വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ജൂലൈ 24)

ബജറ്റ് വിപണിയെ നിരാശപ്പെടുത്തി; സൈഡ് വേസ് നീക്കത്തിലേക്ക്

Update: 2024-07-24 02:55 GMT

ബജറ്റ് കഴിഞ്ഞു. ഇന്ത്യന്‍ ഓഹരി വിപണിയുടെ പൊതു ഭാവം നിരാശയുടേതായി. എങ്കിലും സന്തോഷത്തിനും വകയുണ്ട്. മൂലധന വളര്‍ച്ചാ നികുതിയും ഓഹരിയിടപാടുനികുതിയും വര്‍ധിപ്പിച്ചതാണ് വിപണിയുടെ സന്തോഷം കെടുത്തിയത്. ഇത് ഇന്നലത്തെ വിപണി പ്രകടനത്തില്‍ പ്രതിഫലിക്കുകയും ചെയ്തു.

സന്തോഷകരമായ സംഗതി ധനകമ്മി നടപ്പുവര്‍ഷം 4.9 ശതമാനത്തിലേക്കും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 4.5 ശതമാനത്തിലേക്കും താഴ്ത്തുമെന്നതുമാണ്. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ അനുമാനമായ 5.1 ശതമാനത്തേക്കാള്‍ കുറവാണ് പുതുക്കിയ ബജറ്റിലെ ധനകമ്മി അനുമാനം.ധനകമ്മി സഹനീയ നിലയായ മൂന്നു ശതമാനത്തിലേക്ക് എത്തുന്നത് ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരമായ കാര്യമാണ്. പലിശ നിരക്കും പണപ്പെരുപ്പവും ഇതു കുറയ്ക്കുമെന്നു മാത്രമല്ല, സമ്പദ്ഘടനയുടെ കാര്യക്ഷമതയും വര്‍ധിക്കും.

സ്ഥിരതയോടെ ധനകമ്മി കുറഞ്ഞുവരുന്നത് രാജ്യത്തിന്റെ ആഗോള റേറ്റിംഗ് മെച്ചപ്പെടുവാന്‍ ഇടയാക്കും. വിദേശനിക്ഷേപമൊഴുക്ക് മെച്ചപ്പെടുത്തുവാന്‍ ഇതു സഹായിക്കും. ഇന്ത്യയ്ക്ക് 2047-ല്‍ വികസിത രാജ്യമായി മാറുവാന്‍ പ്രതിവര്‍ഷം 11200 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം വേണ്ടി വരും. ഇപ്പോള്‍ ഇതിന്റെ പകുതിയേ ( 2023ല്‍ 4200 കോടി ഡോളര്‍ ഉള്ളു.

വിപണിയുടെ സന്തോഷം കെടുത്തിയ മറ്റൊരു റിപ്പോര്‍ട്ട് കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയാണ്. സാമ്പത്തിക സര്‍വേ അനുസരിച്ച് നടപ്പുവര്‍ഷം 6.5-7 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരിയില്‍ വളര്‍ച്ച 7 ശതമാനമായിട്ടാണ് കണക്കാക്കിയിരുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ രാജ്യം ഏഴു ശതമാനത്തിലധികം വളര്‍ച്ച നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച 8.2 ശതമാനമാണ്.

