വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ജൂലൈ 19)

ബജറ്റിനു മുമ്പേ പുതിയ ഉയരം തീര്‍ക്കാന്‍ വിപണി

Update: 2024-07-19 02:31 GMT

 മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് എതാനും ദിവസം ( ജൂലൈ 23 നാണ് ബജറ്റ് ) അകലെ നില്‍ക്കവേ ഇന്ത്യന്‍ ഓഹരി വിപണി പുതിയ ഉയരങ്ങളില്‍ എത്തിയിരിക്കുകയാണ്. ഒരു ദിവസത്തെഅവധിക്കുശേഷം വ്യാഴാഴ്ച ഇന്ത്യന്‍ വിപണി തുറന്നതും അവസാനിച്ചതും പുതിയ ഉയരങ്ങളിലാണ്.

അതേസമയം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്നതിനു ഉടനേ തുടക്കം കുറിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ യുഎസ് ഡൗ ജോണ്‍സ് സൂചികയെ ജൂലൈ റിക്കാര്‍ഡ് ഉയരത്തില്‍ എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ റിക്കാര്‍ഡ് ഉയരം കുറിച്ച ഡൗ ഇന്നലെ 533.06 പോയിന്റ് ഇടിഞ്ഞാണ് ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച 750-ഓളം പോയിന്റാണ് ഉയര്‍ന്നത്.അതേസമയം ടെക് ഓഹരികളിലെ വില്‍പ്പനയും തുടരുകയുമാണ്. മറ്റു യുഎസ് സൂചികകളും ഇന്നലെ നെഗറ്റീവായാണ് ക്ലോസ് ചെയ്തത്. വ്യാഴാഴ്ച പുറത്തുവന്ന ജോബ് ക്ലെയിം വര്‍ധന രേഖപ്പെടുത്തിയത് യുഎസ് വിപണിയുടെ സെന്റിമെന്റിനെ ബാധിച്ചു. സമ്പദ്ഘടനയില്‍നിന്നുള്ള കൂടുതല്‍ കണക്കുകള്‍ക്കായി വിപണി കാത്തിരിക്കുകയാണ്. ഏതായാലും പലിശ നിരക്ക് വെട്ടിക്കുറയ്ക്കല്‍ തീരുമാനമായിരിക്കും ആഗോള വിപണിയുടെ അടുത്ത മുന്നേറ്റത്തിനു വഴിമരുന്നിടുക.

റിലയന്‍സ്, വിപ്രോ, ബിപിസിഎല്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഇന്നു ഫലം പുറത്തുവിടും. വ്യാപാരസമയം കഴിഞ്ഞശേഷമായിരിക്കും ഫലമെത്തുക. അതുകൊണ്ടുതന്നെ അടുത്ത വാരത്തിലെ ഇവയുടെ ഫലത്തിന്റെ പ്രതിഫലനം വിപണിയിലുണ്ടാകൂ.

ഇന്ത്യന്‍ വിപണി ഇന്നലെ

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്കായ നിഫ്റ്റി ഇന്നലെ 187.85 പോയിന്റ് മെച്ചത്തോടെ 24800.85 പോയിന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഇന്നലെ 24837.75 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.

അതേസമയം ഇന്ത്യന്‍ വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് ആദ്യമായി 81000 പോയിന്റിനു മുകളിലെത്തി. സെന്‍സെക്സ് ഇന്നലെ 626.91 പോയിന്റ് മെച്ചത്തോടെ 81343.46 പോയിന്റിലെത്തി. തലേ ദിവസത്തെ ക്ലോസിംഗ് 80716.55 പോയിന്റായിരുന്നു.

