വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഓഗസ്റ്റ് 5)

കണ്‍സോളിഡേഷനോ ഇടിവിനു തുടക്കമോ?

Update: 2024-08-05 02:25 GMT

വെള്ളിയാഴ്ച ഇന്ത്യന്‍ വിപണിയിലുണ്ടായ ഇടിവ് കണ്‍സോളിഡേഷനോ അതോ ശക്തമായ തിരുത്തലിന്റെ തുടക്കമോയെന്നു വരുംദിനങ്ങളില്‍ വ്യക്തമാകും. ആഗോള വിപണികളിലെ സൂചനകളും ഇന്ത്യന്‍ ഓഹരി വിപണിക്ക് അുകൂലമല്ല. ആഗോള വിപണികള്‍ ബെയറീഷ് ഭാവത്തിലാണ്. ഏഷ്യന്‍ സൂചികകള്‍ ഇന്നു രാവിലെ വന്‍ ഇടിവിലാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.

ഈ വാരത്തില്‍ പ്രധാനമായും വിപണിയെ നയിക്കുന്നത് ക്വാര്‍ട്ടര്‍ ഫലങ്ങളും ഓഗസ്റ്റ് എട്ടിന് എത്തുന്ന റിസര്‍വ് ബാങ്കിന്റെ പണനയവുമാണ്. പണപ്പെരുപ്പ നിരക്കു കുറയുന്നുവെങ്കിലും എന്നു പലിശ നിരക്ക് വെട്ടുക്കുറയ്ക്കല്‍ ആരംഭിക്കുമെന്ന സൂചന ഇതുവരെയും റിസര്‍വ് ബാങ്ക് നല്‍കിയിട്ടില്ല.

ലോകത്തെ പ്രമുഖ സമ്പദ്ഘടനകളൊന്നും പലിശ നിരക്കു വെട്ടിക്കുറയ്ക്കുന്നതു സംബന്ധിച്ചു സൂചനകളൊന്നും നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ ഇന്ത്യ ഉറ്റുനോക്കുന്നത് യൂഎസ് ഫെഡറല്‍ റിസര്‍വിനെയാണ്. പണപ്പെരുപ്പനിരക്ക് രണ്ടു ശതമാനമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും ഫെഡറല്‍ റിസര്‍വ് പലിശ വെട്ടിക്കുറവു സംബന്ധിച്ച് വ്യക്തമായ തീരുമാനം ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടയിലാണ് യുഎസ് സമ്പദ്ഘടന മാന്ദ്യത്തിലേക്കു പോകുമെന്ന ആശങ്കയുണര്‍ന്നിട്ടുള്ളതും ആഗോള വിപണികളില്‍ ശക്തമായ ഇടിവുണ്ടാക്കിയത്.

ഇന്ത്യയുടെ ജൂലൈ യിലെ എച്ച്എസ്ബിസി കോമ്പോസിറ്റ് ആന്‍ഡ് സര്‍വീസസ് പിഎംഐ ഡേറ്റ ഇന്നു പുറത്തുവിടും. ജൂണിലിത് 60.9 ആയിരുന്നു. മെച്ചപ്പെട്ട പ്രകടനമാണ് പ്രതീക്ഷിക്കുന്നത്.

യുഎസ് ഐഎസ്എം സര്‍വീസസ് പിഎംഐ ഡേറ്റയും ഇന്നു പുറത്തുവിടും ജൂണിലിത് 48.8 ആയിരുന്നു. അതായത് ചുരുക്കത്തിലായിരുന്നു.

ഇതോടൊപ്പമാണ് പഷ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. ഇറാന്‍- ഇസ്രയേല്‍ യുദ്ധം സംഭവിച്ചാല്‍പ്പോലും അതു ലിമിറ്റഡ് ആയിരിക്കുമെന്നാണ് വിലയിരുത്തുന്നത്. പക്ഷേ അത് എണ്ണ വിപണിയില്‍ പ്രതിഫലനമുണ്ടാക്കും. ലഭ്യതയേക്കാള്‍ എണ്ണയുടെ ട്രാന്‍സ്പോര്‍ട്ടിംഗ് സംബന്ധിച്ച ആശങ്കകളാണ് വില ഉയര്‍ത്തുക.

ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച

അഞ്ചു ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിനുശേഷം വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി ശക്തമായ ഇടിവിലാണ് ക്ലോസ് ചെയ്തത്. ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്്റ്റി 293.2 പോയിന്റ് ഇടിവോടെ 24717.7 പോയിന്റില്‍ ക്ലോസ് ചെയ്തു. എല്ലാ വിഭാഗങ്ങളിലും മിഡ്, സ്മോള്‍, ലാര്‍ജ് കാപ് ഓഹരികളില്‍ വില്‍പ്പനയാണ് ദൃശ്യമായത്. ബാങ്ക്, ഐടി, ഓട്ടോ, കാപ്പിറ്റല്‍ ഗുഡ്സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്എംസിജി, മെറ്റല്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങി മുഖ്യ മേഖലകളിലെല്ലാം വില്‍പ്പനയാണുണ്ടായത്. ഹെല്‍ത്ത്കെയര്‍മാത്രമാണ് പോസീറ്റീവ് പ്രകടനം കാഴ്ച വച്ചത്.

ഇന്ത്യന്‍ വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക 885.6 പോയിന്റ് ഇടിവോടെ 80981.95 പോയിന്റില്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

നേരിയ റേഞ്ചില്‍ നീങ്ങിയ നിഫ്റ്റി സൂചിക അവസാന വ്യാപാരദിനത്തില്‍ ശക്തമായ ഇടിവോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി റിക്കാര്‍ഡ് ഉയരത്തിലും ക്ലോസിംഗിലും എത്തിയ വാരവും കൂടിയാണ് കഴിഞ്ഞുപോയത്. വെള്ളിയാഴ്ചത്തെ മൊമന്റം തുടരുകയാണെങ്കില്‍ നിഫ്റ്റിക്ക് 24450-24500 തലത്തില്‍ പിന്തുണ പ്രതീക്ഷിക്കാം. തുടര്‍ന്ന് 24100-24200 തലത്തിലും പിന്തുണ കിട്ടാം.

മറിച്ച് വിപണി മെച്ചപ്പെടുകയാണെങ്കില്‍ 25000 പോയിന്റില്‍ ശക്തമായ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. ഇതിനു മുകളിലേക്കു നീങ്ങിയാല്‍ 25100-25250 തലത്തില്‍ റെസിസ്റ്റന്‍സ് ഉണ്ടാകും. വലിയ സംഭവങ്ങളൊന്നുമുണ്ടാകുന്നില്ലെങ്കില്‍ നിഫ്റ്റി 24500-25000 തലത്തില്‍ കണ്‍സോളിഡേഷന്‍ നേടുകയും വ്യക്തമായ ദിശ തെരഞ്ഞെടുക്കുകയും ചെയ്യും. ഇതില്‍ നിര്‍ണായക പങ്കുവഹിക്കുക ഓഗസ്റ്റ് എട്ടിലെ റിസര്‍വ് ബാങ്ക് പണനയമാണ്.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ വെള്ളിയാഴ്ച 60.39 ആണ്. ബുള്ളീഷ് മോഡില്‍തന്നെയാണ് നിഫ്റ്റി നീങ്ങുന്നത്.

ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: വെള്ളിയാഴ്ച ബാങ്ക് നിഫ്റ്റി 213.85 പോയിന്റ് കുറഞ്ഞ് 51350.15 പോയിന്റില്‍ ക്ലോസ് ചെയ്തു. വെള്ളിയാഴ്ചത്തെ മൊമന്റം തുടര്‍ന്നാല്‍ ബാങ്ക് നിഫ്റ്റിക്ക് 50850-51000 തലത്തിലുംതുടര്‍ന്ന് 50400-50500 തലത്തിലും പിന്തുണ പ്രതീക്ഷിക്കുന്നു. തുടര്‍ന്ന് 50000-50100 തലത്തിലും പിന്തുണ പ്രതീക്ഷിക്കാം. അടുത്ത പിന്തുണ 49500 പോയിന്റിനു ചുറ്റളവിലാണ്.

