വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ജൂലൈ 29)

പോസീറ്റീവ് മൊമന്റം തുടരാന്‍ വിപണി

Update: 2024-07-29 02:20 GMT

ആഗോള വിപണികൾ നഷ്ടത്തിൽ, ഇന്ത്യൻ സൂചികകൾ താഴ്ന്ന് തുറക്കാൻ സാധ്യത

ദീര്‍ഘ, ഹ്രസ്വകാല മൂലധന വളര്‍ച്ചാ നികുതിയും ഓഹരിയിടപാടു നികുതിയും വര്‍ധിപ്പിച്ച ബജറ്റിനെ കൈയൊഴിഞ്ഞ് ഓഹരി വിപണി മുന്നോട്ടുള്ള തനതുവഴി കണ്ടെത്താനുള്ള ശ്രമത്തിലാണ്. കമ്പനികളുടെ ആദ്യ ക്വാര്‍ട്ടര്‍ ഫലങ്ങളെയാണ് വിപണി പ്രധാനമായും ഇതിനായി ആശ്രയിക്കുന്നത്. താരതമ്യേന മെച്ചപ്പെട്ട ആദ്യ ക്വാര്‍ട്ടര്‍ ഫലങ്ങള്‍ നിരവിധി കമ്പനികളുടെ ഓഹരി വിലയില്‍ ഇപ്പോള്‍ തന്നെ പ്രതിഫലിച്ചിട്ടുണ്ട്.

ആഗോള വിപണിയില്‍നിന്നും സമ്പദ്ഘടനയില്‍നിന്നുള്ള വാര്‍ത്തകള്‍ക്കും മുന്നോട്ടുള്ള വഴി കണ്ടെത്തുന്നതിനായി വിപണി ചെവി കൊടുക്കുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് തീരുമാനങ്ങള്‍ക്കായി വിപണി കാത്തിരിക്കുകയാണ്.

രാജ്യത്തിന്റെ ആദ്യ ക്വാര്‍ട്ടര്‍ ജിഡിപി കണക്കുകള്‍ ഓഗസ്റ്റ് 30-ന് എത്തുന്നതോടെ ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചാ ചിത്രം കൂടുതല്‍ വ്യക്തമാകും.

ഇന്ത്യന്‍ വിപണി

പുതിയ മാസത്തിലെ( എഫ് ആന്‍ഡ് ഒ) ആദ്യ വ്യാപാര ദിനത്തില്‍ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യന്‍ ഓഹരി വിപണി നടത്തിയത്. ബജറ്റ് നല്‍കിയ താല്‍ക്കാലിക തിരിച്ചടിയില്‍നിന്നു വിപണി ക്രമേണ മുക്തമാകുകയാണ്. തൃപ്തികരമായ ആദ്യ ക്വാര്‍ട്ടര്‍ ഫലങ്ങളും യുഎസ് സമ്പദ്ഘടനയുടെ ശക്തമായ വളര്‍ച്ചയും അതേത്തുടര്‍ന്ന് ആഗോള വിപണികളിലുണ്ടായ മുന്നേറ്റവും ഇന്ത്യന്‍ വിപണിക്ക് ഉന്മേഷം നല്‍കി. വെള്ളിയാഴ്ച വിപണിയില്‍ വന്‍ വാങ്ങലാണ് ദൃശ്യമായത്. റീട്ടെയില്‍, വിദേശ, സ്വദേശ നിക്ഷേപകസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും സജീവമായിരുന്നു.

ഇന്ത്യന്‍ വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റി 50 വെള്ളിയാഴ്ച 428.75 പോയിന്റ് മെച്ചത്തോടെ 24834.85 പോയിന്റില്‍ ക്ലോസ് ചെയ്തു. ദിവസത്തെ ഏറ്റവും ഉയര്‍ന്ന പോയിന്റ് 24861.15 പോയിന്റാണ്. ഇതു രണ്ടും റിക്കാര്‍ഡ് ഉയര്‍ച്ചകളാണ്. വെള്ളിയാഴ്ചത്തെ മുന്നേറ്റത്തില്‍ എല്ലാ സെക്ടറുകളും പങ്കെടുത്തുവെന്നതാണ് പ്രത്യേകത. വിവിധ മേഖലകളിലെ സൂചികകള്‍ 0.44 - 3.01 ശതമാനം വരെ ഉയര്‍ച്ചയാണ് നേടിയത്.

