നാലു ദിവസം മാത്രം വ്യാപാരമുണ്ടായിരുന്ന ശാന്തമായ ആഴ്ചയ്ക്കുശേഷം അല്‍പ്പംകൂടി സംഭവബഹുലമായ വാരത്തിലേക്കു ഇന്ത്യന്‍ ഓഹരി വിപണി കടക്കുകയാണ്. പതിനെട്ടാം ലോക്‌സഭയുടെ പ്രത്യേക സമ്മേളനം ആഴ്ചയുടെ ആദ്യദിനമായ ജൂണ്‍ 24-ന് ആരംഭിക്കുകയാണ്. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ആദ്യ രണ്ടു ദിനങ്ങളില്‍. ജൂണ്‍ 26-നാണ് ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ഇതിലേക്കാണ് എല്ലാക്കണ്ണുകളും. ഭരണകക്ഷിയായ എന്‍ഡിഎയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പിനെച്ചൊല്ലി അഭിപ്രായ വ്യത്യാസം ഉയരുന്നുണ്ടോയെന്നാണ് വിപണി ഉറ്റു നോക്കുന്നത്. ജൂണ്‍ 27-ന് രാഷ്്ട്രപതി ദ്രൗപതി മുര്‍മു ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ സംബോധന ചെയ്യും. നരേന്ദ്ര മോദിയുടെ മൂന്നാം പതിപ്പ് സര്‍ക്കാരിന്റെ അടുത്ത അഞ്ചുവര്‍ഷത്തെക്കുറിച്ചുള്ള പ്രവര്‍ത്തനപരിപാടിയുടെ ചിത്രം രാഷ്്ട്രപതിയുടെ പ്രസംഗത്തിലുണ്ടാകും. ഇതു വിപണി ശ്രദ്ധിക്കും.ജൂലൈ മൂന്നുവരെയാണ് സമ്മേളനം.
കാര്യങ്ങള്‍ ശാന്തമായി നീങ്ങിയാല്‍ വിപണി റേഞ്ച് ബൗണ്ടായി നീങ്ങുവാനാണ് സാധ്യത. വിപണിയുടെ ദിശ നിശ്ചയിക്കുക നടപ്പുവര്‍ഷത്തേയ്ക്കുള്ള സമ്പൂര്‍ണ ബജറ്റായിരിക്കും. ജൂലൈ 22ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലായിരിക്കും ബജറ്റ് അവതരിപ്പിക്കുക.
ക്ലോസിംഗ് റിക്കാര്‍ഡില്‍
ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച് മാര്‍ക്കായ നിഫ്റ്റി 50 ഇക്കഴിഞ്ഞ വാരത്തില്‍ റിക്കാര്‍ഡ് ക്ലോസിംഗിലെത്തി. മാത്രമല്ല, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റില്‍ എത്തുകയും ചെയ്തു. നിഫ്റ്റിയുടെ വാരാന്ത ക്ലോസിംഗ് 23501.10 പോയിന്റിലാണ്. ഇത് ജൂണ്‍ 20-ലെ റിക്കാര്‍ഡ് ക്ലോസിംഗായ 23567 പോയിന്റിനേക്കാള്‍ 65.97കുറവാണെങ്കിലും തലേ വാരത്തിലെ ക്ലോസിംഗിനേക്കാള്‍ 35.5 പോയിന്റിന്റെ കൂടുതലാണ്. നിഫ്റ്റിയുടെ ഏറ്റവും ഉയര്‍ന്ന പോയിന്റ് ജൂണ്‍ 21-ന് രേഖപ്പെടുത്തിയ 23667.1 പോയിന്റാണ്.