മറിച്ച് വിപണി മെച്ചപ്പെട്ടാല്‍ ഇന്ന് ബാങ്ക് നിഫ്റ്റി 51608 പോയിന്റിലേക്കും തുടര്‍ന്ന് 51877 പോയിന്റിലേക്കും ഉയരാം. തുടര്‍ന്നും മുന്നോട്ടു പോയാല്‍ 52500 ശക്തമായ റെസിസ്റ്റന്‍സ് ആയി പ്രവര്‍ത്തിക്കും.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 46.10 ആണ്. ബെയറീഷ് മൂഡിലൂടെയാണ് ബാങ്ക് നിഫ്റ്റി നീങ്ങുന്നത്.

ഗിപ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചകയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 213 പോയിന്റ് താഴ്ന്ന് 24415 പോയിന്റിലാണ് ഓപ്പണ്‍ ചെയ്ത്. 24461 പോയിന്റ് വരെ ഉയര്‍ന്ന ഗിഫ്റ്റ് നിഫ്റ്റി ഒരുമണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 245.5 പോയിന്റ് താഴ്ചയിലാണ്. താഴ്ന്ന ഓപ്പണിംഗ് ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കാം.

ഇന്ത്യന്‍ എഡിആറുകള്‍

ഡോ. റെഡ്ഡീസ് ഒഴികെയുള്ള എല്ലാ ഇന്ത്യന്‍ എഡിആറുകളും വെള്ളിയാഴ്ച താഴ്ന്നാണ് ക്ലോസ് ചെയ്തതത്. ഡോ. റെഡ്ഡീസ് 0.81 ശതമാനം മെച്ചപ്പെട്ടു.

ഇന്‍ഫോസിസ് 2.38 ശതമാനവും വിപ്രോ 2.95 ശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് 0.84 ശതമാനം ഐസിഐസിഐ ബാങ്ക് 2.36 ശതമാനവും താഴ്ന്നു. റിലയന്‍സ് ഇ്ന്‍സ്ട്രീസ് 1.8 ശതമാനം ഇടിവുകാണിച്ചപ്പോള്‍ മേക്ക് മൈട്രിപ്പ് 5.14 ശതമാനവും യാത്ര ഓണ്‍ലൈന്‍ 5 ശതമാനവും ഇടിഞ്ഞു.

ഇന്ത്യ വിക്സ്

വെള്ളിയാഴ്ച ഇന്ത്യ വിക്സ് 11 ശതമാനത്തോളം ഉയര്‍ന്ന് 14.32 ആയി. വ്യാഴാഴ്ചയിത് 12.93-ആയിരുന്നു. വിപണിയിലെ വ്യതിയാനത്തിനു പതിയെ ശക്തികൂടുകയാണ്. ആഗോള സംഭവങ്ങള്‍, പ്രത്യേകിച്ചു പശ്ചിമേഷ്യയില്‍ ഉരുത്തിരിഞ്ഞുവരുന്ന സംഭവവികാസങ്ങളും ആഗോള സമ്പദ്ഘടനയിലെ വളര്‍ച്ചാമാന്ദ്യ ആശങ്കളുമാണ് വിപണിയിലെ വ്യതിയാനത്തിനു ശക്തികൂട്ടുന്നത്.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) വെള്ളിയാഴ്ച 0.91-ലേക്കു കുത്തനെ ഇടിഞ്ഞു. തലേദിവസമിത് 1.21 ആയിരുന്നു.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

