെ
എഫ് ആന്‍ഡ് ഒ പ്രതിമാസ ക്ലോസിംഗ് ദിവസമായ ഇന്നലെ ഷോര്‍ട്ട് കവറിംഗിന്റെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി പുതിയ ഉയരങ്ങള്‍ കുറിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി ഇന്നലെ റിക്കാര്‍ഡ് ഉയര്‍ച്ചയിലാണ് ക്ലോസ് ചെയ്തത്. അതും സൈക്കോളജിക്കല്‍ റെസിസ്റ്റന്‍സ് ആയ 24000 പോയന്റിനു മുകളില്‍. ഇന്നലെ തുടര്‍ച്ചയായ നാലാം ദിവസമാണ് നിഫ്റ്റി പുതിയ പ്രതിദിന ഉയരങ്ങളും പ്രതിദിനതാഴ്ചയില്‍ പുതിയ ഉയരങ്ങളും സൃഷ്ടിച്ചു മുന്നേറുകയായിരുന്നു.
ഇന്നലെ ഫ്ളാറ്റായി ഓപ്പണ്‍ ചെയ്ത നിഫ്റ്റി 23805 പോയിന്റ് വരെ എത്തിയശേഷം മെച്ചപ്പെടുകയായിരുന്നു. ദിവസത്തിന്റെ അവസാനത്തില്‍ 24087.45 പോയിന്റ് വരെ ഉയര്‍ന്നശേഷമാണ് 24044.5 പോയിന്റില്‍ ക്ലോസ് ചെയ്തത്. തലേദിവസത്തേക്കാള്‍ 175.70പോയിന്റെ വര്‍ധനയാണുണ്ടായിട്ടുള്ളത്. റിക്കാര്‍ഡ് ക്ലോസിംഗാണിത്.
വെറും നലു ദിവസംകൊണ്ട് രണ്ടായിരത്തിലധികം പോയിന്റാണ് ബഞ്ച്മാര്‍ക്ക് സൂചികയായ സെന്‍സെക്സ് നേടിയത്. ജൂണ്‍ 21-ലെക്ലോസിംഗായ 77209.9 പോയിന്റില്‍നിന്ന് ഇന്നലെ 79243.18 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഇന്നലെ 568.93 പോയിന്റ് മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. ആദ്യമായാണ് സെന്‍സെക്സ് 79000 പോയിന്റിനു മുകളിലെത്തുന്നതും ക്ലോസ് ചെയ്യുന്നതും.
ഐടി ഓഹരികളുടെ പിന്തുണയിലാണ് ഇന്നലെ വിപണി റിക്കാര്‍ഡ് ഉയര്‍ച്ച നേടിയത്. ഓട്ടോ, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നീ മേഖലകളില്‍നിന്നും വിപണിക്കു പിന്തുണ ലഭിച്ചു. എന്നാല്‍ ബാങ്കിംഗ് ഓഹരികള്‍ കാര്യമായ വ്യത്യാസമില്ലാതെ തുടര്‍ന്നു. ഇന്നും ഹെവിവെയ്റ്റ്് ഓഹരികളുടെ പിന്‍ബലത്തിലാണ് വിപണി മെച്ചപ്പെട്ടത്. ചുരുങ്ങിയ സമയത്തില്‍ ഇത്രയും ഉയര്‍ച്ച ഉണ്ടായെങ്കിലും അതു പൊതുവേ ഓഹരികളില്‍ പ്രതിഫലിച്ചിട്ടില്ല.ഏതാനും ഇന്‍ഡെക്സ് സൂചികകളിലെ മുന്നേറ്റമാണ് സൂചികകളെ ഉയര്‍ത്തിയിയിട്ടുള്ളത്. അള്‍ട്രാടെക് 5.15 ശതമാനവും എല്‍ടി മൈന്‍ഡ്ട്രീ 3.85 ശതമാനവും ഗ്രാസിം 3.34 ശതമാനവും എന്‍ടിപിസി 3.31 ശതമാനവും വിപ്രോ 3.15 ശതമാനവും ഉയര്‍ച്ച നേടി.