മറ്റൊരു ബഞ്ചുമാര്‍ക്കായ സെന്‍സെക്‌സിന്റെ ഈ വാരത്തിലെ ക്ലോസിംഗ് 772099 പോയിന്റാണ്. സെന്‍സെക്‌സ് ജൂണ്‍ 19-ന് കുറിച്ച 77851.63 പോയിന്റാണ് അതിന്റെ ചരിത്രത്തിലെ ഉയര്‍ന്ന പോയിന്റ്. എഫ് ആന്‍ഡ് ഒ പ്രതിമാസ സെറ്റില്‍മെന്റ് ജൂണ്‍27-ന് ആണ്. അതുകൊണ്ടുതന്നെ ഈ ആഴ്ചയില്‍ വിപണിയില്‍ വലിയ നീക്കമൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
വിദേശനിക്ഷേപകസ്ഥാപനങ്ങള്‍
വിപണിയിലെ അനിശ്ചിതത്വത്തിനു കാരണമായിരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പു പൂര്‍ത്തിയായി മന്ത്രിസഭ രൂപീകരിച്ചതോടെ മാസങ്ങളായി വില്‍പ്പനക്കാരായിരുന്ന വിദേശനിക്ഷേപകസ്ഥാപനങ്ങളിലെ വില്‍പ്പനത്തോത് ഗണ്യമായി കുറഞ്ഞു. ജൂണ്‍ 21 വരെയുള്ള അവരുടെ നെറ്റ് വില്‍പ്പന 2584.71 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മിക്ക ദിവസവും അവര്‍ നെറ്റ് വാങ്ങലുകാരായിരുന്നു. 2024 ജനുവരി മുതല്‍ മേയ് വരെ അവരുടെ നെറ്റ് വില്‍പ്പന 126534 കോടി രൂപയുടെ ഓഹരികളാണ്. അതേസമയം ഇന്ത്യന്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ ഈ മാസങ്ങളിലെല്ലാംതന്നെ നെറ്റ് വാങ്ങലുകാരായിരുന്നു. അവര്‍ ജൂണില്‍ മാത്രം 21447കോടി രൂപയുടെ നെറ്റ് വാങ്ങലുകള്‍ നടത്തിയിട്ടുണ്ട്.
നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ കാര്യത്തിലും ഇന്ത്യ പിന്നോക്കം പോയിരിക്കുകയാണ്. യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓഫ് ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് ജൂണ്‍ 20-ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 2023-ല്‍ ഇന്ത്യയുടെ സ്ഥാനം 15 ആണ്. തേലവര്‍ഷമിത് എട്ടായിരുന്നു. 2023-ല്‍ ഇന്ത്യയിലെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം 2800 കോടി ഡോളറാണ്. ഇത് തലേവര്‍ഷമെത്തിയ 4800 കോടി ഡോളറിനേക്കാള്‍ 43 ശതമാനം കുറവാണ്. യുഎസ് ആണ് ഇക്കാര്യത്തിലും മുന്നില്‍ 31100 കോടി ഡോളറാണ് അവിടേയ്്ക്ക നേരിട്ടുള്ള വിദേശനിക്ഷേപമായി എത്തിയത്.
സാമ്പത്തിക വാര്‍ത്തകള്‍
ഇന്ത്യന്‍ സമ്പദ്ഘടന ജൂണ്‍ ക്വാര്‍ട്ടറിലും ആവേശത്തിലാണ്. ജൂണിലെ എച്ച് എസ് ബിസി ഫ്‌ളാഷ് കോമ്പോസിറ്റ് പിഎംഐ സൂചിക ജൂണില്‍ 60.9 പോയിന്റായി. ഉയര്‍ന്നു. മേയിലിത് 60.5 ആയിരുന്നു. സ്വകാര്യമേഖല സജീവമായതിന്റെ ലക്ഷണമായാണ് പിഎംഐ സൂചിക മെച്ചപ്പെട്ടത് സൂചിപ്പിക്കുന്നതെന്നാണ് എച്ച എസ് ബിസി ഗ്ലോബല്‍ ഇക്കണോമിസ്റ്റ് മൈത്രേയി ദാസ് പറഞ്ഞത്.
വരും ആഴ്ചകളില്‍ നിരവധി സാമ്പത്തിക കണക്കുകള്‍ എത്താനുണ്ട്.
ഓഹരി വിപണിക്ക് ഊര്‍ജം പകര്‍ന്നുകൊണ്ട് നിരവധി ഇഷ്യുകളാണ് ഈ വരത്തിലുമെത്തുന്നത്.
വരുംദിവസങ്ങളില്‍ മഴക്കമ്മി കുറയുമോ?
മണ്‍സൂണ്‍: കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ട ജൂണില്‍ മണ്‍സൂണ്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ താഴെയായിരിക്കുമെന്നു കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു. ജൂണ്‍ 21 വരെ ലഭിച്ച മഴ82.2 മില്ലിമീറ്ററാണ്. സാധാരണ ലഭിക്കുന്ന 99.2 മില്ലിമീറ്റര്‍ മഴയേക്കാള്‍ 17 ശതമാനം കുറവാണിത്.
ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ നാലാം ക്വാര്‍ട്ടറില്‍ കാരിഷികമേഖലയുടെ വളര്‍ച്ച 0.6 ശതമാനമാണ്. മുന്‍വര്‍ഷമിതേ കാലയളവിലിത് 7.6 ശതമാനമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്കു മികച്ച വളര്‍ച്ച വേണമെങ്കില്‍ കാര്‍ഷികമേഖലയുടെ പ്രകടനം മെച്ചപ്പെടേണ്ടിയിരിക്കുന്നു. കാര്‍ഷിക വളര്‍ച്ചയില്‍ പടിഞ്ഞാറന്‍ മണ്‍സൂണിനു മുഖ്യ സ്ഥാനമാണുള്ളത്. രാജ്യത്തു ലഭിക്കുന്ന വെള്ളത്തിന്റെ 70 ശതമാനവും ലഭിക്കുന്നത് ഈ നാലുമാസക്കാലത്താണ്. ഖാരിഫ് വിളയിറക്കുന്നതിന് ഈ മണ്‍സൂണ്‍ ഏറ്റവും ആവശ്യമാണ്. മാത്രമല്ല, റാബി സീസണ്‍ കൃഷിക്കാവശ്യമായ ഈര്‍പ്പം കൃഷിഭൂമിയിലുണ്ടാകേണ്ടതിനും നല്ല മണ്‍സൂണ്‍ അത്യാവശ്യമാണ്.
ജൂണ്‍ 12 മുതല്‍ മണ്‍സൂണ്‍ ചെറിയതോതിലാണ് പുരോഗമിക്കുന്നത്. വരുംദിവസങ്ങളില്‍ മണ്‍സൂണിന് ശക്തികൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴക്കുറവ് ഖാരിഫ് വിളയറക്കല്‍ മന്ദഗതിയിലാക്കിയിട്ടുണ്ട്. രാജ്യത്തെ 44 ശതമാനം ഭക്ഷ്യോത്പാദനവു മൊത്തം കൃഷിയുടെ 56 ശതമാനവും മണ്‍സൂണിനെ ആശ്രയിച്ചാണിരിക്കുന്നത്. ഇന്ത്യന്‍ ജിഡിപിയില്‍ കൃഷിയുടെ സംഭാവന 14 ശതമാനമേയുള്ളുവെങ്കിലും ഇതിനെ ആശ്രയിച്ചു ജീവിക്കുന്നയാളുകളുടെ എണ്ണം ജനസംഖ്യയുടെ 44 ശതമാനത്തോളം വരും. അതുകൊണ്ടുതന്നെ കാര്‍ഷികമേഖലയുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്.
ജൂലൈ- ഓഗസ്റ്റ് മാസത്തോടെ മാത്രമേ കാര്‍ഷികവിളയിറക്കലിന്റേയും ജലശേഖരത്തിന്റേയും മണ്‍സൂണിന്റേയും വ്യക്തമായ ചിത്രം ലഭിക്കുകയുള്ളു. സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുന്നത് ഉയര്‍ന്ന കാര്‍ഷിക ഉല്‍പ്പാദനത്തിന് വഴി തെളിക്കുകയും ഭക്ഷ്യവിലക്കയറ്റ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. ഇപ്പോഴുള്ള അരികയറ്റുമതി നിയന്ത്രണത്തിലും അയവു വരും. ഉയര്‍ന്ന കാര്‍ഷികോത്പാദനം കാര്‍ഷികമേഖലയിലെ വരുമാനം വര്‍ധിപ്പിക്കും. ഗൃഹോപകരണങ്ങ, ട്രാക്ടറുകള്‍, അഗ്രി-ഇന്‍പുട്ടുകള്‍ (വളം, കീടനാശിനികള്‍, ജലസേചന ഉപകരണങ്ങള്‍), എഫ്എംസിജി ഉത്പന്നങ്ങള്‍ തുടങ്ങിനിരവധി മേഖലകള്‍ക്ക് ഗുണകരമാകുകയും ചെയ്യും. എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓട്ടോമൊബൈല്‍സ് തുടങ്ങിയ മേഖലകളില്‍ ഗ്രാമീണ മേഖലയില്‍നിന്നുള്ള ചെലവഴിക്കല്‍ കൂടും.
ചുരുക്കത്തില്‍ മികച്ച മണ്‍സൂണ്‍ ഓഹരി വിപണിക്ക് ഊര്‍ജം നല്‍കുന്ന ഘടകങ്ങളിലൊന്നാണ്.
ഈ വാരത്തിലെ പ്രധാന സംഭവങ്ങള്‍
ജൂണ്‍ 25: ഇരുപതു നഗരങ്ങളെ അടിസ്ഥാനമാക്കിയുള്ള എസ് ആന്‍ഡ് പി കോര്‍ലോജിക് കേസ്ഷില്ലര്‍ ഹോം പ്രൈസ് ഇന്‍ഡെക്‌സ് ജൂണ്‍ 25-ന് പുറത്തുവിടും.
ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് അംഗം ലിസ ഡി. കുക്ക് സാമ്പത്തികവളര്‍ച്ചാ കാഴ്ചപ്പാടിനെക്കുറിച്ച് പ്രഭാഷണം നടത്തും. ഭാവി പലിശനിരക്ക് ഉള്‍പ്പെടെയുള്ള നിരിവധി സാമ്പത്തിക സൂചകങ്ങളെക്കുറിച്ച് സൂചന ലഭിക്കും.