ഹ്രസ്വകാല മൂലധന വളര്‍ച്ച നികുതി നിരക്ക് 15 ശതമാനത്തില്‍നിന്ന് 20 ശതമാനത്തിലേക്കും ദീര്‍ഘകാല മൂലധന വളര്‍ച്ചാ നികുതി നിരക്ക് 10 ശതമാനത്തില്‍നിന്നും 12.5 ശതമാനത്തിലേക്കും ഉയര്‍ത്തി. ദീര്‍ഘകാല മൂലധനനേട്ടത്തിനുള്ള ഒഴിവ് ഒരു ലക്ഷം രൂപയില്‍നിന്നും 1.25 ലക്ഷം രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. അതേപോലെ ഓപ്ഷനിലെ ഓഹരിയിടപാടു നികുതി 0.062 ശതമാനത്തില്‍നിന്ന് 0.1 ശതമാനമായും ഫ്യൂച്ചേഴ്സിലെ ഇടപാടു നികുതി 0.0125 ശതമാനത്തില്‍നിന്ന് 0.02 ശതമാനമായും ഉയര്‍ത്തി. എഫ് ആന്‍ഡ് ഒ ആക്ടിവിറ്റി കുറയ്ക്കുകയെന്നതാണ് നികുതി ഉയര്‍ത്തിയതിന്റെ ലക്ഷ്യം. ഇത് ഓഹരി നിക്ഷേപത്തെ കാര്യമായി ബാധിക്കുകയില്ല എന്നാണ് വിലയിരുത്തുന്നത്.

ഇന്നലെ യുഎസ്, യൂറോപ്യന്‍ വിപണികള്‍ പൊതുവേ നെഗറ്റീവായിരുന്നു. പ്രവര്‍ത്തനഫലങ്ങളാണ് യുഎസ് വിപണിയെ സ്വാധീനിക്കുക. യുഎസ് വിപണിയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം പലിശ നിരക്കു വെട്ടിക്കുറയ്ക്കല്‍ സൈക്കിള്‍ എന്നാരംഭിക്കുമെന്നതാണ്. ഇത് ആഗോള വിപണിയില്‍ ശക്തമായ പ്രതിഫലിക്കുന്ന സംഭവമാണ്. ഇന്ത്യന്‍ വിപണി ഉള്‍പ്പെടെയുള്ളവയുടെ അടുത്ത ട്രിഗര്‍ ആണ് പലിശ വെട്ടിക്കുറയ്ക്കലിന്റെ തുടക്കം.

അതുവരെ സൈഡ് വേസ് ആയി നീങ്ങാനുള്ള പ്രവണതയാണ് വിപണിയില്‍ കാണുന്നത്. മൂലധന വളര്‍ച്ചാ നികുതി വര്‍ധിപ്പിച്ചതിനോടുള്ള പ്രതികരണങ്ങള്‍ അടുത്ത ദിനങ്ങളില്‍ വിപണിയില്‍ പ്രതിഫലിക്കും.

ആദ്യ ക്വാര്‍ട്ടര്‍ ഫലങ്ങളും അടുത്ത ക്വാര്‍ട്ടറിലേക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും കണക്കിലെടുത്തുള്ള റീറേറ്റിംഗ് വ്യക്തിഗത ഓഹരികളിലുണ്ടാകുമെന്നതൊഴിച്ചാല്‍ വിപണിയുടെ ഉത്സാഹം കെട്ടുപോയ അവസ്ഥയിലാണ്.

ഇന്ത്യയുടെ സാമ്പത്തിക അവസ്ഥ ഓഹരി വിപണിക്ക് അനുകൂലമാണെന്നാണ് പൊതുവേ വിലയിരുത്തുന്നത്.

ഇന്ത്യന്‍ വിപണി ഇന്നലെ

ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രണ്ടു ദശകങ്ങളിലെ ഏറ്റവും പ്രതിലോമപരമായ നിര്‍ദ്ദേശമാണ് ധനമന്ത്രി ബജറ്റില്‍ വച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വിപണി പ്രതികൂലമായി പ്രതികരിക്കുകയും ചെയ്തു.