യുഎസ് സമ്പദ്ഘടനയുടെ വളര്‍ച്ചാത്തോത് കുറയുമെന്ന ആശങ്കകള്‍ വെള്ളിയാഴ്ച യുഎസ് വിപണിയില്‍ ശക്തമായ വില്‍പ്പനയ്ക്കു കാരണമായി. പ്രതീക്ഷിച്ചതിലും മോശമായ ജോബ് ഡേറ്റയും ( ജൂലൈയില്‍ 114000 ജോലിയാണ് കൂട്ടിച്ചേര്‍ത്തത്; പ്രതീക്ഷ 185,000 ആയിരുന്നു) ആമസോണില്‍നിന്നുള്ള മോശം പ്രതീക്ഷകളും വിപണി മനോഭാവത്തെ ബാധിച്ചു. ഡൗ ജോണ്‍സ് വെള്ളിയാഴ്ച 611 പോയിന്റ് ഇടിവോടെയാണ് ക്ലോസ് ചെയ്തത്. ഡൗ ജോണ്‍സിന്റെ ചുവടുപിടിച്ച് നാസ്ഡാക് കോംപോസിറ്റ് 418 പോയിന്റും എസ് ആന്‍ഡ് പി 500 സൂചിക 100.12 പോയിന്റും ഇടിഞ്ഞാണ് ക്ലോസ് ചെയ്തത്.

യുഎസ് ഫ്യൂച്ചേഴ്സ് എല്ലാം ചുവപ്പിലാണ് നീങ്ങുന്നത്.

യൂറോപ്യന്‍ വിപണികളും വെള്ളിയാഴ്ച ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്ടിഎസ്ഇ യുകെ 108.65 പോയിന്റും സിഎസി ഫ്രാന്‍സ് 118.65 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 838.61 പോയിന്റും ജര്‍മന്‍ ഡാക്സ് 421.83 പോയിന്റും ഇടിഞ്ഞാണ് ക്ലോസ് ചെയ്തതത്. യൂറോപ്യന്‍ ഫ്യൂച്ചേഴ്സും താഴ്ന്നാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍

വെള്ളിയാഴ്ചത്തെ 2216.63 പോയിന്റ് ഇടിവിന്റെ തുടര്‍ച്ചയിലാണ് ജാപ്പനീസ് നിക്കി ഇന്നു രാവിലെ ഓപ്പണ്‍ ചെയ്തിട്ടുള്ളത്. രാവിലെ നിക്കിയുടെ തുടക്കം 660 പോയന്റ് താഴ്ന്നാണ്.വ്യാപാരം ഒന്നര മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ 2209.6 പോയിന്റ് താഴ്ന്നാണ് നീങ്ങുന്നത്.

യുഎസ് സമ്പദ്ഘടനയുടെ വളര്‍ച്ചാത്തോത് കുറയുകയാണെന്ന ആശങ്കയ്ക്കൊപ്പം ബാങ്ക് ഓഫ് ജപ്പാന്‍ പലിശ ഉയര്‍ത്തിയതുമാണ് ( 0.15 ശതമാനം വര്‍ധനയോടെ 0.25 ശതമാനത്തിലെത്തി) നിക്കി സൂചികയില്‍ വന്‍ ഇടിവിനു കാരണമായത്. 2019-ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. എട്ടു മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നിക്കി എത്തിയിരിക്കുകയാണ്.

കൊറിയന്‍ കോസ്പി 105.85 പോയിന്റ് താഴ്ന്നാണ് ട്രേഡ് ചെയ്യപ്പെടുന്നത്. സിംഗപ്പൂര്‍ ഹാംഗ് സെംഗ് സൂചിക 133.56 പോയിന്റും ചൈനീസ് ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 6.3 പോയിന്റും താഴ്ന്നാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

ഇക്കഴിഞ്ഞ വാരത്തില്‍ വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ സമീപനം വില്‍പ്പനയായിരുന്നു. വ്യാഴാഴ്ചയൊഴികെ മറ്റെല്ലാ വ്യാപാരദിനങ്ങളും അവര്‍ നെറ്റ് വില്‍പ്പനക്കാരായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച അവരുടെ നെറ്റ് വില്‍പ്പന 3310 കോടി രൂപയാണ്. ഓഗസ്്റ്റ് ഒന്നിന് അവര്‍ 2089.3 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിരുന്നു. ഓഗസ്റ്റ് ആദ്യ രണ്ടു ദിവസങ്ങളിലെ അവര്‍ 1220.72 കോടി രൂപയുടെ നെറ്റ് വില്‍പ്പനയാണ്.

