വിപണി തുറക്കും മുമ്പ് അറിയേണ്ടത് ( ജൂണ്‍ 27)

മുന്നേറ്റം തുടരുമോ?

Update: 2024-06-27 02:27 GMT

സ്പീക്കര്‍ തെരഞ്ഞെടുപ്പ് വളരെ സ്മൂത്തായി പൂര്‍ത്തിയാകുകയും മോദിയും ബിജെപിയും ഉദ്ദേശിച്ചതുപോലെതന്നെ ഓം ബിര്‍ളയെ സ്പീക്കറായി തെരഞ്ഞെടുക്കുകയും ചെയ്തത് വിപണി ആവേശത്തോടയാണ് സ്വാഗതം ചെയ്തത്. ഒപ്പം പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയും എത്തിയതോടെ രാജ്യത്തിന്റെ ജനാധിപത്യ ഭാവിക്ക് ഗാരന്റി ( മോദി ഗാരന്റിയല്ല) ലഭിച്ചിരിക്കുകയാണ്. ശക്തമായതും അതേപോലെ തുടര്‍ നയവുമുള്ള ഗവണ്‍മെന്റും അതേപോലെ ശക്തമായ പ്രതിപക്ഷവും എത്തിയതോടെ ജനാധിപത്യപരമായി കാര്യങ്ങള്‍ നീങ്ങുമെന്ന് പ്രതീക്ഷ ഉയര്‍ന്നിരിക്കുകയാണ്.

ഇനി ബിസിനസിനുള്ള സമയമാണ്. സാമ്പത്തിക വളര്‍ച്ചയ്ക്കാവശ്യമായ ഉദാര നടപടികള്‍ എത്ര ഫലപ്രദമായി പുതിയ ഗവണ്‍മെന്റ് നടപ്പാക്കുമെന്നതിനെക്കുറിച്ചാണ് വിപണി ആലോചിക്കുന്നത്. കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുകന്നതിനുള്ള പരിഷ്‌കാരങ്ങള്‍, നികുതിസംവിധാനം കൂടുതല്‍ ലളിതമാക്കല്‍, ഗ്രീന്‍ എനര്‍ജി, കാര്‍ഷിക പരിഷ്‌കാങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പരിഷ്‌കാരം ആവശ്യപ്പെടുന്നു. തൊഴില്‍ സൃഷ്ടിയും മൂലധന നിക്ഷേപവുമാണ് ഏറ്റവും ആവശ്യപ്പെടുന്ന സമയവുമാണ്. ജൂലൈ അവസാനമെത്തുന്ന നടപ്പുവര്‍ഷത്തെ പുതുക്കിയ ബജറ്റ് ഇതു സംബന്ധിച്ച ഉത്തരം നല്‍കുമെന്നു പ്രതീക്ഷിക്കാം. വിപണിയെ സംബന്ധിച്ചിടത്തോളം ബജറ്റാണ് അടുത്ത പ്രധാന സംഭവം. വിപണിക്ക് ദീര്‍ഘകാലത്തില്‍ വ്യക്തമായ ദിശ നല്‍കുന്ന സംഭവമാണത്. നടപ്പുവര്‍ഷത്തെ ആദ്യക്വാര്‍ട്ടര്‍ ഫലങ്ങളും വിപണിക്ക് മാര്‍ഗദര്‍ശമാകും.

രണ്ടു ദിവസമായി ബുള്ളുകളുടെ നിയന്ത്രണത്തിലുള്ള വിപണിയെ പുതിയ ഉയരങ്ങളിലേക്ക് എത്തിയേ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിപണി ഇന്നലെ

തുടര്‍ച്ചയായ രണ്ടാം ദിവസവും റിക്കാര്‍ഡ് ഉയര്‍ച്ചയോടെയാണ് ഇന്ത്യന്‍ ഓഹരികള്‍ ക്ലോസ് ചെയ്തത്. ബഞ്ച്മാര്‍ക്ക് സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും റിക്കാര്‍ഡ് ഉയര്‍ച്ചയും ക്ലോസിംഗും നേടിയിരിക്കുകയാണ്. തലേദിവസത്തെ ക്ലോസിംഗിനോട് അടുപ്പിച്ച് ഓപ്പണ്‍ ചെയ്ത നിഫ്റ്റി സൂചിക ഇന്നലെ 23889.90 പോയിന്റ് വരെ എത്തിയശേഷം 23868.8 പോയിന്റില്‍ ക്ലോസ് ചെയ്തു. തലേദിവസത്തേക്കാള്‍ 147.5 പോയിന്റ് ഉയര്‍ച്ചയില്‍.

