യുദ്ധവും ക്രൂഡും എങ്ങോട്ട്?, നിരക്ക് ആശങ്കകള്‍, പാദഫലങ്ങള്‍; വിപണികളുടെ വരുന്ന വാരത്തെ സ്വാധീനിക്കുക ഇവ

  • റിലയൻസ് ഇൻഡസ്ട്രീസ് ഒക്ടോബർ 27-ന് വരുമാന പ്രഖ്യാപനം നടത്തും
  • ബാങ്കിംഗ് ഓഹരികളുടെ പ്രകടനം തിങ്കളാഴ്ച ശ്രദ്ധ നേടും

Update: 2023-10-22 07:22 GMT

മധ്യേഷ്യയിലെ യുദ്ധം, ക്രൂഡ് വിലയിലെ വർദ്ധനവ്, യുഎസിലെ ബോണ്ട് യീൽഡുകളുടെ വർദ്ധനവ് എന്നിങ്ങനെ ഒന്നിലധികം ആഗോള തിരിച്ചടികള്‍ നേരിട്ട വാരത്തില്‍ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ കനത്ത നഷ്ടം രേഖപ്പെടുത്തി. പലിശ നിരക്ക് ഇനിയും ഉയര്‍ത്താനുള്ള സാധ്യതയെ തള്ളിക്കളായാതിരുന്ന യുഎസ് ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന്‍റെ പ്രസ്താവനയും നിക്ഷേപക വികാരത്തെ തളര്‍ത്തി. 

നിഫ്റ്റി 208 പോയിന്റ് താഴ്ന്ന് 19,542ലും ബിഎസ്ഇ സെൻസെക്‌സ് 885 പോയിന്റ് താഴ്ന്ന് 65,397ലുമാണ് കഴിഞ്ഞ വാരത്തിലെ വ്യാപാരം ക്ലോസ് ചെയ്തത്. വിശാലമായ സൂചികകളിൽ ബിഎസ്ഇ സ്മോൾക്യാപ് സൂചിക ഒരു ഫ്ലാറ്റ് നോട്ടിൽ അവസാനിച്ചു, ബിഎസ്ഇ മിഡ്ക്യാപ്, ലാർജ്ക്യാപ് സൂചികകൾ 1 ശതമാനം വീതം ഇടിഞ്ഞു.

തുടരുന്ന ആശങ്കകള്‍

കോര്‍പ്പറേറ്റ് വരുമാന പ്രഖ്യാപനങ്ങള്‍ വരുന്ന വാരത്തിലും വിപണിയുടെ ചലനങ്ങളില്‍ സ്വാധീനം ചെലുത്തും. എന്നാല്‍ കൂടുതല്‍ വിശാലവും നീണ്ടുനിക്കുന്നതുമായ പ്രത്യാഘാതങ്ങള്‍ മുകളില്‍ സൂചിപ്പിച്ച ഘടകങ്ങളില്‍ നിന്നാകുമെന്നാണ് വിശകലന വിദഗ്ധര്‍ വിലയിരുത്തുന്നത്. ഫെഡ് റിസര്‍വ് ധനനയം കര്‍ശനമായി നിലനിര്‍ത്തുന്നത് തുടരുമെന്ന വിലയിരുത്തലില്‍ 10 വര്‍ഷ യുഎസ് ബോണ്ടുകളിലെ ആദായം 5 ശതമാനത്തിലെത്തി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, മിഡിൽ ഈസ്റ്റിലെ പിരിമുറുക്കം തുടരുകയാണെങ്കിൽ ക്രൂഡ് വില ഉയരുമെന്നതാണ് ഏറ്റവും വലിയ ആശങ്ക.

"ആഗോള-ആഭ്യന്തര ഡിമാൻഡ് മിതമായിരിക്കുന്ന സാഹചര്യത്തില്‍ ബ്ലൂ-ചിപ്പ് കമ്പനികളുടെ വ്യത്യസ്ത തരത്തിലുള്ള ഫലങ്ങൾ, സമീപകാലത്ത് വിപണിയെ കണ്‍സോളിഡേഷന്‍റെ പാതയിലേക്ക് നയിക്കുന്നു," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.