ജൂലൈയിലെ അവരുടെ നെറ്റ് വാങ്ങല്‍ 5407.83 കോടി രൂപയാണ്. ജൂണിലിത് 2037.47 കോടി രൂപയായിരുന്നു.

അതേ സമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ ഓഗസ്റ്റിലെ നെറ്റ് വാങ്ങല്‍ 2628.91 കോടി രൂപയാണ്. വെള്ളിയാഴ്ച 2965.94 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ജൂലൈയിലെ അവരുടെ നെറ്റ് വാങ്ങല്‍ 23486.02 കോടി രൂപയാണ്. ജൂണില്‍ 28633.15 കോടി രൂപയായിരുന്നു നെറ്റ് വാങ്ങല്‍.ഈ വര്‍ഷം എല്ലാ മാസങ്ങളിലും ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ നെറ്റ് വാങ്ങലുകാരായിരുന്നു.

സാമ്പത്തിക വാര്‍ത്തകള്‍

മണ്‍ൂസൂണ്‍ സാധാരണപോലെ: രണ്ടു മാസം പൂര്‍ത്തിയാക്കിയ പടിഞ്ഞാറന്‍ കാലവര്‍ഷ സീസണില്‍ ഓഗസ്റ്റ് മൂന്നു വരെ സാധാരണയേക്കാള്‍ 5.8 ശതമാനം അധികമഴ ലഭിച്ചു.ഓഗസ്റ്റ് മൂന്നു വരെ ലഭിച്ച മഴ 499.6 മില്ലീമീറ്ററാണ്. ഈ കാലയളവിലെ ദീര്‍ഘകാല ശരാശരി 472.6 മില്ലീമീറ്ററാണ്.

ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും ജൂലൈയില്‍ സാധാരണയേക്കാള്‍ ഉയര്‍ന്ന മഴ ( 9 ശതമാനം കൂടുതല്‍) ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് ( ഐഎംഡി) അറിയിച്ചു. ഇതു കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുമെന്നും അവര്‍ ഐഎംഡി പറഞ്ഞു. മണ്‍സൂണ്‍ സീസണിന്റെ രണ്ടാം പകുതിയില്‍ സാധാരണയേക്കാള്‍ 106 ശതമാനം മഴ കിട്ടുമെന്നും ഐഎംഡി പ്രവചിക്കുന്നു.

കാര്‍ഷികമേഖല കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സജീവമായതായാണ് സൂചനകള്‍. ജൂലൈയില്‍ എംജിഎന്‍ആര്‍ഇജിഎ പദ്ധതിയില്‍ തൊഴിലിന്റെ ആവശ്യം 19.42 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട് പറുന്നു. മണ്‍സൂണ്‍ മെച്ചപ്പെട്ടതും കാര്‍ഷിക പ്രവര്‍ത്തനങ്ങളും സജീവമായതാണ് കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

2024-25 കാര്‍ഷിക വര്‍ഷത്തില്‍ ( ജൂലൈ 1- ജൂണ്‍ 30) 340 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യ ഉത്പാദനമാണ് കാര്‍ഷിക മന്ത്രാലയം ലക്ഷ്യമിടുന്നത്. മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ ( 328.8 ദശലക്ഷം ടണ്‍) 3.4 ശതമാനം കൂടുതലാണ് ഇത്. ഖാരിഫ് സീസണില്‍ 159.95 ദശലക്ഷം ടണ്ണും റാബി സീസണില്‍ 164 ദശലക്ഷം ടണ്ണും സമ്മര്‍ സീസണില്‍ 16.43 ദശലക്ഷം ടണ്ണുമാണ് ലക്ഷ്യമിടുന്നത്.