ചൊവ്വാഴ്ച ആദ്യമായി 78000 പോയിന്റ് കടന്ന സെ്ന്‍സെക്‌സ് സൂചിക 620.73 പോയിന്റ് മെച്ചത്തോടെ 78674.25 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഇന്നലെ ഏറ്റവും ഉയര്‍ന്ന പോയിന്റ് 78759.4 പോയിന്റാണ്.

ചൊവ്വാഴ്ച മുന്‍നിര ബാങ്ക് ഓഹരികളുടെ പിന്‍ബലത്തിലാണ് മെച്ചപ്പെട്ടതെങ്കില്‍ ഇന്നലെ റിലയന്‍സാണ് നിഫ്റ്റിക്ക് ഊര്‍ജം നല്‍കിയത്. ബാങ്കിംഗ് ഓഹരികളുടെ പിന്തുണയുംകിട്ടി. ഐടി, ഓട്ടോ,പിഎസ്ഇ തുടങ്ങിയവയെല്ലാം കുറയുകയായിരുന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖല മെച്ചപ്പെട്ടു. മറ്റ് മേഖലകളിലെ ഓഹരികളെല്ലാം തന്നെ ചെറിയ ഉയര്‍ച്ച താഴ്ചകളിലൂടെ നീങ്ങുകയായിരുന്നു. ചുരുക്കത്തില്‍ സൂചികയിലുണ്ടായ ഉയര്‍ച്ച പൊതുവേ ഓഹരികളില്‍ പ്രതിഫലിച്ചിട്ടില്ല.ഏതാനും ഇന്‍ഡെക്‌സ് സൂചികകളിലെ മുന്നേറ്റമാണ് സൂചികകളെ ഉയര്‍ത്തിയിയിട്ടുള്ളത്.റിലയന്‍സ് 4.12 ശതമാനവും ഭാര്‍തി എയര്‍ടെല്‍ 3.15 ശതമാനവും അള്‍ട്രാടെക് 2.74 ശതമാനവും ഐസിഐസിഐ ബാങ്ക് 1.67 ശതമാനവും ഗ്രാസിം 1.4 ശതമാനവും ഉയര്‍ച്ച നേടി.

ഇന്നലെ 2034 ഓഹരികള്‍ ചുവപ്പില്‍ ക്ലോസ് ചെയ്തപ്പോള്‍ 1856 ഓഹരികളാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. തലേദിവസത്തേതിന്റെ ആവര്‍ത്തനമെന്നു പറയാം.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

ജൂലൈ നാലിലെ റിസല്‍ട്ട് ദിനത്തിലെ ഇടിവിനുശേഷം നിഫ്റ്റി തുടര്‍ച്ചയായി ഉയരുകയായിരുന്നു. രണ്ടാഴ്ചയായി 23500-23600 തലത്തില്‍ കണ്‍സോളിഡേഷനിലായിരുന്ന വിപണി ചൊവ്വാഴ്ച അതിനു പുറത്തേക്കു വരികയായിരുന്നു. ഇന്നലെ പുതിയ ഉയരങ്ങള്‍ സൃഷ്ടിച്ച് മുന്നോട്ടു നീങ്ങിയ നിഫ്റ്റിയുടെ അടുത്ത ലക്ഷ്യം 24000-24100 പോയിന്റാണ്. ഇന്നലത്തെ ഏറ്റവും ഉയര്‍ച്ചയായ 23889.9 പോയിന്റ് താല്‍ക്കാലിക റെസിസ്റ്റന്‍സാണ്. തുടര്‍ന്ന് 23984 പോയിന്റും. അടുത്ത ഏതാനും സെഷനുകളില്‍ നിഫ്റ്റി 24000 പോയിന്റിനു മുകളിലേക്ക് എത്തിയേക്കാം. പ്രത്യേകിച്ചും 23700 പോയിന്റിനു മുകളില്‍ നിഫ്റ്റി പിടിച്ചു നില്‍ക്കുകയാണെങ്കില്‍.