ഇന്നലെയും കൂടുതല്‍ ഓഹരികള്‍ ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ 2463 ഓഹരികള്‍ ചുവപ്പില്‍ ക്ലോസ് ചെയ്തപ്പോള്‍ 1453 ഓഹരികളാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. തലേദിവസത്തേക്കാള്‍ കൂടുതല്‍ ഓഹരികള്‍ ഇന്നലെ ചുവപ്പിലേക്ക്ു വീണു.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
23500-23600 തലത്തില്‍ കണ്‍സോളിഡേഷനില്‍നിന്നു പുറത്തുവന്ന നിഫ്റ്റി തുടര്‍ച്ചയായ നാലു ദിവസംകൊണ്ട് 544 പോയിന്റ് വര്‍ധന നേടി റിക്കാര്‍ഡ് ഉയരത്തില്‍ എത്തിയിരിക്കുകയാണ്. ഈ ദിവസങ്ങളിലെല്ലാം നിഫ്റ്റി പുതിയ ഉയരങ്ങള്‍ സൃഷ്ടിച്ചതോടൊപ്പം പ്രതിദിന താഴ്ച ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. വിപണി ഓവര്‍സോള്‍ഡിലേക്ക് അടുക്കുകയുമാണ്.
ഇന്നലത്തെ മൊമന്റം ശക്തമായി വിപണിയില്‍ തുടരുകയാണെങ്കില്‍ ഇന്ന് നിഫ്റ്റി പുതിയ ഉയരത്തിലേക്ക് നീങ്ങും. കഴിഞ്ഞ ദിവസങ്ങളില്‍ സൂചിപ്പിച്ചതുപോലെ 24100 പോയിന്റ് ആദ്യ റെസിസ്റ്റന്‍സാകും. തുടര്‍ന്ന് 24350-23400 തലത്തിലും 24445-24510 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.
വിപണിക്ക് ഇപ്പോഴത്തെ മൊമന്റം നഷ്ടമായാല്‍ നിഫ്റ്റിക്ക് 23600-23800 തലത്തില്‍ പിന്തുണ കിട്ടും. തുടര്‍ന്ന് 23300-23400 തലത്തിലും തുടര്‍ന്ന് 23000 പോയിന്റ് ചുറ്റളവിലും ശക്തമായ പിന്തുണയുണ്ട്.
പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷ് മോഡില്‍ തുടരുകയാണ്. ഇന്നലെ 69.26 ആണത്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: ചരിത്രത്തിലാദ്യമായി ഇന്നലെ 53000 പോയിന്റ് കടന്ന ( ഉയര്‍ന്ന പോയിന്റ് 53180.75 പോയിന്റ്) ബാങ്ക് നിഫ്റ്റിയുടെ ക്ലോസിംഗ് തലേദിവസത്തേക്കാള്‍ 59.2 പോയിന്റ് താഴ്ന്ന് 52811.3 പോയിന്റിലാണ്. അമ്പത്തിമൂവായിരത്തിനു മുകളിലെത്തിയ മൊമന്റ്ം നിലനിര്‍ത്താന്‍ ബാങ്ക് നിഫ്റ്റിക്ക് കഴിഞ്ഞില്ല. ഇത്രയും ഉയരത്തിലുള്ള ലാഭമെടുക്കലായിരുന്നു കാരണം.
ബാങ്ക് നിഫ്റ്റിക്ക് 53181 പോയിന്റ് ആദ്യ റെസിസ്റ്റന്‍സായി മാറുകയാണ്. ഇതു മറികടന്നാല്‍ 53600 പോയിന്റിനു ചുറ്റളവില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.
താഴേയ്ക്കു പോയാല്‍ ബാങ്ക് നിഫ്റ്റിക്ക് 52300 പോയിന്റിലും തുടര്‍ന്ന് 51600 പോയിന്റിലും 51200-51300 തലത്തിലും പിന്തുണ കിട്ടും.
ബുള്ളീഷ് സോണില്‍ ശക്തമായി തുടരുന്ന ബാങ്ക് നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ രണ്ടു ദിവസമായി ഓവര്‍സോള്‍ഡ് സോണിലാണ്. ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ ഇന്നലെ 70.28 ആണ്. ജാഗ്രത ഏറെ വേണ്ട സമയമാണ്.
ഗിഫ്റ്റ് നിഫ്റ്റി
നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 17 പോയിന്റ് മെച്ചപ്പെട്ടാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഒരുമണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ 1 പോയിന്റ് മെച്ചത്തിലാണ്. ആഗോള വിപണികളഇല്‍ ഫ്യൂച്ചേഴ്സ് എല്ലാം തന്നെ പോസീറ്റീവായാണ് നീങ്ങുന്നത്. ഇന്നു രാവിലെ ഫ്ളാറ്റ് ഓപ്പണിംഗ് പ്രതീക്ഷിക്കാം.