കമ്പനി വാര്‍ത്തകള്‍

ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഇന്ന്: മാരികോ, ഭാരതി എയര്‍ടെല്‍, ദേവയാനി ഇന്റര്‍നാഷണല്‍, ജിഎസ്എഫ്സി, ദീപക് നൈട്രേറ്റ്, വിനില്‍ കെമിക്കല്‍സ്, ഒറിയന്റ് സിമന്റ്, ടാറ്റ കെമിക്കല്‍സ്, ഹണിവെല്‍ ഓട്ടോമേഷന്‍, അവന്തി ഫീഡ്സ്, ഒഎന്‍ജിസി, വിആര്‍എല്‍ ലോജിസ്റ്റിക്സ്, ടാജ് ജിവികെ ഹോട്ടല്‍സ്, ഇന്ദ്രപ്രസ്ഥ മെഡിക്കല്‍,സോം ഡിസ്റ്റലറീസ്, സ്നൈഡര്‍ ഇലക്ട്രിക്ക, സിര്‍മ എസ്ജിഎസ്, സണ്‍ഫാര്‍മ അഡ്വാന്‍സ്ഡ്, സുവന്‍ ലൈഫ് സയന്‍സ് തുടങ്ങി നൂറ്റിപ്പത്തോളം കമ്പനികള്‍ ഇന്നു ഫലം പുറത്തുവിടും.

ഒല ഇലക്ട്രിക് ഐപിഒ: ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക്കിന്റെ  ഐപിഒയുടെ ആദ്യ ദിവസം35 ശതമാനം അപേക്ഷകള്‍ ലഭിച്ചു. അതേസമയം റീട്ടെയില്‍ അപേക്ഷയ്ക്ക് 1.57 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. പ്രൈസ് ബാന്‍ഡ് 72-76 രൂപയാണ്. ഇഷ്യു ആറിന് അവസാനിക്കും. ഇലക്ട്രിക് വാഹന വിപണി ലീഡറും 15 ശതമാനത്തിനു മേല്‍ വിപണി വിഹിതവുമുള്ള കമ്പനിയാണ് ഒല ഇലക്ട്രിക്.

ക്രൂഡോയില്‍ വില

ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ, ഹിസ്ബുള്ള നേതാവ് ഫഹദ് ഷുക്കര്‍ എന്നിവര്‍ കൊലചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ക്രൂഡോയില്‍ വില ബുധനാഴ്ച കുത്തനെ ഉയര്‍ന്നെങ്കിലും അതു വാരാന്ത്യത്തില്‍ നിലനിന്നില്ല. ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന് 73.28 ഡോളറാണ്. ശനിയാഴ്ചത്തെ ക്ലോസിംഗ് 73.52 ഡോളറാണ്. ബ്രെന്റ് ക്രൂഡിന് ഇന്നു രാവില്‍ ബാരലിന് 76.59 ഡോളറിലാണ് ഓപ്പണ്‍ ചെയ്തത്. ശനിയാഴ്ചത്തെ ക്ലോസിംഗ് 76.81 ഡോളറായിരുന്നു.

ഹനിയ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ബ്രെന്റ് കൂഡ് വില ബാരലിന് 81 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ഇറാന്റെ പ്രതികരണം സംബന്ധിച്ച് വ്യക്തയില്ലാത്തതും ഡിമാണ്ട് സംബന്ധിച്ച് ആശങ്കയുണര്‍ന്നതും വിലയില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.

