വിപണി തുറക്കും മുമ്പ് അറിയേണ്ടത് ( ജൂണ്‍ 20)

നിഫ്റ്റി റേഞ്ച് ബൗണ്ട് നീക്കത്തില്‍

Update: 2024-06-20 02:32 GMT

ഇരുപത്തിനാലായിരം പോയിന്റെന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ തയാറെടുക്കുകയാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 50. അതിനുള്ള കണ്‍സോളിഡേഷനിലാണ് വിപണി എന്നു പറയുന്നതാണ് ശരി.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന പോയിന്റിലെത്തിയേശേഷം ജൂലൈ 18-ലെ റിക്കാര്‍ഡ് ക്ലോസിംഗിനേക്കാള്‍ താഴ്ന്ന് ക്ലോസ് ചെയ്തിരിക്കുകയാണ്. അഞ്ചു ദിവസത്തെ തുടര്‍ച്ചയായ ഉയര്‍ന്ന ക്ലോസിംഗിനുശേഷമാണ് ഇന്നലെ താഴ്ന്നു ക്ലോസ് ചെയ്യുന്നത്.

വിപണിക്ക് പ്രത്യേകിച്ച് അനുകൂലമോ പ്രതികൂലമോ ആയ വാര്‍ത്തകളൊന്നും ഇല്ല. ആഗോളതലത്തില്‍ യുകെ പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലക്ഷ്യമായ രണ്ടു ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. അവര്‍ പലിശ കുറവു സംബന്ധിച്ച നല്‍കുന്ന സൂചന എന്താണെന്നാണ് അറിയാനുള്ളത്. അവരുടെ പണനയം ഇന്നെത്തും.

വിപണി ഇന്നലെ

കഴിഞ്ഞവാരത്തില്‍ അഞ്ചു ദിവസം തുടര്‍ച്ചയായി പുതിയ ക്ലോസിംഗുകള്‍ സൃഷ്ടിച്ച നിഫ്റ്റി 50 ഇന്നലെ 41.90 പോയിന്റ് കുറഞ്ഞ് 23516 പോയിന്റില്‍ ക്ലോസ് ചെയ്തു. തലേദിവസത്തെ ക്ലോസിംഗ് 23557.9 പോയിന്റായിരുന്നു. ഇന്നലെ നിഫ്റ്റി 23664 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.

ബിഎസ് ഇ സെന്‍സെക്സ് 36.45 പോയിന്റ് മെച്ചത്തോടെ 77337.57 പോയിന്റിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ബാങ്ക്, ഐടി ഓഹരികളാണ് ഇന്നലെ വിപണിക്കു തുണയായത്. ഓട്ടോ, കണ്‍സ്ട്രക്്ഷന്‍, എഫ്എംസിജി, ഹെല്‍ത്ത്കെയര്‍ തുടങ്ങിയവയെല്ലാം ഇന്നലെ മോശമല്ലാത്ത ഇടിവാണ് കാണിച്ചത്.

ബാങ്ക് നിഫ്റ്റി 957 പോയിന്റ് മെച്ചപ്പെട്ടപ്പോള്‍ നിഫ്റ്റി ഐടി 124 പോയിന്റ് ഉയര്‍ന്നു. ആഗോള പലിശ നിരക്ക് വെട്ടിക്കുറച്ചാല്‍ അതു ഐടി മേഖലയ്ക്കു ഗുണമാകുമെന്ന പ്രതീക്ഷയില്‍ നാസ്ഡാക് റിക്കാര്‍ഡ് ഉയരത്തിലാണ് നീങ്ങുന്നത്. അതിന്റെ പ്രതിഫലനം ഇന്ത്യന്‍ ടെക് ഓഹരികളിലും പ്രതിഫലിക്കുകയാണ്.

നിഫ്റ്റി ഓട്ടോ സൂചിക 333.6 പോയിന്റും നിഫ്റ്റി എഫ്എംസിജി 521 പോയിന്റും നിഫ്റ്റി ഫാര്‍മ 164 പോയിന്റും താഴ്ന്നിട്ടുണ്ട്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