ഇന്ത്യന്‍ എഡിആറുകള്‍
മുഖ്യ കമ്പനികളുടെ ഇന്ത്യന്‍ എഡിആറുകളുടെ ക്ലോസിംഗ് ഇന്നലെ ഏതാണ്ട് പോസീറ്റീവായിരുന്നു. ബാങ്കിംഗ് മേഖലയില്‍നിന്നുള്ള ഐസിഐസിഐ ബാങ്ക് 0.38 ശതമാനം ഉയര്‍ച്ച നേടിയപ്പോള്‍ എച്ച് ഡിഎഫ്സി ബാങ്ക് നേരിയ തോതില്‍ കുറഞ്ഞു. ഐടി മേഖലയില്‍നിന്നുള്ള വിപ്രോ 2.56 ശതമാനവും ഇന്‍ഫോസിസ് 2.25 ശതമാനം മെച്ചപ്പെട്ടു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.49 ശതമാനം ഉയര്‍ച്ച കാണിച്ചപ്പോള്‍ ഡോ റെഡ്ഡീസ് 4.68 ശതമാനം മെച്ചപ്പെട്ടു. മേക്ക് മൈ ട്രിപ് 0.67 ശതമാനവും ഉയര്‍ന്നു.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ് ഇന്നലെ നേരിയ തോതില്‍ ഉയര്‍ന്ന് ( 0.11 പോയിന്റ്) 14.15-ലെത്തി. ജൂണ്‍ 26-ന് ഇത് 14.04 ആയിരുന്നു. തെരഞ്ഞെടുപ്പു ഫലം വന്ന ജൂണ്‍ നാലിനിത് 26.74 ആയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് 10 ആയിരുന്നു ഇന്ത്യ വിക്സ്.
വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.49-ലേക്ക് കുതിച്ചുയര്‍ന്നു. ഇന്നലെയത് 1.31 ആയിരുന്നു.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
ഇന്ന് പണപ്പെരുപ്പ കണക്കുകള്‍ വരാനിരിക്കേ യുഎസ് വിപണികള്‍ ഇന്നലെ നേരിയ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
ഡൗ ജോണ്‍സ് 36.26 പോയിന്റ് മെച്ചപ്പെട്ട് ക്ലോസ് ചെയ്തപ്പോള്‍ നാസ്ഡാക് 53.53 പോയിന്റും എസ് ആന്‍ഡ് പി 4.97 പോയിന്റും മെച്ചത്തിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ ഡൗഫ്യൂച്ചേഴ്സ് 25.6 പോയിന്റ് താഴെയാണ് നാസ്ഡാക്, എസ് ആന്‍ഡ് പി ഫ്യൂച്ചേഴ്സുകള്‍ നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.
ഇന്നെത്തുന്ന പുതിയ പണപ്പെരുപ്പ് കണക്ക് കാത്തിരിക്കുന്ന നിക്ഷേപകര്‍ പലിശനിരക്കു വെട്ടിക്കുറയ്ക്കുന്നതു സംബന്ധിച്ച സൂചകള്‍ ഫെഡ് റിസര്‍വില്‍ നിന്നുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഈവര്‍ഷാവസാനത്തോടെ ഫെഡറല്‍ റിസര്‍വ് പലിശ വെട്ടിക്കുയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ ബോണ്ട് യീല്‍ഡ് 4.287 ശതമാനത്തിലേക്കു നേരിയ തോതില്‍ താഴ്ന്നിട്ടുണ്ട്.
ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളും ഇന്ന് പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവിടും. ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളില്‍ പണപ്പെരുപ്പത്തോത് ഉയര്‍ന്നത് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നു.