ഇന്ത്യന്‍ വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് ഇന്നലെ 109.08 പോയിന്റ് കുറഞ്ഞ് 80039.8 പോയിന്റിലെത്തി. ഇന്നലെ 79477.33 പോയിന്റ് വരെ സെന്‍സെക്സ് താഴ്ന്നിരുന്നു.

ബാങ്ക്, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, മെറ്റല്‍ തുടങ്ങിയ മേഖലകളില്‍ വില്‍പ്പനയാണ് അനുഭവപ്പെട്ടത്. ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഹെല്‍ത്ത്കെയര്‍, കാപ്പിറ്റല്‍ ഗുഡ്സ് മേഖലകള്‍ വിപണിക്ക് ശക്തമായ പിന്തുണ നല്‍കി.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

അഞ്ചു ദിവസത്തെ തുടര്‍ച്ചയായ താഴ്ച അവസാനിപ്പിച്ച്, വെള്ളിയാഴ്ച റിക്കാര്‍ഡ് ഉയര്‍ച്ചയും ക്ലോസിംഗും നേടിയ നിഫ്റ്റി 50 സൂചിക ഈ ഉത്സാഹം ഇന്നും നിലനിര്‍ത്തിയാല്‍ 25000 പോയിന്റ് കൈയെത്തും അകലെയാണ്. ആദ്യ റെസിസ്റ്റന്‍സ് 24960-25090 തലത്തിലാണ്. ഈ മുന്നേറ്റം തുടര്‍ന്നാല്‍ 25501 പോയിന്റിലും 25635 പോയിന്റിലും നിഫ്റ്റി എത്താം.

മറിച്ച് വിപണി മനോഭാവം ദുര്‍ബലമാണെങ്കില്‍ 24500-24600 തലത്തില്‍ പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് 24250-24300 തലത്തിലും ബജറ്റ് ദിനത്തിലെ താഴ്ന്ന പോയിന്റായ 24050-ല്‍ നിഫ്റ്റിക്ക് പിന്തുണയുണ്ട്. ഏറ്റവും മോശം അവസ്ഥയില്‍ 23700-23800 പോയിന്റ് തലത്തിലേക്കു വിപണി എത്താം.

പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 70.08 ആണ്. ഓവര്‍ ബോട്ട് സോണിലേക്ക് എത്തിയിരിക്കുകയാണ് നിഫ്റ്റി. ബുള്ളീഷ് മോഡില്‍തന്നെയാണ് നീങ്ങുന്നത്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: അഞ്ചു ദിവസത്തെ ഇടിവിനുശേഷം വെള്ളിയാഴ്ച ബാങ്ക് നിഫ്റ്റി 407.2 പോയിന്റ് നേട്ടത്തോടെ 51295.95 പോയിന്റില്‍ ക്ലോസ് ചെയ്തു. വെള്ളിയാഴ്ചത്തെ മൊമന്റം തുടര്‍ന്നാല്‍ ഇന്ന് ബാങ്ക് നിഫ്റ്റി 51500 പോയിന്റിലേക്കും തുടര്‍ന്ന് 51950-52000 തലത്തിലേക്ക് ഉയരും. തുടര്‍ന്നും മുന്നോട്ടു പോയാല്‍ 52500 ശക്തമായ റെസിസ്റ്റന്‍സ് ആയി പ്രവര്‍ത്തിക്കും.