വരുമാന പ്രഖ്യാപനങ്ങള്‍

വരുമാന പ്രഖ്യാപനങ്ങളുടെ മൂന്നാം വാരത്തിലേക്ക് കടക്കുകയാണ് ദലാല്‍ തെരുവ്. ഏകദേശം 250 കമ്പനികൾ അവരുടെ ജൂലൈ-  സെപ്‍റ്റംബര്‍ പാദത്തിലെ കണക്കുകൾ ഈ വാരത്തില്‍ റിപ്പോർട്ട് ചെയ്യും. ഐടി മേഖലയില്‍ വെല്ലുവിളികള്‍ നിലനില്‍ക്കുകയാണെന്നാണ് പാദഫലങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം ബാങ്കിംഗ് കമ്പനികള്‍ , ആസ്തി നിലവാരം മെച്ചപ്പെടുത്തുന്നതും ശക്തമായ ലാഭ വളർച്ചയ്ക്കും തുടരുകയാണെന്നും നിരീക്ഷിക്കാം. എഫ്എംസിജി വമ്പന്‍മാരുടെ കണക്കുകളും അനലിസ്റ്റുകളുടെ പ്രതീക്ഷകള്‍ക്ക് താഴെയായിരുന്നത് നിക്ഷേപകരെ നിരാശരാക്കി. 

വാരാന്ത്യത്തില്‍ പ്രഖ്യാപിക്കപ്പെട്ട പാദഫലങ്ങളോടുള്ള പ്രതികരണം തിങ്കളാഴ്ച തുടക്കത്തില്‍ തന്നെ വിപണികളില്‍ കാണാം. ബാങ്കിംഗ് ഓഹരികളിലാണ് ഇത് പ്രധാനമായും കാണാനാകുക. 

വിപണിയിലെ ഏറ്റവും മുഖ്യമായ റിലയൻസ് ഇൻഡസ്ട്രീസ് ഒക്ടോബർ 27-ന് വരുമാന പ്രഖ്യാപനം നടത്തും. കൂടാതെ മറ്റ് നിഫ്റ്റി 50 കമ്പനികളായ ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്‌സ്, മാരുതി സുസുക്കി, ബജാജ് ഫിൻസെർവ്, എസ്‌ബിഐ ലൈഫ്, സിപ്ല, ഡോ റെഡ്ഡീസ്, എൻടിപിസി എന്നിവയുടെ പാദഫലങ്ങളും ഈയാഴ്ച വരുന്നുണ്ട്. 

ആഗോള തലത്തില്‍ ശ്രദ്ധിക്കേണ്ടത്

ഒക്‌ടോബർ 26-ന് ഫെഡ് ചെയർമാൻ ജെറോം പവ്വല്‍‍ നടത്തുന്ന പ്രസംഗത്തില്‍ നിരക്ക് വര്‍ധനയ്ക്കുള്ള സാധ്യതയില്‍ അദ്ദേഹം വീണ്ടും ഊന്നുകയാണെങ്കില്‍ അത് വിപണികളില്‍ വലിയ ചലനങ്ങള്‍ക്ക് ഇടയാക്കും. ജൂലെെ-സെപ്റ്റംബര്‍ കാലയളവിലെ യുഎസിന്‍റെ ജിഡിപി സംബന്ധിച്ച ആദ്യ നിഗമനവും അന്നു പുറത്തുവരും.

ഒക്ടോബർ 26ന് നടക്കുന്ന യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ ഗവേണിംഗ് കൗൺസിൽ യോഗത്തിലേക്കും നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിക്കും. അവരുടെ സെപ്തംബർ മീറ്റിംഗിൽ, പോളിസി നിരക്കുകൾ 25 ബേസിസ് പോയിന്‍റ് വര്‍ധിപ്പിച്ച് 4 ശതമാനമായി ഉയർത്തി.

ക്രൂഡ് ഓയിലിന്‍റെ പോക്ക്

കഴിഞ്ഞ വാരത്തില്‍ ബ്രെന്റ്, ഡബ്ല്യുടിഐ ക്രൂഡ് കരാറുകൾ 1 ശതമാനത്തിലധികം ഉയർന്നു. തുടർച്ചയായ രണ്ടാം വാരത്തിലാണ് ക്രൂഡ് വിപണികള്‍ നേട്ടം കൊയ്യുന്നത്. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം, സ്വമേധയാ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനം,  പെട്രോളിയം കരുതൽ ശേഖരം കുറയ്ക്കാനുള്ള യുഎസിന്റെ പദ്ധതി എന്നിവ കാരണമാണ് വില കുതിച്ചുയർന്നത്. ഒരു ഘട്ടത്തില്‍ ബ്രെന്‍റ് ക്രൂഡ് ബാരലിന് 93 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു. വരുന്ന വാരത്തിലും 87-92 ഡോളറിനിടയ്ക്ക് ക്രൂഡ് വില തുടരുമെന്നാണ് കണക്കാക്കുന്നത്. 

Tags:    

Similar News