ജൂലൈയില്‍ ഏഷ്യന്‍ മേഖലയില്‍നിന്നുള്ള എണ്ണ ഇറക്കുമതി രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ചയില്‍ ആണ്. ചൈനയില്‍നിന്നും ഇന്ത്യയില്‍നിന്നുമുള്ള ഡിമാന്‍ഡ് കുറഞ്ഞതാണ് കാരണം. മണ്‍സൂണ്‍ സീസണ്‍ മൂലമാണ് ഇന്ത്യന്‍ ഇറക്കുമതി കുറഞ്ഞതെന്നാണ് വിലയിരുത്തല്‍. ചൈനീസ് സമ്പദ്ഘടന വളര്‍ച്ച കുറയുന്നത് ( രണ്ടാം ക്വാര്‍ട്ടറില്‍ 4.7 ശതമാനം; പ്രതീക്ഷിച്ചിരുന്നത് 5.1 ശതമാനം) അവരുടെ ഡിമാന്‍ഡിനെ ബാധിച്ചിരിക്കുകയാണ്. ജൂലൈയില ഏഷ്യന്‍ ഇറക്കുമതി (24.88 ദശലക്ഷം ബാരല്‍)ജൂണിലേതിനേക്കാള്‍ 6.1 ശതമാനം കുറവാണ്. 2023 ജനുവരി- ജൂലൈ കാലയളവിലെ ശരാശരി പ്രതിദിന ഇറക്കുമതി 26.78 ദശലക്ഷം ബാരലായിരുന്നു.

ക്രൂഡ് വില താഴേയ്ക്കോ മുകളിലേക്കോ നീങ്ങാനുള്ള പോയിന്റില്‍ എത്തി നില്‍ക്കുകയാണെന്നാണ് ബാങ്ക് ഓഫ് അമേരിക്ക അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ബെയറീഷ് ബ്രേയ്ക്ക് ഔട്ട് പ്രതീക്ഷിക്കുന്നവരാണ് അനലിസ്റ്റുകളില്‍ പലരും. വര്‍ഷാവസാനത്തോടെ ബാരലിന് 60 ഡോളറിലേക്ക് എത്താമെന്നും അവര്‍ വിലയിരുത്തുന്നു. ചൈനീസ് സാമ്പത്തിക സൂചകങ്ങള്‍ മെച്ചമാകുകയും ഡിമാന്‍ഡ് മെച്ചപ്പെടുകയും ചെയ്താല്‍ വില്‍ വില 90 ഡോളറിലേക്കും 105 ഡോളറിലേക്കും എത്താമെന്നും അവര്‍ വിലയിരുത്തുന്നു.

ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല. അത് കറന്റ് അക്കൗണ്ട് കമ്മി കൂട്ടുകയും പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും ചെയ്യും. രൂപയുടെ മൂല്യശോഷണം ഇറക്കുമതിച്ചെലവ് കൂട്ടും. എന്തായാലും ഇപ്പോഴത്തെ വില ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ അവസ്ഥയാണ്.

ഇന്ത്യന്‍ രൂപ

ഓഹരി വിപണിയിലെ കനത്ത വില്‍പ്പനയും ഇറക്കുമതിക്കാരും വിദേശ ബാങ്കുകളും ഡോളര്‍ വാങ്ങിയതും രൂപയെ വെള്ളിയാഴ്ച റിക്കാര്‍ഡ് താഴ്ചയിലെത്തിച്ചു. ഡോളറിനെതിരേ റിക്കാര്‍ഡ് താഴ്ചയിലെത്തിയ ( 83.76 ) രൂപ 83.75ലാണ് ക്ലോസ് ചെയ്തിട്ടുള്ളത്. വെള്ളിയാഴ്ച റിസര്‍വ് ബാങ്ക് കനത്ത തോതില്‍ ഡോളര്‍ വില്‍പ്പന നടത്തിയാതാണ് രൂപയെ കുത്തനെയുള്ള ഇടിവില്‍നിന്ന് രക്ഷിച്ചതെന്നാണ് ഈ മേഖലയിലെ ട്രേഡര്‍മാര്‍ പറയുന്നു. റിസ്‌ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദേശ ബാങ്കുകള്‍ ഡോളര്‍ വാങ്ങുന്നത്. താമസിയാതെ ഡോളറിന് 84 എന്ന നിലയിലേക്കു താഴുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതിക്കു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.

Tags:    

Similar News