ബജറ്റ് ചർച്ചകളും, പലിശ നിരക്കും വിപണിയെ സ്വാധിനിക്കുമോ ?
- യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഫോറത്തെ ജെറോം പവല്‍ അഭിസംബോധന ചെയ്യും
സംഭവബഹുലമായ ഒരു മാസവും ഒരു ക്വാര്‍ട്ടറുമാണ് കടന്നുപോകുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പും അതിന്റെ ഫലങ്ങളും പഴയ മോദി സര്‍ക്കാരിന്റെ പുതിയ പതിപ്പും പ്രത്യേക പാര്‍ലമെന്റ് സമ്മേളനവുമൊക്കെ സംഭവിച്ച സംഭവബഹുലമായ മാസം.
വിപണിയിലും ഈ കാലയളവില്‍ വളരെ നാടകീയമായ സംഭവവികാസങ്ങളാണ് ഉരുത്തിരിഞ്ഞത്. സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍ അധികാരത്തില്‍വന്നുവെന്ന വിലയിരുത്തലില്‍ ഇന്ത്യന്‍ ഓഹരി വിപണി റിക്കാര്‍ഡ് ഉയരത്തില്‍എത്തിയെന്നു മാത്രമല്ല, റിക്കാര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്ത മാസം കൂടിയാണ്. ഇന്ത്യന്‍ രാഷ്ട്രീയ സംഭവങ്ങള്‍ക്കൊപ്പം യുഎസ് ഈ വര്‍ഷാവസാനത്തോടെ പലിശ വെട്ടിക്കുറയ്ക്കുമെന്ന വിലയിരുത്തലും വിപണിക്കു ഊര്‍ജമായി. യുഎസ് പണപ്പെരുപ്പം കുറഞ്ഞുവരുകയാണ് എന്നതാണ് ഈ പ്രതീക്ഷയ്ക്കു കാരണം.
ബജറ്റിനുള്ള തയാറെടുപ്പിലാണ് ഗവണ്‍മെന്റ്. ധനമന്ത്രി വിവിധ മേഖലകളില്‍നിന്നുള്ളവരുമായി ബജറ്റിനു മുന്നോടിയായുള്ള ചര്‍ച്ചകള്‍ നടത്തി വരികയാണ്. മൂന്നാം തവണ അധികാരത്തില്‍ എത്തിയാല്‍ മറ്റു രണ്ടു തവണത്തേതില്‍നിന്നും വളരെ വ്യത്യസ്തവും ചരിത്രപരവുമായ പരിഷ്‌കാരങ്ങളാണ് മോദി വ്ഗ്ദാനം ചെയ്തിട്ടുള്ളത്. ബജറ്റ് ഇതു സംബന്ധിച്ച് വ്യക്തമായ ചിത്രം നല്‍കും. വിപണിയ്ക്ക് ദിശ നല്‍കുക ഇനി ബജറ്റ് നിര്‍ദ്ദേശങ്ങളായിരിക്കും.
വിപണി കഴിഞ്ഞയാഴ്ചയില്‍
ഇന്ത്യന്‍ ഓഹരി വിപണിയുടെ ബഞ്ച്മാര്‍ക്ക് സൂചികകള്‍ റിക്കാര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്യുകയും 24000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ വാരത്തില്‍ അഞ്ചു വ്യാപാരദിനങ്ങളില്‍ നാലു ദിവസവും വിപണി പുതിയ ഉയരങ്ങളിലാണ് ക്ലോസ് ചെയ്തത്. അഞ്ചുദിവസവും പുതിയ പ്രതിദിന ഉയരങ്ങള്‍ കുറിക്കുകയും ചെയ്തു. നിഫ്റ്റി 509.5 പോയിന്റ് മെച്ചത്തില്‍ 24010.60 പോയിന്റില്‍ ക്ലോസ് ചെയ്തു. ജൂണിലേയും കഴിഞ്ഞ വാരത്തിലേയും അവസാന വ്യാപാരദിനംകൂടിയായിരുന്നു. ജൂണ്‍ 27-ലെ 24044.5 പോയിന്റ്ാണ് റിക്കാര്‍ഡ് ക്ലോസിംഗ്. നിഫ്റ്റി ജൂണ്‍ 28-ന് 24174 പോയിന്‍ുവരെ ഉയര്‍ന്നിരുന്നു.
ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്‌സ് കഴിഞ്ഞ വാരത്തില്‍ 2722.77 പോയിന്റ് ഉയര്‍ന്ന് 79032.73 പോയിന്റില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് ജൂണ്‍ 28-ന് 79671.58 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. ജൂണ്‍ 27-ലെ 79243.18 ആണ് റിക്കാര്‍ഡ് ക്ലോസിംഗ്.