ഇന്നലെ ഓഹരി വിപണി ആരംഭിച്ചിടത്തുതന്നെ അവസാനിച്ചുവെങ്കിലും അടിയൊഴുക്ക് അത്ര പോസീറ്റീവല്ല. ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 50 സൂചികയിലെ പ്രതിദിന വ്യതിയാനം 508 പോയിന്റിന്റേതായിരുന്നു. ഇന്നലെ രാവിലെ 59 പോയിന്റ് മെച്ചത്തോടെ ഓപ്പണ്‍ ചെയ്ത നിഫ്റ്റി ബജറ്റ് പ്രസംഗം പുരോഗമിക്കുന്നതിനനുസരിച്ച് താഴുകയായിരുന്നു. ഒരവസരത്തില്‍ നിഫ്റ്റി 24074.2 പോയിന്റുവരെ എത്തി. തുടര്‍ന്ന ഇന്ത്യന്‍ ധനകാര്യ സ്ഥാപനങ്ങളുടെ മനസില്ലാ മനസോടെയുള്ള വാങ്ങലില്‍ ഈ നഷ്ടം തിരിച്ചു പിടിക്കുകയായിരുന്നു. ക്ലോസിംഗ് 24479.05 പോയിന്റിലാണ്. തലേദിവസത്തേക്കാള്‍ 30.2 പോയിന്റ് കുറവാണിത്.

ഇന്ത്യന്‍ വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് ഇന്നലെ 73.04 പോയിന്റ് കുറഞ്ഞ് 80429.04 പോയിന്റില്‍ ക്ലോസ് ചെയ്തു. ഒരവസരത്തില്‍ സെന്‍സെക്സ് 80000 പോയിന്റിന് താഴേയ്ക്കു പോയി. ദിവസത്തെ ഏറ്റവും താഴ്ന്ന പോയിന്റ് 79224.32 പോയിന്റാണ്. ഏതാണ്ട് 1550 പോയിന്റിന്റെ പ്രതിദിന വ്യതിയാനമാണ് ഇന്നലെ സംഭവിച്ചത്.

ഇന്നലെ എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഐടി, ഓട്ടോ, ഹെല്‍ത്ത്കെയര്‍, ഫാര്‍മ തുടങ്ങിയ മേഖലകളുടെ പിന്‍ബലത്തിലാണ് വിപണി തിരിച്ചുവന്നത്. ബാങ്ക്് ഓഹരികളില്‍ വന്‍ വില്‍പ്പനയാണ് ദൃശ്യമായത്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

താഴ്ചയില്‍നിന്നു വിപണി തിരിച്ചുവന്നുവെങ്കിലും പൊതുമനോഭാവം അത്ര പോസീറ്റീവ് അല്ല. വിപണിയുടെ മുന്നോട്ടുള്ള യാത്രയില്‍ 24850 ശക്തമായ റെസിസ്റ്റന്‍സായി മാറിയിട്ടുണ്ട്. അതു മികച്ചവ്യാപ്തത്തോടെ മറികടന്നാല്‍ 25050 ലേക്ക് എത്തും. അതിനു മുകളില്‍ 25650 പോയിന്റിലാണ് റെസിസ്റ്റന്‍സ് ഉള്ളത്.

വിപണിയുടെ മനോഭാവം നെഗറ്റീവ് ആണെങ്കില്‍ 24000-24100 പോയിന്റ് തലത്തിലാണ് വിപണിക്കു ശക്തമായ പിന്തുണയുണ്ട്. 24350 പോയിന്റില്‍ ആദ്യപിന്തുണ പ്രതീക്ഷിക്കാം. അടുത്ത പിന്തുണ 23700-23800 തലത്തിലാണ്.

പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 63.32 ആണ്. നിഫ്റ്റി ബുള്ളീഷ് മോഡില്‍തന്നെയാണ് നീങ്ങുന്നത്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 52 പോയിന്റ് മെച്ചത്തിലാണ് ഓപ്പണ്‍ ചെയ്തതെങ്കിലും പിന്നീട് താഴുകയായിരുന്നു. എന്നാല്‍ ഒരുമണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ ഗിഫ്റ്റി നിഫ്റ്റി 40 പോയിന്റ് താഴെയാണ്. ആഗോള വിപണി ഫ്യൂച്ചേഴ്സ് എല്ലാം തന്നെ നെഗറ്റീവ് ആണ്. നിഫ്റ്റിയില്‍ നെഗറ്റീവ് ഓപ്പണിംഗ് സൂചനയാണ് ഇതെല്ലാം നല്‍കുന്നത്.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ ഇന്നലെ സമ്മിശ്രമായിരുന്നു. ഇന്‍ഫോസിസ് 1.33 ശതമാനം മെച്ചപ്പെട്ടപ്പോള്‍ വിപ്രോ 0.67 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്, അതേസമയം എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും യഥാക്രമം 0.38 ശതമാനവും 0.87 ശതമാനവും ഇടിവു കാണിച്ചു. റിലയന്‍സ് ഇ്ന്‍സ്ട്രീസ് തുടര്‍ച്ചയായ മൂന്നാം ദിവസവും കുറഞ്ഞു. ഇടിവ് 1.2 ശതമാനമാണ്. ബജറ്റില്‍ ടൂറിസത്തിനു നല്‍കിയ പിന്തുണ മേക്ക് മൈട്രിപ്പിന്റെ വിലയില്‍ 9.13 ശതമാനം ഉയര്‍ച്ചയുണ്ടാക്കി. ഡോ. റെഡ്ഡീസ് 1.04 ശതമാനം മെച്ചപ്പെട്ടു.

ഇന്ത്യ വിക്സ്

ബജറ്റ് കഴിഞ്ഞു. ഇന്ത്യന്‍ വിപണിയിലെ വന്യമായ വ്യതിയാനത്തിനും അവസാനമായി. ഇന്നലെ ഇന്ത്യ വിക്സ് 17 ശതമാനത്തോളം ഇടിഞ്ഞ് 12.75-ലെത്തി. ഇന്നലത്തെ ഉയര്‍ന്ന പോയിന്റ് 16 ആയിരുന്നു. തലേദിവസമിത് 15.44 ആയിരുന്നു. വെള്ളിയാഴ്ചയിത് 14.82 ആയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യ വിക്സ് ഉയരുകയായിരുന്നു.

വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 0.87 ആയി. തിങ്കളാഴ്ചയിത് 1.02-ഉം വെള്ളിയാഴ്ച 1.11-ഉം ആയിരുന്നു.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

ആല്‍ഫബെറ്റ്, ടെസ്്ല തുടങ്ങിയ നിരവധി കമ്പനികളുടെ മൂന്നാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ എത്താനിരിക്കേ ഇന്നലെ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് 57.3 പോയിന്റ് താഴ്ന്ന് ക്ലോസ് ചെയ്തു. നാസ്ഡാക് 10.22 പോയിന്റും എസ് ആന്‍ഡ് പി 8.67 പോയിന്റും താഴ്ന്നിട്ടുണ്ട്.

കഴിഞ്ഞ വാരത്തില്‍ വില്‍പ്പന ദൃശ്യമായ യുഎസ് വിപണികള്‍ തിങ്കളാഴ്ച ശക്തമായ തിരിച്ചുവരവു നടത്തിയിരുന്നു. മൂന്നാം ക്വാര്‍ട്ടര്‍ ഫലങ്ങളും വ്യഴാഴ്ച വരുന്ന രണ്ടാം ക്വാര്‍ട്ടര്‍ ജിഡിപി കണക്കുകളും വെള്ളിയാഴ്ചത്തെ പണപ്പെരുപ്പ കണക്കുകളുമാണ് യു എസ് വിപണിയെ നയിക്കുക.

ശക്തമായ സാങ്കേതിക തിരുത്തലിനു വിധേയമായ. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് ഇന്നലെ 127.91 പോയിന്റ് മെച്ചപ്പെട്ടു. എന്‍വിഡിയ ഉള്‍പ്പെടെയുള്ള ഓഹരികളുടെ പിന്‍ബലത്തില്‍. നാസ്ഡാക് 280.63 പോയിന്റും എസ് ആന്‍ഡ് 59.41 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. എന്നാല്‍ യുഎസ് ഫ്യൂച്ചേഴ്സ് എല്ലാം വന്‍താഴ്ചയിലാണ്.