ഐടി മേഖലയാണ് വിപണിക്കു ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നത്. ഓട്ടോ, ബാങ്ക്, എഫ്എംസിജി തുടങ്ങിയ മേഖലകളാണ് വിപണിക്കു പിന്തുണ നല്‍കിയ മറ്റു മേഖലകള്‍.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

നിഫ്റ്റിയുടെ അടിയൊഴുക്കു ബുള്ളീഷ് തന്നെയാണ്. ഓരോ ദിവസവും പുതിയ പുതിയ ഉയരങ്ങളിലെത്തുകയും ക്ലോസ് ചെയ്യുകയുമാണ്.സൈക്കളോജിക്കല്‍ റെസിസ്റ്റന്‍സായി കരുതുന്ന 25000 പോയിന്റ് നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം കൈയെത്തുന്ന ദൂരത്തിലാണ്. നിഫ്റ്റിയിലെ ഇപ്പോഴത്തെ മൊമന്റം ബജറ്റ് വരെ നീളുമെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്. ആദ്യമായി 24800 പോയിന്റിനു മുകളില്‍ ആദ്യമായി ക്ലോസ് ചെയ്ത നിഫ്റ്റി ചരിത്രത്തിലെ ഏറ്റവും ഉയരത്തില്‍ എത്തിയിരിക്കുകയുമാണ്.

വ്യാഴാഴ്ചത്തെ മൊമന്റം തുടര്‍ന്നാല്‍ വിപണിക്ക് 24950-25000 പോയിന്റാണ് മുഖ്യ റെസിസ്റ്റന്‍സായി പ്രവര്‍ത്തിക്കുക. അതിനു മുകളിലേക്കു നീങ്ങിയാല്‍ 25170 പോയിന്റിലേക്ക് ഉയരും.

നേരേമറിച്ച് താഴേയ്ക്കു നീങ്ങിയാല്‍ നിഫ്റ്റിക്ക് 24600 പോയിന്റിലും തുടര്‍ന്ന് 24500 പോയിന്റിലും പിന്തുണ കിട്ടും. 24401 പോയിന്റില്‍ ശക്തമായ പിന്തുണയുണ്ട്.

വിപണിയുടെ മുഖ്യ ലക്ഷ്യം 24500 പോയിന്റെന്ന സൈക്കോളജിക്കല്‍ റെസിസ്റ്റന്‍സില്‍ എത്തുകയെന്നതാണ്. മികച്ച ക്വാര്‍ട്ടര്‍ ഫലങ്ങള്‍, മെച്ചപ്പെട്ട ബജറ്റ്, യുഎസ് പലിശനിരക്ക് കുറയ്ക്കല്‍ തുടങ്ങിയ സംഭവങ്ങള്‍ വിപണിയെ ഈ ഉയരത്തിലേക്ക് എത്തിച്ചേക്കാം.

പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 77.49 ആണ്. നിഫ്റ്റി ഓവര്‍ ബോട്ടാണ്. ഏതു സമയവും തിരുത്തലിനുള്ള സാധ്യതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.

ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്. ബുള്ളുകള്‍ ജാഗ്രത പാലിക്കേണ്ട സമയമാണ്.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 40 പോയിന്റ് താഴ്ന്നാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഒരുമണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ ഗിഫ്റ്റി നിഫ്റ്റി 12 പോയിന്റ് മെച്ചപ്പെട്ടു നീങ്ങുകയാണ്. യൂറോപ്പ് ഒഴികെയുള്ള ആഗോള ഫ്യൂച്ചേഴ്സുകളെല്ലാംതന്നെ പോസീറ്റീവായാണ് നീങ്ങുന്നത്. ഫ്ളാറ്റ് ഓപ്പണിംഗ് പ്രതീക്ഷിക്കാം.

