പേടിഎമ്മിലെ മുഴുവന്‍ ഓഹരിയും വിറ്റഴിച്ച് ബഫറ്റ്
2021-ല്‍ പേടിഎമ്മിന്റെ ഐപിഒ നടന്ന സമയത്ത് ബെര്‍ക്ക്‌ഷെയര്‍ 220 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു
പേടിഎമ്മിന്റെ മാതൃക്കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിലെ മുഴുവന്‍ ഓഹരികളും വാരന്‍ ബഫറ്റിന്റെ ഉടമസ്ഥതയിലുള്ള ബെര്‍ക്ക്‌ഷെയര്‍ ഹാത്ത്‌വേ വിറ്റു.
ഒരു ഓഹരിക്ക് ശരാശരി 877.2 രൂപ എന്ന നിരക്കിലാണ് ഇടപാട് നടന്നത്. ഏകദേശം 1,371 കോടി രൂപ ബെര്‍ക്ക്‌ഷെയറിന് ലഭിച്ചു. 2018-ല്‍ 2,200 കോടി രൂപയ്ക്കാണ് പേടിഎം ഓഹരികള്‍ ബെര്‍ക്ക്‌ഷെയര്‍ സ്വന്തമാക്കിയത്. ഈ ഇടപാടില്‍ ബെര്‍ക്ക്‌ഷെയറിന് നേരിട്ട നഷ്ടം 630 കോടി രൂപയാണ്.
2021-ല്‍ പേടിഎമ്മിന്റെ ഐപിഒ നടന്ന സമയത്ത് ബെര്‍ക്ക്‌ഷെയര്‍ 220 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു.
ഇപ്പോള്‍ ഗിസല്ലോ മാസ്റ്റര്‍ ഫണ്ടും കോപ്താല്‍ മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റുമാണ് ബെര്‍ക്ക്‌ഷെയറില്‍നിന്നും ഓഹരികള്‍ വാങ്ങിയത്. അവര്‍ യഥാക്രമം 42,75,000-ഉം, 75,75,529-ഉം ഓഹരികള്‍ സ്വന്തമാക്കി.
ബിഎച്ച് ഇന്റര്‍നാഷണല്‍ വഴി പേടിഎമ്മിന്റെ 1,56,23,529 ഓഹരികളാണു ബെര്‍ക്ക്‌ഷെയര്‍ കൈവശം വച്ചിരുന്നത്. ഇത് കമ്പനിയുടെ 2.46 ശതമാനം ഓഹരിയോളം വരും.
വെള്ളിയാഴ്ച എന്‍എസ്ഇയില്‍ വ്യാപാരം അവസാനിച്ചപ്പോള്‍ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരി വില 3.08 ശതമാനം ഇടിഞ്ഞ് 895 രൂപയിലാണ് ക്ലോസ് ചെയ്തത്.