യൂറോപ്യന്‍ വിപണി ഇന്നലെയും പൊതുവേ റേഞ്ച് ബൗണ്ട് നിക്കത്തിലായിരുന്നു. ഡാക്സ് ഒഴികെയുള്ള യൂറോപ്യന്‍ സൂചികകള്‍ എല്ലാം നെഗറ്റീവായാണ് ക്ലോസ് ചെയ്തത്. ഡാക്സിന്റെ ക്ലോസിംഗ് 55.31 പോയിന്റ് ഉയര്‍ന്നാണ്. എഫ്ടിഎസ്ഇ യുകെ 45.65 പോയിന്റും സിഎസി ഫ്രാന്‍സ് 78.43 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 355 പോയിന്റും താഴ്ന്നു. എന്നാല്‍ ഫ്യൂച്ചേഴ്സ് എല്ലാം തന്നെ നേരിയ തോതില്‍ മെച്ചപ്പെട്ടാണ് നീങ്ങുന്നത്.
ഏഷ്യന്‍ വിപണികള്‍
തുടര്‍ച്ചയായ മൂന്നു ദിവസം മെച്ചപ്പെട്ടു ക്ലോസ് ചെയ്ത ജാപ്പനീസ് നിക്കി ഇന്നു രാവിലെ 150-ഓളം പോയിന്റ് മെച്ചപ്പെട്ടാണ് ഓപ്പണ്‍ ചെയ്തത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ നിക്കി 400 പോയിന്റ് മെച്ചപ്പെട്ടു നില്‍ക്കുകയാണ്. കൊറിയന്‍ കോസ്പി 5 പോയിന്റ് മെച്ചച്ചിലാണ്. ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക 65 പോയിന്റും ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചിക 24 പോയിന്റും നേട്ടത്തിലാണ് നീങ്ങുന്നത്. ഏഷ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാം പോസീറ്റീവാണ്.
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍
വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ ജൂണിലെ നെറ്റ് വാങ്ങല്‍2060.56 കോടി രൂപയിലെത്തി. ഇന്നലെ 7658.77 കോടി രൂപയുടെ നെറ്റ് വാങ്ങലാണ് അവര്‍ നടത്തിയത്. ഇന്നലെ അവര്‍ 30849 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 23190 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. ജൂണില്‍ ആദ്യമായിട്ടാണ് വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ നെറ്റ് വാങ്ങലുകാരാകുന്നത്.
അതേസമയം ഇ്ന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 3605 കോടി രൂപയുടെ നെറ്റ് വില്‍ക്കല്‍ നടത്തി. അവര്‍ 26887 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 30493.3 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. ഇതോടെ ജൂണില്‍ ഇവരുടെ നെറ്റ് വാങ്ങല്‍ 21974.8 കോടി രൂപയായി.
വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വളരെ സജീവമായി. നിക്ഷേപശേഖരം അഴിച്ചു പണിയുടെ ഭാഗമായി അവര്‍ ഇന്നലെ 23456 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും 19920 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും ചെയ്തു. അവരുടെ നെറ്റ് വില്‍പ്പന 3535.43 കോടി രൂപയാണ്. ഇതോടെ ജൂണിലെ അവരുടെ നെറ്റ് വില്‍പ്പന 5598.21 കോടി രൂപയാണ്. ബജറ്റിനുശേഷമേ അവര്‍ വളരെ സജീവമായി വാങ്ങലിലേക്ക്കു കടക്കുകയുള്ളു. ആദ്യക്വാര്‍ട്ടര്‍ ഫലങ്ങളും അവര്‍ സൂക്ഷ്മമായി വീക്ഷിക്കുകയാണ്. ഇന്‍ഫോസിസിന്റെ ആദ്യക്വാര്‍ട്ടര്‍ ഫലം ജൂലൈ 18-ന് എത്തും.
അതേസമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 5103 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതോടെ ജൂണില്‍ ്അവരുടെ നെറ്റ് വാങ്ങല്‍ 25581 കോടി രൂപയായി. അവരുടെ വളരെ സജീവമായി നിക്ഷേപശേഖരം അഴിച്ചു പണിയുകയാണ്. ഇന്നലെ അവര്‍ 18342 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 13238 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു.
സാമ്പത്തിക വാര്‍ത്തകള്‍
എന്‍പിഎ റേഷ്യോ: ഇന്ത്യന്‍ വാണി്ജ്യ ബാങ്കുകളുടെ ഗ്രോസ് എന്‍പിഎ റേഷ്യോ 2.8 ശതമാനത്തിലെത്തിയതായി റിസര്‍വ് ബാങ്കിന്റെ ഫിനാന്‍ഷ്യല്‍ സ്റ്റെബിളിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. നെറ്റ് എന്‍പിഎ റേഷ്യോ 0.6 ശതമാനത്തിലേക്കും താഴ്ന്നു. വാണിജ്യ ബാങ്കുകളുടെ ലാഭക്ഷമത വര്‍ധിക്കുകയും കിട്ടാക്കടം കുറുകയും ചെയ്തതായി റിപ്പോര്‍്ട്ട് പറുന്നു.