നിഫ്റ്റി താഴേയ്ക്ക് നീങ്ങിയാല്‍ 23500-23700 റേഞ്ചില്‍ പിന്തുണ കിട്ടും. അടുത്തത് 23300-23400 തലത്തിലും തുടര്‍ന്ന് 23000 പോയിന്റ് ചുറ്റളവിലും ശക്തമായ പിന്തുണയുണ്ട്. ഇന്ന് പ്രതിമാസ എഫ് ആന്‍ഡ് ഒ ക്ലോസിംഗ് ആണ്.

പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷ് മോഡില്‍ തുടരുകയാണ്. ഇന്നലെ 66.73 ആണത്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ബാങ്കിംഗ് ഓഹരികള്‍ ചൊവ്വാഴ്ചത്തെ ഉയര്‍ച്ച നേടിയില്ലെങ്കിലും പൊതുവേ മെച്ചപ്പെട്ടാണ് ഇന്നലെ ക്ലോസ് ചെയ്തതത്. ബാങ്ക് നിഫ്റ്റി ഇന്നലെ 264.5 പോയിന്റ് മെച്ചത്തോടെ 52870.5 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇതു രണ്ടാം തവണയാണ് നിഫ്റ്റി 52000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്യുന്നത്. .ബാങ്ക് നിഫ്റ്റിയുടെ അടുത്ത ലക്ഷ്യങ്ങള്‍ 53100 പോയിന്റും 53605 പോയിന്റുമാണ്.

താഴേയ്ക്കു പോയാല്‍ ബാങ്ക് നിഫ്റ്റിക്ക് 52300 പോയിന്റിലും തുടര്‍ന്ന് 51600 പോയിന്റിലും 51200-51300 തലത്തിലും പിന്തുണ കിട്ടും.

ബുള്ളീഷ് സോണില്‍ ശക്തമായി തുടരുന്ന ബാങ്ക് നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ ഓവര്‍സോള്‍ഡ് സോണിലേക്ക് എത്തിയിരിക്കുകയാണ്. ബാങ്ക് നിഫ്റ്റി ആര്‍എസ്‌ഐ ഇന്നലെ 70.92 ആണ്. ജാഗ്രത ഏറെ വേണ്ട സമയമാണ്.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 5 പോയിന്റ് താഴ്ന്നാണ് ആരംഭിച്ചതെങ്കിലും ഒരുമണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ 9 പോയിന്റ് മെച്ചത്തിലാണ്. ആഗോള വിപണികള്‍ ഫ്യൂച്ചേഴ്‌സ് എല്ലാം തന്നെ ചുവപ്പിലാണ്. എഫ് ആന്‍ഡ് ഒ പ്രതിമാസ ക്ലോസിംഗ് ദിനവുമാണ് ഇന്ന്. ചുവപ്പിലോ ഫ്‌ളാറ്റ് ഓപ്പണിംഗോ പ്രതീക്ഷിക്കാം.

ഇന്ത്യന്‍ എഡിആറുകള്‍

മുഖ്യ കമ്പനികളുടെ ഇന്ത്യന്‍ എഡിആറുകളുടെ ക്ലോസിംഗ് ഇന്നലെ സമ്മിശ്രമായിരുന്നു. ബാങ്ക്ിംഗ് മേഖലയില്‍നിന്നുള്ള ഐസിഐസിഐ ബാങ്ക് 0.38 ശതമാനം ഉയര്‍ച്ച നേടിയപ്പോള്‍ എച്ച് ഡിഎഫ്‌സി ബാങ്ക് നേരിയ തോതില്‍ കുറഞ്ഞു. ഐടി മേഖലയില്‍നിന്നുള്ള വിപ്രോ മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ഇന്‍ഫോസിസ് എഡിആര്‍ 0.68 ശതമാനം കുറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2.79 ശതമാനം ഉയര്‍ച്ച കാണിച്ചപ്പോള്‍ ഡോ റെഡ്ഡീസ് 0.31 ശതമാനം മെച്ചപ്പെട്ടു. മേക്ക് മൈ ട്രിപ് 1.88 ശതമാനം കുറഞ്ഞു.