തിങ്കളാഴ്ച മികച്ച തിരിച്ചുവരവു നടത്തിയ യൂറോപ്യന്‍ വിപണികള്‍ ഇന്നലെ സമ്മിശ്രമായിരുന്നു.എഫ്ടിഎസ്ഇ യുകെ 31.41 പോയിന്റും സിഎസി ഫ്രാന്‍സ് 23.37 പോയിന്റും ഇടിവു കാണിച്ചു. എന്നാല്‍ ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 22.7 പോയിന്റും ജര്‍മന്‍ ഡാക്സ് 150.63 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തതത്. യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാം ചുവപ്പിലാണ്.

ഏഷ്യന്‍ വിപണികള്‍

ഇന്നു രാവിലെ 230 പോയിന്റോളം കുറഞ്ഞ് ഓപ്പണ്‍ ചെയ്ത ജാപ്പനീസ് നിക്കി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 100 പോയിന്റ് താഴെയാണ്. ചൊവ്വാഴ്ച നേരിയ തോതില്‍ താഴ്ന്നാണ് നിക്കി ക്ലോസ് ചെയ്തിരുന്നത്. മറ്റ് ഏഷ്യന്‍ വിപണികളുടെ ചൊവ്വാഴ്ചത്തെ ക്ലോസിംഗും താഴ്ന്നായിരുന്നു. ഇന്നു രാവിലെ കൊറിയന്‍ കോസ്പി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ നേരിയ താഴ്ചയിലാണ്.

അതേസമയം ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക 36 പോയിന്റും ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചിക 5 പോയിന്റും താഴ്ന്നാണ് ഓപ്പണ്‍ ചെയ്തിട്ടുളളത്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

ബജറ്റ് ദിനത്തില്‍ വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ നെറ്റ് വില്‍പ്പനക്കാരായപ്പോള്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ രക്ഷയ്ക്കെത്തി. എഫ്ഐഐകള്‍ ഇന്നലെ 2975.31 കോടി രൂപയുടെ നെറ്റ് വില്‍ക്കലാണ് നടത്തിയത്.

അതേസമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ 1418.82 കോടി രൂപയുടെ നെറ്റ് വാങ്ങലിലൂടെ വിപണിക്ക് ചെറിയ താങ്ങ് നല്‍കി. അവരും മടിച്ചാണ് വാങ്ങല്‍ നടത്തിയതെന്നു വ്യക്തം. ഇതോടെ അവരുടെ ജൂലൈയിലെ നെറ്റ് വാങ്ങല്‍ 545.6 കോടി രൂപയായി.

കമ്പനി വാര്‍ത്തകള്‍

ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഇന്ന്: എല്‍ ആന്‍ഡ് ടി, ആക്സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, എസ്ബിഐ ലൈഫ്, സിജി പവര്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പെട്രോനെറ്റ്, കെപിഐടി ടെക്നോളജീസ്, ഫെഡറല്‍ ബാങ്ക,് ഐഇഎക്സ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ആദിത്യ ബിര്‍ള എഎംസി തുടങ്ങി എഴുപതോളം കമ്പനികള്‍ ഇന്നു ഫലം പുറത്തുവിടും.

ക്രൂഡോയില്‍ വില

യുഎസ് ഡബ്ള്യുടിഐ ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിനു താഴെ സ്ഥിരത നേടാനുള്ള സാധ്യത ഉയരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും 80 ഡോളറിനു താഴെ നില്‍ക്കുകയാണ്. ഡബ്ള്യു ടിഐ ക്രൂഡിന് ഇന്നു രാവിലെ 77.27 ഡോളറാണ്. ഇന്നലെ രാവിലെ അത് 79.78 ഡോളറായിരുന്നു. ബ്രെന്റ് ക്രൂഡോയില്‍ വില ഇന്നു രാവിലെ 81.33 ഡോളറാണ്. ഇന്നലെ രാവിലെ 82.55 ഡോളറായിരുന്നു.