ഇന്ത്യന്‍ ഓഹരി വിപണിയുടെ വളര്‍ച്ചയില്‍ പുതിയതായി എത്തിയ ബഞ്ച്മാര്‍ക്കായ ഗിഫ്റ്റി നിഫ്റ്റിയുടെ പ്രതിമാസ വ്യാപാരവ്യാപ്തം 10000 കോടി ഡോളറിന് അടുത്തെത്തിയിരിക്കുകയാണ് ജൂണില്‍. ഏകദേശം 21.23 ലക്ഷം കോണ്‍ട്രാക്ടുകളാണ് ജൂണില്‍ രേഖപ്പെടുത്തിയത്. ഇതിന്റെ മൂല്യം 9595 കോടി ഡോളറാണ്. മേയിലെ മൂല്യം 9173 കോടി ഡോളറായിരുന്നു.
വിദേശനിക്ഷേപകസ്ഥാപനങ്ങള്‍
മാസങ്ങളായി ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കാരായിരുന്ന വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ജൂണില്‍ നെറ്റ് വാങ്ങലുകാരായിട്ടുണ്ട്. നേരിയ തോതിലാണെങ്കില്‍പോലും. വരാനിരിക്കുന്ന ജൂലൈയിലെ ബജറ്റും നയങ്ങള്‍ സംബന്ധിച്ച വ്യക്തയുമായിരിക്കും ഇനി അവരെ കൂടുതല്‍ നിക്ഷേപത്തിനു പ്രേരിപ്പിക്കുക. ജൂണിലെ അവരുടെ നെറ്റ് വാങ്ങല്‍ 2037 കോടി രൂപയുടെ ഓഹരികളാണ്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ 28 വരെ അവരുടെ ആറുമാസത്തെ നെറ്റ് വില്‍പ്പന 124500 കോടി രൂപയുടെ ഓഹരികളാണ്.
അതേസമയം, ഇന്ത്യന്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ ജനുവരി- ജൂണ്‍ കാലയളവില്‍ 236987 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്. സംഭവ ബഹുലമായ ജൂണില്‍ അവര്‍ 28633.15 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്.
ആഗോള രാഷ്ട്രീയവാര്‍ത്തകള്‍
യൂറോപ്പിലെ രണ്ടു വലിയ സമ്പദ്ഘടനകളായ ഫ്രാന്‍സും യുകെയും പുതിയ ഭരണകൂടത്തെ തെരഞ്ഞെടുക്കുകയാണ്. ജൂലൈ നാലിനാണ് യുകെയിലെ തെരഞ്ഞെടുപ്പ്. ലേബര്‍ പര്‍ട്ടിക്കാണ് മുന്‍തൂക്കമെന്നാണ് അഭിപ്രായസര്‍വേകള്‍ പറയുന്നത്.
ഫ്രാന്‍സിലെ നാഷണല്‍ അസംബ്‌ളിയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ട് ജൂലൈ ഏഴിനാണ്. ആദ്യ റൗണ്ട് ജൂണ്‍ 30-ന് ആയിരുന്നു. ആദ്യറൗണ്ടില്‍ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ റിണൈന്‍സാന്‍സ് പാര്‍ട്ടി മൂന്നാം സ്ഥാനത്താണെന്നാണ് ബ്ലൂംബെര്‍ഗ് പോള്‍ പറയുന്നത്. ഇതു ഭാവി സാമ്പത്തിക നയങ്ങളെ ബാധിക്കുന്ന സംഭവങ്ങളാണ്.
ഈ വാരത്തിലെ പ്രധാന സംഭവങ്ങള്‍
ജൂലൈ 1: ചൈനീസ് മാനുഫാക്ചറിംഗ് പിഎംഐ. നോണ്‍ മാനുഫാക്ചറിംഗ് പിഎംഐ കണക്കുകള്‍ പുറത്തുവിടും. ഇതോടൈാപ്പം ജൂണിലെ കെയിക്‌സിന്‍ മാനുഫാക്ചറിംഗ് പിഎംഐയുടെ ഫെനല്‍ കണക്കും പുറത്തുവിടും. മേയില്‍ 51.7 ആയിരുനനു പിഎംഐ. ഏപ്രിലിലിത് 51.4 പോയിന്റും.
ജൂണിലെ എച്ച് എസ് ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐയുടെ അവസാന കണക്കുകളും ജൂലൈ ഒന്നിന് പുറത്തുവരും. മേയിലിത് 57.5 പോയിന്റായിരുന്നു. ജൂണിലിത് 58.5 പോയിന്റഇലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂലൈ 2: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഫോറത്തെ യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ അഭിസംബോധന ചെയ്യും. ഈ വാരത്തിലെ ഏറ്റവും വലിയ സംഭവമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. വരും ദിവസങ്ങളില്‍ പലിശ നിരക്ക് എങ്ങനെ നീങ്ങുമെന്ന സൂചന ഇദ്ദേഹത്തിന്റെ വാക്കുകളില്‍നിന്നു ലഭിക്കുമെന്ന് ലോകം പ്രതീക്ഷിക്കുന്നു.