മറിച്ച് വിപണി ദുര്‍ബലമാകുകയാണെങ്കില്‍ ബാങ്ക് നിഫ്റ്റിക്ക് 50400-50500 തലത്തില്‍ പിന്തുണ കിട്ടും. തുടര്‍ന്ന് 50000-50100 തലത്തിലും പിന്തുണ പ്രതീക്ഷിക്കാം. അടുത്ത പിന്തുണ 49500 പോയിന്റിനു ചുറ്റളവിലാണ്.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 45.6 ആണ്. ബെയറീഷ് മൂഡിലൂടെയാണ് ബാങ്ക് നിഫ്റ്റി നീങ്ങുന്നത്.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ വളരെ സജീവമായിരുന്നു. എല്ലാം തന്നെ പോസീറ്റീവായിട്ടാണ് ക്ലോസ് ചെയ്തത്.. ഇന്‍ഫോസിസ് 3.44 ശതമാനവും വിപ്രോ 2.99 ശതമാനവും നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക് 0.73 ശതമാനം മെച്ചപ്പെട്ടപ്പോള്‍ ഐസിഐസിഐ ബാങ്ക് 1.63 ശതമാനം ഉയര്‍ന്നു. തുടര്‍ച്ചയായ അഞ്ചു ദിവസം ഇടിവു കാണിച്ച റിലയന്‍സ് ഇ്ന്‍സ്ട്രീസ് നേരിയ തോതില്‍ ( 0.31 ശതമാനം) മെച്ചപ്പെട്ടു. മേക്ക് മൈട്രിപ്പ് മൂന്നു ശതമാനവും യാത്ര ഓണ്‍ലൈന്‍ 5.3 ശതമാനവും ഡോ. റെഡ്ഡീസ് 0.47 ശതമാനവും മെച്ചപ്പെട്ടു.

ഇന്ത്യ വിക്സ്

വെള്ളിയാഴ്ച ഇന്ത്യ വിക്സ് 3 ശതമാനത്തോളം താഴ്ന്ന് 12.25 ആയി. വ്യാഴാഴ്ചയിത് 12.62-ആയിരുന്നു. തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പ് ഇന്ത്യ വിക്സ് 10 ആയിരുന്നു.

വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.21 ലേക്കു കുതിച്ചുയര്‍ന്നു. ബുധനാഴ്ചയിത് 0.82 ആയിരുന്നു.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

യുഎസ് ജിഡിപി രണ്ടാം ക്വാര്‍ട്ടറില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട വളര്‍ച്ച (2.8 ശതമാനം; ആദ്യക്വാര്‍ട്ടറില്‍ 1.4 ശതമാനം) നേടിയതും ജൂണില്‍ പണപ്പെരുപ്പത്തോത് കുറഞ്ഞതും (2.6 ശതമാനം) വെള്ളിയാഴ്ച യുഎസ് വിപണി ശരിക്കും ആഘോഷിച്ചു. ഡൗ ജോണ്‍സ് ഉള്‍പ്പെടെയുള്ള എല്ലാ സൂചികകളും ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. വെള്ളിയാഴ്ച രാവിലെ മെച്ചപ്പെട്ട 40000 പോയിന്റിനു മുകളില്‍ ഓപ്പണ്‍ ചെയ്ത ഡൗ അതു നിലനിര്‍ത്തുകയും 654.27 പോയിന്റ് ഉയര്‍ന്നു ക്ലോസ് ചെയ്യുകയുമായിരുന്നു. മെച്ചപ്പെട്ട രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങളും ടെക് ഓഹരികളുടെ തിരിച്ചുവരവും വിപണിക്കു പൊതുവേ തുണയായി.

ഡൗവിന്റെ ചുവടുപിടിച്ച് നാസ്ഡാക് കോംപോസിറ്റ് 176.16 പോയിന്റും എസ് ആന്‍ഡ് പി 500 സൂചിക 59.88 പോയിന്റും മെച്ചപ്പെട്ടു. മൂന്നു ദിവസത്തെ തുടര്‍ച്ചയായ താഴ്ചയില്‍നിന്നാണ് യുഎസ് വിപണി തിരിച്ചുവന്നിട്ടുള്ളത്.

യുഎസ് ഫ്യൂച്ചേഴ്സ് എല്ലാം നല്ലതോതില്‍ മെച്ചപ്പെട്ടു നില്‍ക്കുകയാണ്.

പണപ്പെരുപ്പവളര്‍ച്ചാത്തോത് കുറഞ്ഞതും ലോബര്‍ വിപണിയിലെ സ്ഥിതി മെച്ചപ്പെട്ടതും ഫെഡറല്‍ റിസര്‍വിനെ പലിശനിരക്കു വെട്ടിക്കുറയ്ക്കലിലേക്കു നയിക്കുമെന്നു ധനകാര്യ വിപണികള്‍ പ്രതീക്ഷിക്കുന്നു. സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം മൂന്നു തവണ പലിശയില്‍ വെട്ടിക്കുറവുണ്ടാകുമെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് ആദ്യവാരം ഫെഡറല്‍ റിസര്‍വ് രണ്ടു ദിവസത്തെ യോഗം ചേരും. ഇപ്പോള്‍ പലിശ നിരക്ക് 5.25-5.5 ശതമാനമാണ്.