വെള്ളിയാഴ്ച റിക്കാര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്ത നിഫ്റ്റിയുടെ തൊട്ടുമുന്നിലുള്ള റെസിസ്റ്റന്‍സ് ഇന്നലത്തെ റിക്കാര്‍ഡ് ഉയര്‍ച്ചയായ 23664 പോയിന്റാണ്. വളരെ ശ്രമത്തിനുശേഷമാണ് 23500-23600 റേഞ്ചിലേക്ക് നിഫ്റ്റി എത്തിയിട്ടുള്ളത്. മികച്ച വ്യാപാര വ്യാപ്തത്തോടെ ഈ റെസിസ്റ്റന്‍സ് മറികടന്നു ക്ലോസ് ചെയ്താല്‍ മാത്രമേ 24000 പോയിന്റില്‍ ടച്ച് ചെയ്യാന്‍ സാധിക്കുകയുള്ളു. വിപണി മുന്നോട്ടു നീങ്ങിയാല്‍ 23664 പോയിന്റിനെ തുടര്‍ന്ന് 23800 പോയിന്റില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

നിഫ്റ്റി താഴേയ്ക്ക് നീങ്ങിയാല്‍ 23300-23400 പോയിന്റ് തലത്തില്‍ പിന്തുണ കിട്ടും.ഇതിനും താഴേയ്ക്കു നീങ്ങിയാല്‍ 23000 പോയിന്റ് ചുറ്റളവില്‍ ശക്തമായ പിന്തുണയുണ്ട്. തുടര്‍ന്ന് 22700-22800 പോയിന്റ് റേഞ്ചിലും നിഫ്റ്റിക്ക് പിന്തുണയുണ്ട്. ഇന്ന് എഫ് ആന്‍ഡ് ഒ വാരാന്ത്യ ക്ലോസിംഗ് ആണ്. ചുരുക്കത്തില്‍ നിഫ്റ്റി 22300-22650 റേഞ്ചില്‍ നീങ്ങാനാണ് സാധ്യത.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷ് മോഡില്‍ തുടരുകയാണ്. ഇന്നലെ 61.68 ആണത്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: റിക്കാര്‍ഡ് ഉയരത്തില്‍ എത്തിയിരിക്കുകയാണ് ബാങ്ക് നിഫ്റ്റി. ഇന്നലെ 52000 പോയിന്റിനടുത്ത് എത്തിയ ബാങ്ക് നിഫ്റ്റി 51398.05 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഇതു റിക്കാര്‍ഡ് ആണ്. ഇതിനു മുമ്പുള്ള ഏറ്റവും ഉയര്‍ന്ന ക്ലോസിംഗ് ജൂണ്‍ മൂന്നിലെ 50979.95 പോയിന്റായിരുന്നു. അന്ന് 51133.2 പോയിന്റുവരെ സൂചിക എത്തിയിരുന്നു.

ഇന്നും ബാങ്ക് നിഫ്റ്റി മുന്നോട്ടാണെങ്കില്‍ 52000 പോയിന്റ് ആദ്യ റെസിസ്റ്റന്‍സായിരിക്കും.52200 പോയിന്റ് അടുത്ത ലക്ഷ്യവും.

താഴേയ്ക്കു പോയാല്‍ ബാങ്ക് നിഫ്റ്റിക്ക് 51200 പോയിന്റിലും തുടര്‍ന്ന് 50600 പോയിന്റിലും 50100-50200 പോയിന്റിലും പിന്തുണ കിട്ടും. അതിനു താഴേയ്ക്കു നീങ്ങിയാല്‍ 49600-49700 തലത്തില്‍ പിന്തുണയുണ്ട്.

ബുള്ളീഷ് സോണില്‍ ശക്തമായി തുടരുന്ന ബാങ്ക് നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 64.56 ആണ്.

ഇന്നലെ എച്ച് ഡിഎഫ്സി ബാങ്ക് 3.11 ശതമാനവും ആക്സിസ് ബാങ്ക് 2.92 ശതമാനവും ഐസിഐസിഐ ബാങ്ക് 1.92 ശതമാനവും കോട്ടക് മഹീന്ദ്ര 1.59 ശതമാനവും ഇന്‍ഡസ് ഇന്‍ഡ് 1.35 ശതമാനവും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 10.5 പോയിന്റ് മെച്ചപ്പെട്ടു നില്‍ക്കുകയാണ്. ഫ്്ളാറ്റ് ഓപ്പണിംഗ് ആണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ എഡിആറുകള്‍

മുഖ്യ കമ്പനികളുടെ ഇന്ത്യന്‍ എഡിആറുകള്‍ ചൊവ്വാഴ്ച സമ്മിശ്ര പ്രകടനമാണ് കാഴ്ച വച്ചത്. ബുധനാഴ്ച യുഎസ് വിപണിക്ക് അവധിയായിരുന്നു.