ഇന്ത്യന്‍ എഡിആറുകള്‍

പ്രതീക്ഷയേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ച ഇന്ത്യന്‍ ഐടി ഭീമന്‍ ഇന്‍ഫോസിസിന്റെ എഡിആര്‍ ഇന്നലെ 8.38 ശതമാനം ഉയര്‍ച്ച കാണിച്ചു. ഇന്നു ഫലം പുറത്തുവിടുന്ന വിപ്രോയുടെ എഡിആര്‍ 2.84 ശതമാനവും ഉയര്‍ന്നു. അതേസമയം എച്ച്ഡിഎഫ്സി ബാങ്ക് 0.1 ശതമാനം കുറഞ്ഞപ്പോള്‍ ഐസിഐസിഐ ബാങ്ക് 0.55 ശതമാനം മെച്ചപ്പെട്ടു. മേക്കമൈ ട്രിപ് 5.75 ശതമാനം മെച്ചപ്പെട്ടപ്പോള്‍ ഡോ. റെഡ്ഡീസ് 0.42 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.86 ശതമാനവും മെച്ചപ്പെട്ടു.

ഇന്ത്യ വിക്സ്

ഇന്നലെ ഇന്ത്യ വിക്സ് വ്യാഴാഴ്ച 2.02 ശതമാനം മെച്ചത്തോടെ 14.51 പോയിന്റില്‍ ക്ലോസ് ചെയ്തു. തേലദിവസമിത് 14.22 ആയിരുന്നു. മൂന്നാഴ്ചയായി 15 പോയിന്റിന് താഴെ നേരിയ തോതില്‍ അങ്ങോട്ടുമിങ്ങോട്ടും വിക്സ് നീങ്ങുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിക്സ് ഉയരുകയാണ്.

വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.41-ലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ചൊവ്വാഴ്ച അത് 1.25 ആയിരുന്നു.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

ടെക് ഓഹരികളിലുണ്ടായ ലാഭമെടുപ്പ് ഇന്നലെ യുഎസ് വിപണിയില്‍ വന്‍ വില്‍പ്പനയ്ക്കു കാരണമായി. കഴഞ്ഞ രണ്ടു ദിവസങ്ങളില്‍ പുതിയ ഉയരങ്ങളില്‍ ക്ലോസ് ചെയ്ത ഡൗ ഇന്നലെ പുതിയ പ്രതിദന ഉയര്‍ച്ച കുറിച്ചശേഷം 533 പോയിന്റ് താഴ്ന്നാണ് ക്ലോസ് ചെയ്തത്.

നാസ്ഡാക് കോംപോസിറ്റ് തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവു കാണിച്ചിരിക്കുകയാണ്. ഇന്നലെ 125.7 പോയിന്റാണ് നാസ്ഡാക് ഇടിഞ്ഞത്. എസ് ആന്‍ഡ് പി 500 സൂചിക 43.68 പോയിന്റും താഴ്ന്നു. എന്നാല്‍ യുഎസ് ഫ്യൂച്ചേഴ്സ് എല്ലാം മെച്ചപ്പെട്ടാണ് നീങ്ങുന്നത്.

അതസമയം യൂറോപ്യന്‍ വിപണികള്‍ ഇന്നലെ പോസീറ്റീവാണ് വ്യാപാരം അവസാനിപ്പിച്ചത്.

എഫ്ടിഎസ്ഇ യുകെ 17.43 പോയിന്റും സിഎസി ഫ്രാന്‍സ് 15.74 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 149.4 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. എന്നാല്‍ ജര്‍മന്‍ ഡാക്സ് 82.54 പോയിന്റു് താഴ്ന്നാണ് ക്ലോസ് ചെയ്തതത്. യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാംതന്നെ ചുവപ്പിലാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍

ജാപ്പനീസ് നിക്കിയില്‍ ഇടിവു തുടരുകയാണ്. വ്യാഴാഴ്ച ആയിരത്തോളം പോയിന്റ് താഴ്ന്ന് ഓപ്പണ്‍ ചെയ്ത ജാപ്പനീസ് നിക്കി ഇന്നു രാവിലെ 160 പോയിന്റ് താഴ്ന്നാണ് ഓപ്പണ്‍ ചെയ്തെങ്കിലും പിന്നീട് മെച്ചപ്പെട്ടു. ഇന്ന് രാവിലെ ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 40 പോയിന്റ് മെച്ചത്തിലാണ്.

മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്ത കൊറിയന്‍ കോസ്പി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 28.78 പോയിന്റ് താഴ്ന്നാണ് നീങ്ങുന്നത്. ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക 174.6 പോയിന്റു താഴ്ന്നു നില്‍ക്കുകയാണ്. ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചികയില്‍ 14.28 പോയിന്റ് മെച്ചപ്പെട്ട നിലയിലാണ് വ്യാപാരം.

അതേസമയം നിക്കി ഫ്യൂച്ചേഴ്സ് 40 പോയിന്റു മെച്ചത്തിലാണ് നീങ്ങുന്നത്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ സജീവമായിരിക്കുകയാണ്. ഇന്നലെ അവരുടെ നെറ്റ് വാങ്ങല്‍ 5483.63 കോടി രൂപയുടെ ഓഹരികളായിരുന്നു. ഇതോടെ ജൂലൈയില്‍ മാത്രം അവരുടെ നെറ്റ് വാങ്ങല്‍ 20158.51 കോടി രൂപയായി ഉയര്‍ന്നു.

അതേ സമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം നെറ്റ് വില്‍പ്പക്കാരാണ്.ഇന്നലെ 2904 കോടി രൂപയാണ് അവരുടെ നെറ്റ് വില്‍ക്കല്‍. ഇതോടെ ജൂലൈയി ഇവരുടെ നെറ്റ് വാങ്ങല്‍ 1240.65 കോടി രൂപയായി താഴ്ന്നു.

സാമ്പത്തിക വാര്‍ത്തകള്‍

ഇന്ത്യന്‍ ജിഡിപി വളര്‍ച്ച: ഇന്ത്യന്‍ ജിഡിപി വളര്‍ച്ച നടപ്പു വര്‍ഷത്തില്‍ ഏഴു ശതമാനം വളര്‍ച്ച നേടുമെന്ന ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് ജൂലൈ 16-ന് പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക്് ഔട്ട്ലുക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ കണക്കാക്കിയിരുന്ന6.8 ശതമാനത്തേക്കാള്‍ 0.2 ശതമാനം കുടുതലാണിത്. ഗ്രാമീണ മേഖലയിലെ സ്വകാര്യ ഉപോഭോഗം വര്‍ധിക്കുന്നതാണ് വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഇടയാക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ആഗോള വര്‍ച്ച 3.3 ശതമാനവും യുഎസ് വളര്‍ച്ച 1.9 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. യുഎസ് വളര്‍ച്ച 2.6 ശതമാനമായിരിക്കുമെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ചെനീസ് വളര്‍ച്ച4.5 ശതമാനമായി കുറയും.

മണ്‍സൂണ്‍: പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഒന്നര മാസം പിന്നിടുമ്പോള്‍ മഴക്കമ്മി ഏതാണ്ട് ഇല്ലാതായി. ജൂലൈ 18 വരെ ലഭിച്ചമഴ ദീര്‍ഘകാലശരാശരിയേക്കാള്‍ 3.1 ശതമാനം കുറവു മാത്രം. ജൂലൈ 18 വരെ സാധാരണ ലഭിക്കേണ്ടത് 323.1 മില്ലീമീറ്റര്‍ മഴയാണ്. എന്നാല്‍ ഇതുവരെ 313.1 മില്ലീമീറ്റര്‍ മഴ ലഭിച്ചു.