ആഗോള സമ്പദ്ഘടനയിലെ വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കയ്ക്കൊപ്പം എണ്ണ ഉത്പാദനം കൂടുന്നതും വില താഴാന്‍ കാരണമാണ്. ചൈനയുടെ രണ്ടാം ക്വാര്‍ട്ടര്‍ ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ താഴെയായിരിക്കുമെന്ന വിലയിരുത്തലും എണ്ണയ്ക്കു തിരിച്ചടിയായി. ചൈനയുടെ ഭാവി എണ്ണ ആവശ്യം കുറയുമെന്നാണ് വിലയിരുത്തല്‍. ചൈനയും യുഎസ്- യൂറോപ്യന്‍ വ്യാപാരത്തര്‍ക്കങ്ങള്‍ ആഗോള സമ്പദ്ഘടനയില്‍ അനിശ്ചിതത്വം ഉയര്‍ത്തുന്നതും എണ്ണയ്ക്കു ഭീഷണിയാവുകയാണ്.

കുവൈറ്റ് കൂടുതല്‍ എണ്ണശേഖരം കണ്ടെത്തയിരിക്കുകയാണ്. 2035-ഓടെ പ്രതിദിന ഉത്പാദനം ഇപ്പോഴത്തെ 2.4 ദശലക്ഷം ബാരലില്‍നിന്് 4 ദശലക്ഷം ബാരലായി ഉയര്‍ത്താന്‍ അവര്‍ ഉദ്ദേശിക്കുന്നു.

ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല. അത് കറന്റ് അക്കൗണ്ട് കമ്മി കൂട്ടുകയും പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും ചെയ്യും.

ഇന്ത്യന്‍ രൂപ

ഡോളറിനെതിരേ രൂപ റിക്കാര്‍ഡ് താഴ്ചയിലെത്തി. ഇന്നലെ 83.73 വരെ താഴ്ന്ന രൂപ 83.71-ലാണ് ക്ലോസ് ചെയ്തത്. ധനകമ്മി കുറയ്ക്കുന്നതു ഉള്‍പ്പെടെയുള്ള ബജറ്റ് നിര്‍ദ്ദേശങ്ങളും രൂപയെ തുണച്ചില്ല. മൂലധന വളര്‍ച്ചാ നികുതി നിരക്ക് വര്‍ധിപ്പിച്ചതും ക്രൂഡോയില്‍ വില കുറഞ്ഞതും രൂപയ്ക്ക് എതിരായി. താമസിയാതെ ഡോളറിന് 84 എന്ന നിലയിലേക്കു താഴുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.

നേരിട്ടുള്ള വിദേശനിക്ഷേപം, വിദേശനിക്ഷേപം എന്നിവയ്ക്കുള്ള ചട്ടങ്ങള്‍ കൂടുതല്‍ ലഘൂകരിക്കുമെന്ന ബജറ്റ് നിര്‍ദ്ദേശം ഭാവിയില്‍ രൂപയ്ക്കു തുണയാകുമെന്നു പ്രതീക്ഷിക്കുന്നു.

ബജറ്റാണ് രൂപയുടെ നീക്കത്തെ ഇനി സ്വാധീനിക്കുക. ധനകമ്മി ഉയര്‍ന്നാല്‍ അതു രൂപയില്‍ പ്രത്യാഘാതമുണ്ടാക്കും. പത്തുവര്‍ഷ ഇന്ത്യന്‍ ബോണ്ട് യീല്‍ഡ് തിങ്കളാഴ്ച 6.967 ശതമാനമാണ്.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതിക്കു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.

Tags:    

Similar News