ഇന്‍ഫോസിസ് എഡിആര്‍ 0.17 ശതമാനവും ഡോ റെഡ്ഡീസ് 1.2 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.91 ശതമാനവും താഴ്ന്നു ക്ലോസ് ചെയ്തപ്പോള്‍ വിപ്രോ 3.04 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഐസിഐസിഐ ബാങ്ക് 2.43 ശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് 1.17 ശതമാനവും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് ഇന്നലെ നേരിയ തോതില്‍ ഉയര്‍ന്ന് 13.71 പോയിന്റിലെത്തി. തലേദിവസമിത് 12.96 പോയിന്റായിരുന്നു. തെരഞ്ഞെടുപ്പു ഫലം വന്ന ജൂണ്‍ നാലിനിത് 26.74 ആയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് 10 ആയിരുന്നു ഇന്ത്യ വിക്സ്.

വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ജൂണ്‍ 19-ന് 0.97 ആണ്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

യുഎസ് വിപണികള്‍ക്ക് ഇന്നലെ അവധിയായിരുന്നു. യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നാണ് നില്‍ക്കുന്നത്.

യൂറോപ്യന്‍ വിപണി ഇന്നലെ സമ്മിശ്രമായിരുന്നു. എഫ്ടിഎസ് ഇ യുകെ 13.82 പോയിന്റു മെച്ചപ്പെട്ടു ക്ലോസ് ചെയ്തു. എന്നാല്‍ സിഎസി ഫ്രാന്‍സ് 58.6 പോയിന്റും ഡാക്സ് ജര്‍മനി 64.06 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 95.37 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തിട്ടുള്ളത്.

യുഎസ് ഡൗ ഫ്യൂച്ചേഴ്സ് ഉള്‍പ്പെടെ യൂറോപ്യന്‍ ഫ്യൂച്ചേഴ്സും നേട്ടത്തിലാണ്.

ഏഷ്യന്‍ വിപണികള്‍

ഇന്നു രാവിലെ 140 പോയിന്റോളം താഴ്ന്നു തുടങ്ങിയ ജാപ്പനീസ് നിക്കി ഒന്നര മണിക്കൂര്‍ വ്യാപാരം കഴിയുമ്പോള്‍ 257 പോയിന്റ് താഴെയാണ്. യൂഎസ് വിപണി അടഞ്ഞു കിടക്കുന്നത് പൊതുവേ ആഗോള വിപണിയുടെ മനോഭാവത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

പോസീറ്റീവായി ഓപ്പണ്‍ ചെയ്ത കൊറിയന്‍ കോസ്പി ആറു പോയിന്റ് മെച്ചത്തിലാണ്.

ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക 23 പോയിന്റ് മെച്ചപ്പെട്ടു നില്‍ക്കുമ്പോള്‍ ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചിക നേരിയ ഇടിവിലാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ പതിയെ ഇന്ത്യന്‍ ഓഹരികളിലേക്ക് തിരിച്ചുവരികയാണ്. തുടര്‍ച്ചയായ വില്‍പ്പനയ്ക്കുശേഷം കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 12500 കോടി രൂപയ്ക്കു മുകളില്‍ നെറ്റ് വാങ്ങല്‍ നടത്തിയിരിക്കുകയാണ് അവര്‍. ഇന്നലെ 7908.36 കോടി രൂപയുടെ നെറ്റ് വാങ്ങലാണ് നടത്തിയത്. ഇതോടെ ജൂണിലെ നെറ്റ് വില്‍പ്പന 1209 കോടി രൂപയായി താഴ്ന്നു. ജനുവരി തുടര്‍ച്ചയായ വില്‍പ്പന നടത്തിയ അവര്‍ ജൂണ്‍ 19 വരെ വിറ്റഴിച്ചത് 123854 കോടി രൂപയുടെ ഓഹരികളാണ്.

അതേ സമയം ഇന്ത്യന്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ ജൂണില്‍ നെറ്റ് വാങ്ങലുകാരാണ്. വന്‍തോതില്‍ വാങ്ങലാണ് ഈ കാലയളവില്‍ നടത്തിയത്. ജനുവരി മുതല്‍ അവര്‍ ഇതുവരെ 232856 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്. ഇന്നലെ അവരുടെ നെറ്റ് വാങ്ങല്‍ 7107.8 കോടി രൂപയുടേതായിരുന്നു. ജൂണില്‍ അവരുടെ നെറ്റ് വാങ്ങല്‍ 20535.62 കോടി രൂപയുടേതാണ്.