വിളയിറക്കല്‍: മഴ സാധാരണ നിലയിലേക്ക് എത്തിയതോടെ രാജ്യത്തെ വിളയിറക്കല്‍ വിസ്തൃതി മുന്‍വര്‍ഷമിതേ കാലയളവിലേക്കാള്‍ 10.3 ശതമാനം വര്‍ധിച്ചിരിക്കുകയാണ്. നെല്ല്, പയര്‍ വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ തുടങ്ങിയവയില്‍ 20 ശതമാനത്തിലധികം വര്‍ധന ഉണ്ടായിട്ടുണ്ട്. ഭക്ഷ്യവിലക്കയറ്റത്തെക്കുറിച്ചുള്ള ആശങ്ക കുറയ്ക്കുവാന്‍ മെച്ചപ്പെട്ട വിളയിറക്കല്‍ സഹായിക്കും. ജൂലൈ - ഓഗസറ്റില്‍ സാധാരണപോലെ മഴ ലഭിച്ചാല്‍ ഈ വരഷം ബമ്പര്‍ വിളവു ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇത് ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കുമെന്നു മാത്രമല്ല, ഗ്രമീണ മേഖലയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ഉപഭോക്തൃ മേഖലയില്‍ വളര്‍ച്ചയുണ്ടാക്കുകയും ചെയ്യും.

കമ്പനി വാര്‍ത്തകള്‍:

ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഇന്ന്: റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ ഉള്‍പ്പെടെയുള്ള നിരവധി കമ്പനികള്‍ ഇന്ന് ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവിടും. അതുല്‍, ബിപിസിഎല്‍, ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍, ഇന്ത്യന്‍ ഹോട്ടല്‍സ്, പേടിഎം, പിവിആര്‍ ഇനോക്സ്, യൂണിയന്‍ ബാങ്ക്, തേജസ് നെറ്റ്് വര്‍ക്ക്സ്, റൂട്ട് മൊബൈല്‍, പതഞ്ജലി ഫുഡ്സ്, ജെഎസ് ഡബ്ള്യു സ്റ്റീല്‍, യൂണിയന്‍ ബാങ്ക് ഉള്‍പ്പെടെ 53-ലധികം കമ്പനികള്‍ ഇന്നു ആദ്യക്വാര്‍ട്ടര്‍ ഫലം പുറത്തുവിടും.

ക്രൂഡോയില്‍ വില

വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ക്രൂഡോയില്‍ ഡിമാണ്ട് വര്‍ധിക്കുമെന്ന പ്രതീക്ഷയാണുള്ളത്. ചൈനീസ് ഡിമാന്‍ഡ് ആദ്യപകുതിയില്‍ കുറവായിരുന്നുവെങ്കിലും വരും മാസങ്ങളില്‍ ചൈനീസ് ഡിമാന്‍ഡ് മെച്ചപ്പെടുമെന്നാണ് വിലയിരുത്തല്‍. ഒപ്പെക് പ്ലസ് രാജ്യങ്ങളില്‍ ഉത്പാദന വെട്ടിക്കുറവ് തുടരുന്നതും ഹൂത്തി ആക്രമണവും ക്രൂഡ് വിലയ്ക്ക് പിന്തുണയാകുകയാണ്.

യുഎസ് ഡബ്ള്യുടിഐ ക്രൂഡിന്റെ വില ഇന്നു രാവിലെ 82.14 ഡോളറാണ്. ബ്രെന്റ് ക്രൂഡോയില്‍ വില ഇന്നു രാവിലെ 84.62 ഡോളറാണ്.

ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല.

ഡോളര്‍- രൂപ വിനിമയനിരക്ക് ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലെത്തി ഇന്നലെ 83.67 ആയിരൂന്നു ഡോളറിന് വില. ഒരവസരത്തില്‍ 83.69 വരെ താഴ്ന്നിരുന്നു. ഏതാനും ദിവസങ്ങളായി ഏതാണ്ട് സ്ഥിരതയോടെ നീങ്ങുകയായിരുന്നു രൂപയുടെ വില. ജൂണ്‍ 20-ന് 83.63 വരെ രൂപ താഴ്ന്നിരുന്നു. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.

Tags:    

Similar News