ജൂലൈ 3: ഫെഡറല്‍ ഓപ്പണ്‍ മാർക്കറ്റ് കമ്മിറ്റി ( എഫ്ഒഎംസി)യുടെ ജൂണിലെ മീറ്റിംഗിന്റെ മിനിറ്റ്‌സ് പുറത്തുവിടും. സമ്പദ്ഘടന, പലിശ വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ സംബന്ധിച്ച കാര്യങ്ങള്‍ കൂടുതല്‍ വ്യക്തത ഇതില്‍നിന്നു ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. യുഎസ് സമ്പദ്ഘടനയുടെ വളര്‍ച്ച സംബന്ധിച്ച അനുമാനങ്ങള്‍ മാര്‍ച്ചിനുശേഷം പുതുക്കിയിട്ടില്ല.
ജൂണ്‍ 22-ന് അവസാനിച്ച വാരത്തിലെ പുതുക്കിയ ജോബ് ലെസ് ക്ലെയിം ഡേറ്റ പുറത്തുവിടും.
എച്ച്എസ്ബിസി ഇന്ത്യ സര്‍വീസസ് പിഎംഐ കണക്കുകള്‍ പുറത്തുവരും. പിഎംഐ ജൂണില്‍ 604 പോയിന്റിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്. മേയിലിത് 60.2 പോയിന്റായിരുന്നു. തുടര്‍ച്ചയായി മുപ്പത്തിയഞ്ചാമത്തെ മാസമാണ് സര്‍വീസ് മേഖല വളര്‍ച്ച കാണിക്കുന്നത്.
ജൂലൈ 4: യുകെ പൊതു തെരഞ്ഞെടുപ്പാണ് മുഖ്യസംഭവം.
യുഎസ് സ്വാതന്ത്ര്യ ദിനാഘോഷം പ്രമാണിച്ച് വിപണികള്‍ക്ക് അവധിയാണ്.
ജൂലൈ 5: ജൂണ്‍ 28-ന് അവസാനിച്ച വാരത്തിലെ വിദേശനാണ്യ ഖേരക്കണക്കുകള്‍ എത്തും. ഇന്ത്യന്‍ ബോണ്ടുകള്‍ ജെപി മോര്‍ഗന്‍ ഇഎം ഇന്‍ഡെക്‌സ് ആഗോള സൂചികയില്‍ ഉള്‍പ്പെടുത്തിയശേഷം ആദ്യമെത്തുന്ന കണക്കുകളാണ്. ജൂണ്‍ 21-ന് അവസാനിച്ച വാരത്തില്‍ വിദേശനാണ്യശേഖരം 65370 കോടി ഡോളറാണ്. തലേവാരത്തിലിത് 65582 കോടി ഡോളറായിരുന്നു.
ഈയാഴ്ചത്തെ ഐപിഒകള്‍
പ്രാഥമിക വിപണി ആവേശത്തില്‍ത്തന്നെയാണ്. ഈ വാരത്തില്‍ 2700 കോടി രൂപയുടെ ഇഷ്യുമായി മൂന്നു കമ്പനികളാണ് എത്തുന്നത്.
എംക്യുവര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ കന്നി പബ്‌ളിക് ഇഷു ജൂലൈ മൂന്നിന് എത്തി അഞ്ചിന് അവസാനിക്കും. പ്രൈസ് ബാന്‍ഡ് 960-1008 രൂപ. കമ്പനി 800 കോടി രൂപയുടെ പുതിയ ഓഹരികളും 1.14 കോടി ഓഫര്‍ ഓഫ് സെയിലുമാണ് നടത്തുന്നത്. മൊത്തം 1952.03 കോടി രൂപ സമാഹരിക്കും.വിവിധ ചകിത്സയ്ക്കാവശ്യമായ മരുന്നുകളുടെ ഗവേഷണം, വികസനം, ഉത്പാദനം, വിപണനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗവേഷണാധിഷ്ഠിതമായ കമ്പനിയാണ് എംക്യുവര്‍ ഫാര്‍മ. സതീഷ് മേത്തയും ബിസി ഇന്‍വെസ്റ്റ്‌മെന്റ്‌സുമാണ് മുഖ്യ നിക്ഷേപകര്‍.
ബെന്‍സാല്‍ വയര്‍ 745 കോടി രൂപയാണ് ഇഷ്യുവഴി സ്വരൂപിക്കുന്നത്. പ്രൈസ് ബാന്‍ഡ് 243-256 രൂപ. രാജ്യത്തെ ഏറ്റവും വലിയ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വയര്‍ ഉത്പാദകരും രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റീല്‍ വയര്‍ ഉത്പാദകരുമാണ് കമ്പനി.
എസ് എംഇ മേഖളയില്‍നിന്നുള്ള അംബേ ലബോറട്ടറിസാ 46.68 കോടി രൂപയുടെ ഇഷ്യുമായി ആണ് എത്തുന്നത്. പ്രൈസ് ബാന്‍ഡ് 65-68 രൂപ. ഇഷ്യു തീയതി ജൂലൈ 3-5. കമ്പനി 2,4 ഡി ബേസ് കെമിക്കല്‍സ് ഉത്പാദിപ്പിക്കുന്നു.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.