സാമ്പത്തിക വര്‍ത്തകള്‍

എംഎസ്പി: നെല്ല്, റാഗി, ബജ്റ, ജോവര്‍, മെയ്സ്, പരുത്തി ഉള്‍പ്പെടെ പതിന്നാലു ഖാരിഫ് വിളകള്‍ക്ക് കേന്ദ്ര മന്ത്രിസഭ താങ്ങുവില പുതുക്കി നശ്ചയിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന വിലയാണ് നിശ്ചയിച്ചിട്ടുള്ളത്.ഇതോടെ ഈ സീസണില്‍ കര്‍ഷകര്‍ക്ക് രണ്ടു ലക്ഷം കോടി രുപ വരുമാനമായി ലഭിക്കും. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 35000 കോടി രൂപ കൂടുതലാണ്. താങ്ങുവില ഉയര്‍ത്തിയത് വളം കമ്പനികള്‍ക്കു ഗൂണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച മണ്‍സൂണ്‍കൂടി ലഭിച്ചാല്‍ ഈ സീസണില്‍ കര്‍ഷകരുടെ വരുമാനം മെച്ചപ്പെടും.

മണ്‍സൂണ്‍: പടിഞ്ഞാറന്‍ കാലവര്‍ഷം സാധാരണയേക്കാള്‍ 106 ശതമാനം കൂടുതല്‍ ലഭിക്കുമെന്നു കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ടെങ്കിലും ജൂണില്‍ അത് കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ 19 വരെ 20 ശതമാനം മഴക്കുറവാണ് അനുഭപ്പെട്ടിരിക്കുന്നത്. ഈ കാലയളവില്‍ സാധാരണ ലഭിക്കേണ്ട മഴ 80.6 മില്ലീമീറ്ററാണ്. എന്നാല്‍ ലഭിച്ചിട്ടുള്ളത് 64.5 മില്ലിമീറ്ററാണ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പടിഞ്ഞാറന്‍ കാലവര്‍ഷത്തിന് വലിയ സ്ഥാനമാണുള്ളത്. രാജ്യത്തിന് ആവശ്യമായ വെള്ളത്തിന്റെ 70 ശതമാനവും ഈ മണ്‍സൂണ്‍ കാലത്താണ് സാധാരണ ലഭിക്കുന്നത്. മഴയുടെ കുറവ് കൃഷിയിറക്കിലിനേയും ബാധിക്കും.

യുകെ പണപ്പെരുപ്പ നിരക്ക്്: മേയില്‍ യുകെയിലെ പണപ്പെരുപ്പത്തോത് രണ്ടു ശതമാനമാണ്. ഏപ്രിലില്‍ ഇത് 2.3 ശതമാനമായിരുന്നു. 2021 ജൂലൈയ്ക്കുശേഷം ആദ്യമായാണ് പണപ്പെരുപ്പത്തോത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലക്ഷ്യത്തിലേക്ക് എത്തുന്നത്.

ക്രൂഡോയില്‍ വില

എസ് ആന്‍ഡ് പി 500 സൂചിക റിക്കാര്‍ഡ് ഉയരത്തിലേക്കു നീങ്ങിയത് എണ്ണവിലയിലും പ്രതിഫലിച്ചു. ആഗോള സമ്പദ്ഘടനയില്‍ ഉണര്‍വുണ്ടാകുമന്ന പ്രതീക്ഷയാണ് ഈ മാസാദ്യം താഴ്ന്നു തുടങ്ങിയ എണ്ണവിലയെ തിരിച്ചുവരവിനു സഹായിച്ചത്. മൂന്നാമത്തെ ആഴ്ചയിലും യുഎസ് ക്രൂഡ് കരുതല്‍ ശേഖരം ഉയര്‍ന്നിട്ടും എണ്ണവില ഉയരുകയായിരുന്നു. ജൂണ്‍ 14-ന് അവസാനിച്ച വാരത്തില്‍ യുഎസ് കരുതല്‍ ശേഖരം 2.26 ദശലക്ഷം ബാരല്‍ കണ്ട് വര്‍ധിച്ചിട്ടുണ്ട്.

ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന്റെ വില ബാരലിന് 81.43 ഡോളറാണ്. ആഴ്ചകള്‍ക്കുശേഷമാണ് ഇത് 80 ഡോളറിനു മുകളിലെത്തുന്നത്. മേയ് 30-നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് ഇന്നു രാവിലെ 85.13 ഡോളറാണ് വില. ഇന്നലത്തെ ക്ലോസിംഗിനേക്കാള്‍ അല്‍പ്പം താഴ്ന്നാണ് തുറന്നിട്ടുള്ളത്.

ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല. അത് കറന്റ് അക്കൗണ്ട് കമ്മി കൂട്ടുകയും പണപ്പെരുപ്പം വര്‍ധിക്കുകയും ചെയ്യും.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.

Tags:    

Similar News