ഇന്ത്യ വിക്‌സ്

ഇന്ത്യ വിക്‌സ് ഇന്നലെ നേരിയ തോതില്‍ കുറഞ്ഞ് 14.04-ലെത്തി. ജൂണ്‍ 26-ന് ഇത് 14.31 ആയിരുന്നു. തെരഞ്ഞെടുപ്പു ഫലം വന്ന ജൂണ്‍ നാലിനിത് 26.74 ആയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് 10 ആയിരുന്നു ഇന്ത്യ വിക്‌സ്.

വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.31-ലേക്ക് താഴ്ന്നു. ചൊവ്വാഴ്ച ഇത് 1.38 ആയിരുന്നു.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

യുഎസ് വിപണികള്‍ ഇന്നലെ നേരിയ മെച്ചത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡൗ ജോണ്‍സ് 15.64 പോയിന്റ് മെച്ചപ്പെട്ട് ക്ലോസ് ചെയ്തപ്പോള്‍ ടെക് ഓഹരികള്‍ മികച്ച ഉയര്‍ച്ച നേടി. നാസ്ഡാക് 87.5 പോയിന്റും എസ് ആന്‍ഡ് പി 8.6 പോയിന്റും മെച്ചത്തിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ ഡൗ, നാസ്ഡാക്, എസ് ആന്‍ഡ് പി ഫ്യൂച്ചേഴ്‌സുകള്‍ എല്ലാം നല്ല താഴ്ചയിലാണ്.

യൂറോപ്യന്‍ വിപണി ഇന്നലെയും പൊതുവേ ബെയറീഷ് ആയിരുന്നു. എഫ്ടിഎസ് ഇ യുകെ 22.46 പോയിന്റും സിഎസി ഫ്രാന്‍സ് 53.15 പോയിന്റും ഡാക്‌സ് ജര്‍മനി 22.38 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 165.23 പോയിന്റും താഴ്ന്നു. ഫ്യൂച്ചേഴ്‌സ് എല്ലാം താഴ്ന്നു നില്‍ക്കുകയാണ്.

ഏഷ്യന്‍ വിപണികള്‍

തുടര്‍ച്ചയായ മൂന്നു ദിവസം മെച്ചപ്പെട്ടു ക്ലോസ് ചെയ്ത ജാപ്പനീസ് നിക്കി ഇന്നു രാവിലെ താഴ്ന്നു ഓപ്പണ്‍ ചെയ്തശേഷം താഴേയ്ക്കു തന്നെ നീങ്ങുകയായിരുന്നു. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 450 പോയിന്റോളം താഴ്ന്നാണ് നിക്കിയുടെ നില. താഴ്ന്ന് ഓപ്പണ്‍ ചെയ്ത കൊറിയന്‍ കോസ്പിയും താഴ്ചയിലൂടെ നീങ്ങുകയാണ്.

ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക 240- ഓളം പോയിന്റും ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചിക 14 പോയിന്റ് കണ്ട് താഴ്ന്നാണ് നില്‍ക്കുന്നത്. ഏഷ്യന്‍ ഫ്യൂച്ചേഴ്‌സ് എ്ല്ലാം താഴ്ന്നാണ് നീങ്ങുന്നത്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വളരെ സജീവമായി. നിക്ഷേപശേഖരം അഴിച്ചു പണിയുടെ ഭാഗമായി അവര്‍ ഇന്നലെ 23456 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും 19920 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും ചെയ്തു. അവരുടെ നെറ്റ് വില്‍പ്പന 3535.43 കോടി രൂപയാണ്. ഇതോടെ ജൂണിലെ അവരുടെ നെറ്റ് വില്‍പ്പന 5598.21 കോടി രൂപയാണ്. ബജറ്റിനുശേഷമേ അവര്‍ വളരെ സജീവമായി വാങ്ങലിലേക്ക് കടക്കുകയുള്ളു. ആദ്യക്വാര്‍ട്ടര്‍ ഫലങ്ങളും അവര്‍ സൂക്ഷ്മമായി വീക്ഷിക്കുകയാണ്. ഇന്‍ഫോസിസിന്റെ ആദ്യക്വാര്‍ട്ടര്‍ ഫലം ജൂലൈ 18-ന് എത്തും.

അതേസമയം ഇ്ന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 5103 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതോടെ ജൂണില്‍ ്അവരുടെ നെറ്റ് വാങ്ങല്‍ 25581 കോടി രൂപയായി. അവരുടെ വളരെ സജീവമായി നിക്ഷേപശേഖരം അഴിച്ചു പണിയുകയാണ്. ഇന്നലെ അവര്‍ 18342 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 13238 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു.

സാമ്പത്തിക വാര്‍ത്തകള്‍

മഴക്കുറവ് 18.8%: ഈ സീസണില്‍ ജൂണ്‍ 26 വരെ ലഭിച്ച മഴി 18.8 ശതമാനം കുറവാണ്. ഇതുവരെ ലഭിച്ച മഴ 109 മില്ലീമീറ്ററാണ്. ഈ കാലയളവിലെ ദീര്‍ഘകാല ശരാശരി 129.5 മില്ലീമീറ്ററാണ്. പഞ്ചാബ് ഉള്‍പ്പെടെയുള്ള പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അമ്പതു ശതമാനത്തിനു മുകളിലാണ് മഴക്കുറവ്. രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ 33 ശതമാനം മഴക്കുറവ് അനുഭവപ്പെട്ടിരിക്കുകയാണ്.

രാജ്യത്തെ റിസര്‍വോയറിലെ ജലനില സാധാരണ ഉണ്ടാവേണ്ടതിനേക്കാള്‍ 9 ശതമാനം കുറഞ്ഞു നില്‍ക്കുകയാണ്.

മഴക്കുറവ് ഖാരിഫ് വിളയിറക്കലിനെ ബാധിച്ചാല്‍ അതു ഭക്ഷ്യവിലക്കയറ്റത്തിനു കാരണമാകുമെന്ന് വിദഗ്ധര്‍ ്അഭിപ്രായപ്പെടുന്നു. ഇപ്പോള്‍തന്നെ ചിലയിനം പച്ചക്കറികളുടെ വില്‍ ഗണ്യമായി ഉയര്‍ന്നിരിക്കുന്നതായി കോടക് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഉപാസന ഭരദ്വാജ് ചൂണ്ടിക്കാണിക്കുന്നു.

ക്രൂഡോയില്‍ വില

ഇന്നു രാവിലെ ഡബ്‌ള്യുടിഐ ക്രൂഡിന്റെ വില ബാരലിന് 80.55 ഡോളറാണ്. ഇന്നലെ രാവിലെ 80.94 ഡോളറായിരുന്നു. ഒരാഴ്ചയായി വില 80 ഡോളറിനു മുകളില്‍ തുടരുകയാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് ഇന്നു രാവിലെ 84.92 ഡോളറാണ്. ഇന്നലെ രാവിലെയത് 85.06 ഡോളറായിരുന്നു.

ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല. അത് കറന്റ് അക്കൗണ്ട് കമ്മി കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതി ചെയ്യുകയും ചെയ്യും.

ഇന്നലെ 83 ഡോളറിലേക്ക് കരുത്തോടെ എത്തിയ രൂപ ഇന്നലെ കുത്തനെയിടിഞ്ഞു. ഇന്നലെ ഡോളറിനെതിരേ 83.57 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. ജൂണ്‍ 20-ന് 83.63 വരെ രൂപ താഴ്ന്നിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതിക്കു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.

Tags:    

Similar News