മഴക്കുറവ് 18.8%: ഈ സീസണില്‍ ജൂണ്‍ 27 വരെയുള്ള മഴക്കുറവ് 17.1 ശതമാനം. ഇതുവരെ ലഭിച്ച മഴ 117.17 മില്ലീമീറ്ററാണ്. ഈ കാലയളവിലെ ദീര്‍ഘകാല ശരാശരി 137.71 മില്ലീമീറ്ററാണ്. മടിച്ചുനില്‍ക്കുന്ന മണ്‍സൂണ്‍ ഖാരിഫ് വിളയിറക്കല്‍ വിസ്തീര്‍ണം കുറയ്ക്കുകയാണ്. ഇപ്പോഴെ ഉയര്‍ന്നു നില്‍ക്കുന്ന ഭക്ഷ്യവില വീണ്ടും വര്‍ധിപ്പിക്കുമെന്ന ഭയം ഉയരുന്നുണ്ട്. മണ്‍സൂണ്‍ സജീവമായാല്‍ ഓഗസ്റ്റ് മുതല്‍ ഭക്ഷ്യവിലക്കയറ്റം കുറയാന്‍ ഇടയാക്കും. അതു ചില്ലറവിലക്കയറ്റത്തോത് കുറയ്ക്കുകയും ചെയ്യുമായിരുന്നു. അത് പലിശനിരക്ക് കുറയ്ക്കലിലേയ്ക്കു നയിക്കുകയും ചെയ്യുമായിരുന്നു.
കമ്പനി വാര്‍ത്തകള്‍
റിയന്‍സ് ജിയോ: ടെലികോം താരിഫ് നിരക്ക് 12.5 ശതമാനം മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ചു. പുതിയ താരിഫ് ജൂലൈ മൂന്നിന് നിലവില്‍ വരും. നിരവധി പുതിയ പ്ലാനുകളും ജിയോ പുറത്തിറക്കിയിട്ടുണ്ട്. ജിയോയ്ക്കു പിന്നാലെ എയര്‍ടെലും വൊഡാഫോണും നിരക്ക് വര്‍ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുകയാണ്.
ക്രൂഡോയില്‍ വില
റഷ്യ- യുക്രെയിന്‍ യുദ്ധം ശക്തമാകുന്നതും പശ്ചിമേഷ്യന്‍ മേഖലയില്‍ ടെന്‍ഷന്‍ വര്‍ധിക്കുന്നതും ഇന്നലെ എണ്ണ വിലയില്‍ നേരിയ ഉയര്‍ച്ചയുണ്ടാക്കി.
ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന്റെ വില ബാരലിന് 82.12 ഡോളറാണ്. ഇന്നലെ രാവിലെ അത് 80.55 ഡോളറായിരുന്നു. ഒരാഴ്ചയായി വില 80 ഡോളറിനു മുകളില്‍ തുടരുകയാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് ഇന്നു രാവിലെ 86.73 ഡോളറാണ്. ഇന്നലെ രാവിലെയത് 84.92 ഡോളറായിരുന്നു.
ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല. അത് കറന്റ് അക്കൗണ്ട് കമ്മി കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതി ചെയ്യുകയും ചെയ്യും.
ഈ വര്‍ഷാവസാനത്തോടെ എണ്ണവില ബാരലിന് 70 ഡോളറിലേക്കും 2025-ല്‍ 60 ഡോളറിലേക്കും താഴുമെന്നാണ് ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് വിലയിരുത്തുന്നത്. നാലാം ക്വാര്‍ട്ടറില്‍ ഒപ്പെക് പ്ലസ് രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ എണ്ണ വിപണിയില്‍ എത്തുമെന്നാണ് വിലിയിരുത്തുന്നത്്.
രൂപ ഇന്നലെ നേരിയ തോതില്‍ മെച്ചപ്പെട്ടു. ഇന്നലെ ഡോളറിനെതിരേ 83.46 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. ജൂണ്‍ 20-ന് 83.63 വരെ രൂപ താഴ്ന്നിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം വര്‍ധിക്കുന്നതിന് കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.