യൂറോപ്യന്‍ വിപണികളും വെള്ളിയാഴ്ച പോസീറ്റീവായാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 99.36 പോയിന്റും സിഎസി ഫ്രാന്‍സ് 90.66 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 41.37 പോയിന്റും ജര്‍മന്‍ ഡാക്സ് 118.83 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തതത്. യൂറോപ്യന്‍ ഫ്യൂച്ചേഴ്സും നേരിയ തോതില്‍ മെച്ചപ്പെട്ടു നില്‍ക്കുകയാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

ബജറ്റിനുശേഷം തുടര്‍ച്ചയായി മൂന്നു ദിവസം നെറ്റ് വില്‍പ്പനക്കാരായിരുന്ന വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ വെള്ളിയാഴച് 2546.38 കോടി രൂപയുടെ നെറ്റ് വാങ്ങലുകാരായി. ഇതോടെ ജൂലൈയിലെ അവരുടെ നെറ്റ് വാങ്ങല്‍ 16943.37 കോടി രൂപയായി.

അതേ സമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളും വെള്ളിയാഴ്ച നെറ്റ് വാങ്ങലുകാരായിരുന്നു. ബജറ്റ് മുതല്‍ അവര്‍ ദിവസവും നെറ്റ് വാങ്ങലുകാരാണ്. വെള്ളിയാഴ്ച 2774.31 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതോടെ അവരുടെ ജൂലൈയിലെ നെറ്റ് വാങ്ങല്‍ 8888.87 കോടി രൂപയായി ഉയര്‍ന്നു.

സാമ്പത്തിക വാര്‍ത്തകള്‍

മണ്‍സൂണ്‍ സാധാരണപോലെ: പടിഞ്ഞാറന്‍ കാലവര്‍ഷം രണ്ടു മാസം പൂര്‍ത്തിയാകാനിരിക്കേ ലഭിച്ച മഴ സാധാരണയേക്കാള്‍ 2.7 ശതമാനത്തിലധികമായി. ജൂലൈ 27 വരെ ലഭിച്ച മഴ 419.7 മില്ലീമീറ്ററാണ്. ഈ കാലയളവിലെ ദീര്‍ഘകാല ശരാശരി 408.9 മില്ലീമീറ്ററാണ്.

അതേസമയം വിളയിറക്കല്‍ വസ്തൃതി ജൂണ്‍ അവസാന വാരത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 3.5 ശതമാനം വര്‍ധിച്ചതായി കാര്‍ഷിക മന്ത്രാലയം വ്യക്തമാക്കി. നെല്ല്, പയര്‍ വര്‍ഗങ്ങള്‍, എണ്ണക്കുരു, കരിമ്പ് എന്നിവയുടെ കൃഷി വിസ്തീര്‍ണം വര്‍ധിച്ചു. സാധാരണ കൃഷി ചെയ്യുന്നതിന്റെ 64 ശതമാനത്തോളം ( ഏകദേശം 70.4 ദശലക്ഷം ഹെക്ടര്‍) വരുമിത്. എന്നാല്‍ പരുത്തികൃഷി മുന്‍വര്‍ഷത്തേക്കാള്‍ മൂന്നു ശതമാനം കുറവാണ്. മണ്‍സൂണ്‍ പുരോഗമിക്കുന്നതിനനുസരിച്ച് കൃഷിയിറക്കലും വര്‍ധിക്കുമെന്നു പ്രതീക്ഷിക്കുന്നു. മികച്ച മണ്‍സൂണ്‍ വിളയിറക്കല്‍ വിസ്തീര്‍ണം വര്‍ധിപ്പിക്കുമെന്നു മാത്രമല്ല, ഭക്ഷ്യവിലക്കയറ്റത്തോത് കുറയ്ക്കുവാനും സഹായിക്കും. മികച്ച മഴ ഖാരിഫ് വിള മാത്രമല്ല, മെച്ചപ്പെട്ട റാബി വിളയ്ക്കും വഴിതെളിക്കും. രാജ്യത്തെ 729 ജില്ലകളില്‍ 61 ശതമാനത്തിലും സാധാരണയോ അതില്‍ കൂടുതലോ മഴ ഇതുവരെ ലഭിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