ജൂണ്‍ 26: ജൂണ്‍ 14-ന് അവസാനിച്ച ദ്വൈവാരത്തിലെ മണിലഭ്യത കണക്കുകള്‍ റിസര്‍വ് ബാങ്ക് ഇന്നു പുറത്തുവിടും. കഴിഞ്ഞ ദ്വൈവാരത്തില്‍ പണ സപ്‌ളൈ 10.9 ശതമാനം വര്‍ധന കാണിച്ചിരുന്നു.
ജൂണ്‍ 27: യൂറോ മേഖലയിലെ സാമ്പത്തിക വളര്‍ച്ചാ സെന്റിമെന്റ് ഇന്‍ഡിക്കേറ്റര്‍ പ്രസീദ്ധീകരിക്കും. ജൂണില്‍ ഡിമാണ്ട് മെച്ചപ്പെട്ടതായിട്ടാണ് വിലയിരുത്തുന്നത്.
ബാങ്ക് സ്്ട്രെസ് ടെസ്റ്റ് റിപ്പോര്‍ട്ട് യുഎസ് കേന്ദ്ര ബാങ്ക് ജൂണ്‍ 27-ന് പുറത്തുവിടും. പുതുക്കിയ ജോബ് ലെസ് ക്ലെയിം ഡേറ്റ പുറത്തുവിടും.
ജൂണ്‍ 28: 2024 മേയ് വരെയുള്ള ചെലവഴിക്കല്‍, വരുമാനം, ബജറ്റ് കമ്മി തുടങ്ങിയവ സംബന്ധിച്ച കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടും. ഇതോടൊപ്പം റിസര്‍വ് ബാങഅക് മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറിലെ കറന്റ് ്അക്കൗണ്ട് കമ്മി കണക്കുകളും പുറത്തുവിടും.
മേയിലെ യുഎസ് കോര്‍ പ്രൈസ് സൂചിക ജൂ്ണ്‍ 28-ന് പ്രസിദ്ധീകരിക്കും. 2024-ല്‍ ഇതുവരെ വളരെ മന്ദഗതിയിലായിരുന്നു കോര്‍ പിസിഇ പ്രൈസ് സൂചികയുടെ വളര്‍ച്ച.
ഈയാഴ്ചത്തെ ഐപിഒകള്‍
ഓഫീസേഴ്‌സ് ചോയിസ് വിസ്‌കി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദേശനിര്‍മിത മദ്യം ഉത്പാദിപ്പിക്കുന്ന അലെയ്ഡ് ബ്ലെന്‍ഡേഴ്‌സ് ആന്‍ഡ് ഡിസ്റ്റിലറീസ് ഇഷ്യു ഇന്ന് ആരംഭിക്കും. പ്രൈസ് ബാന്‍ഡ് 267-281 രൂപ. കമ്പനി 1500 കോടി രൂപയാണ് സ്വരൂപിക്കുന്നത്.
ഛത്തീസ്ഗഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്രാജ് അയണ്‍ ആന്‍ഡ് സ്റ്റീലിന്റെ കന്നി പബ്‌ളിക് ഇഷ്യു ജൂണ്‍ 26-ന് എത്തും. ഇഷ്യു 28-ന് അവസാനിക്കും. കമ്പനി 171 കോടി രൂപയാണ് സ്വരൂപിക്കുന്നത്. പ്രൈസ് ബാന്‍ഡ് 195-207 രൂപ. സ്‌പോഞ്ച് അയണ്‍, എംഎസ് ബില്ലെറ്റ്, ടിഎംടി ബാര്‍ തുടങ്ങിയ നിര്‍മിക്കുന്ന കമ്പനിക്ക റായ്പൂരിലും ബിലാസ്പൂരിലും പ്ലാന്റുകളുണ്ട്.
ഇഷ്യു നടത്തിയ ഡീ പൈപ്പിംഗ് സിസ്റ്റംസ്, അക്‌മെ ഫിന്‍ട്രേഡ് എന്നിവ ജൂണ്‍ 26-ന് ലിസ്റ്റ് ചെയ്യും. ഇവയുടെ പ്രൈസ് ബാന്‍ഡ് യഥാക്രമം 193-203 രൂപ, 114-120 രൂപ വീതമായിരുന്നു.
സ്റ്റാന്‍ലി ലൈഫ്‌സ്റ്റൈല്‍സ് ജൂണ്‍ 28-ന് ലിസ്റ്റ് ചെയ്യും. പ്രൈസ് ബാന്‍ഡ് 351-369 ആയിരുന്നു.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.