2024-25 കാര്‍ഷിക വര്‍ഷത്തില്‍ ( ജൂലൈ 1- ജൂണ്‍ 30) 340 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യ ഉത്പാദനമാണ് കാര്‍ഷിക മന്ത്രാലയം ലക്ഷ്യമിടുന്നത്. മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ ( 328.8 ദശലക്ഷം ടണ്‍) 3.4 ശതമാനം കൂടുതലാണ് ഇത്. ഖാരിഫ് സീസണില്‍ 159.95 ദശലക്ഷം ടണ്ണും റാബി സീസണില്‍ 164 ദശലക്ഷം ടണ്ണും സമ്മര്‍ സീസണില്‍ 16.43 ദശലക്ഷം ടണ്ണുമാണ് ലക്ഷ്യമിടുന്നത്.

കമ്പനി വാര്‍ത്തകള്‍

ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഇന്ന്:

ഭാരത് ഇലക്ട്രോണിക്സ്, അദാനി ടോട്ടല്‍ ഗ്യാസ്, കോള്‍ഗേറ്റ്, എച്ച്പിസിഎല്‍, ഇന്‍ഡസ് ഇന്‍ഡ്, എസിസി, അദാനി വില്‍മര്‍, ഫൈസര്‍, നെരോലാക്, കല്‍പ്പതരു പ്രോജക്ട്സ്, വോള്‍ട്ടാംപ്, ശാന്തി ഗിയേഴ്സ്, ഐഡിയ ഫോര്‍ജ്, ജിന്‍ഡാല്‍ സോ, ഇന്ത്യ ഗ്ലോക്കോള്‍, അപ്പോളെ പൈപ്സ്, എന്‍ ഡി ടിവി, ഒമാകസ് ഓട്ടോ, കാത്തലിക് സിറിയന്‍ ബാങ്ക്, വണ്ടര്‍ല തുടങ്ങി നൂറോളം കമ്പനികള്‍ ഇന്നു ഫലം പുറത്തുവിടും.

ക്രൂഡോയില്‍ വില

അഞ്ചു ദിവസമായി ഇടിവു കാണിക്കുന്ന ക്രൂഡോയില്‍ വിപണി ഇന്നു രാവിലെയും ഓപ്പണ്‍ ചെയ്തത് താഴ്ചയോടെയായുഎസ് ഡബ്ള്യുടിഐ ക്രൂഡിന്റെ ശനിയാഴ്ചത്തെ ക്ലോസിംഗ് 77.16 ഡോളറാണ്. ബ്രെന്റ് ക്രൂഡോയില്‍ വില 81.13 ഡോളറും.

ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല. രൂപയുടെ മൂല്യശോഷണം ഇറക്കുമതിച്ചെലവ് കൂട്ടും.

ഇന്ത്യന്‍ രൂപ

ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ വിദേശനിക്ഷേപമെത്തുമെന്ന പ്രതീക്ഷ വെള്ളിയാഴ്ച രൂപയ്ക്കു തുണയായി. ഡോളറിനെതിരേ റിക്കാര്‍ഡ് താഴ്ചയിലെത്തിയ ( 83.78 ) രൂപ ശനിയാഴ്ച 83.72ല്‍ മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. യുഎസ് ജിഡിപി രണ്ടാം ക്വാര്‍ട്ടറില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട വളര്‍ച്ച ( 2.8 ശതമാനം) ഡോളറിനു നല്‍കിയ കരുത്താണ് ഇന്ത്യന്‍ രൂപയെ റിക്കാര്‍ഡ് താഴ്ചയിലെത്തിച്ചത്.

ബജറ്റിനു ശേഷം വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വന്‍ വില്‍പ്പനക്കാരായത് രൂപയുടെ നില ദുര്‍ബലമാക്കുകയായിരുന്നു.താമസിയാതെ ഡോളറിന് 84 എന്ന നിലയിലേക്കു താഴുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതിക്കു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.

Tags:    

Similar News